ADVERTISEMENT

തീരെ ആൾപ്പാർപ്പുകുറഞ്ഞ ദരിദ്രഗ്രാമമാണ് നിങ്ങളുടേത് എന്നു കരുതൂ. ഒ‌രു ദിവസം ഗ്രാമപാതയിലൂടെ നടന്നുപോകുമ്പോൾ കുറെ രത്നങ്ങൾ വഴിയിൽക്കിടന്നു കിട്ടിയെന്നിരിക്കട്ടെ. തുടരന്വേഷണത്തിൽ അവിടുന്നും ഇവിടുന്നുമെല്ലാം പിന്നെയും രത്നങ്ങൾ കിട്ടുന്നു. നിങ്ങളും നിങ്ങളുടെ നാടും രക്ഷപ്പെട്ടു അല്ലേ. എന്നാൽ ഇങ്ങനെ ശരിക്കും ഒരിടത്തു സംഭവിച്ചു. എന്നിട്ട് എന്തുണ്ടായി....? 

കണ്ണുതള്ളി  ഇലക്കാക്ക

1998നു മുൻപ് വെറും 40 പേർ മാത്രമുണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു മഡഗാസ്കറിലെ ഇലക്കാക്ക. പത്തിൽ ഏഴുവീട്ടിലും ആവശ്യത്തിനു ഭക്ഷണം പോലുമില്ലാത്തവിധം ദാരിദ്ര്യം നിറഞ്ഞതാണ് മഡഗാസ്കറിന്റെ തെക്കൻ പ്രദേശങ്ങൾ. അപ്പോഴാണ് അടുത്തുള്ള നദീതീരത്തെല്ലാം ഇന്ദ്രനീലത്തിന്റെ ശേഖരം തായ്‌ലൻഡുകാരായ കച്ചവടക്കാർ കണ്ടെത്തിയത്. തീപോലെ വാർത്ത പരന്നു. ലോകത്തെങ്ങുനിന്നും രത്നവ്യാപാരികൾ ഇലക്കാക്കയിലേക്കെത്തി. ആദ്യമെത്തിയ വ്യാപാരികൾ ഇന്ദ്രനീലം വാങ്ങിക്കൂട്ടി. 1999 അവസാനമായപ്പോഴേക്ക് ഇലക്കാക്കയിലെ ജനങ്ങളുടെ എണ്ണം ലക്ഷം കടന്നു. രാജ്യാന്തര വിപണിയിൽ വലിയ ഡിമാൻഡുള്ള ഇന്ദ്രനീലത്തിന്റെ പലനിറത്തിലുള്ള ശേഖരമാണ് എന്നും ലഭിച്ചുകൊണ്ടിരുന്നത്.

തായ്‌ലൻഡുകാർക്കു പിന്നാലെ ഇന്ദ്രനീലത്തിന്റെ വ്യാപാരത്തിൽ ലോകത്തെ പ്രമുഖരായ ശ്രീലങ്കക്കാർ കൂടി എത്തിയതോടെ ദിവസം രണ്ടു ഡോളർ പോലും വരുമാനമില്ലാത്ത ആ നാട്ടിൽ ആഴ്ചതോറും 20 ലക്ഷം ഡോളറിന്റെ വരെ രത്നക്കച്ചവടമാണ് നടന്നത്. ഭാഗ്യമുണ്ടെങ്കിൽ ഒറ്റത്തവണ തൂമ്പ മണ്ണിൽത്താഴ്ത്തി ഉയർത്തി എടുക്കുമ്പോഴേക്ക് ലക്ഷാധിപതിയാവുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. ഒരൊറ്റക്കല്ലുപോലും ചിലപ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്നതായിരുന്നു. ഒടുവിൽ ലോകത്തെ ഇന്ദ്രനീലത്തിന്റെ പകുതിയോളം ലഭിക്കുന്ന സ്ഥലമായി ഇലക്കാക്ക മാറി. അധ്യാപകരും കൃഷിക്കാരുമെല്ലാം തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ച് മണ്ണു മാന്താൻ ഇറങ്ങി. 

പിന്നെയും കിട്ടി മാണിക്യം

തുടർപര്യവേഷണങ്ങളിൽ 2015 ആയപ്പോഴേക്ക് ഇലക്കാക്കയ്ക്കു സമീപത്തും അകലെയും പലസ്ഥലങ്ങളിൽ നിന്നും ഇന്ദ്രനീലം കൂടാതെ മരതകവും മാണിക്യവും ലഭിച്ചുതുടങ്ങി. 2016 ഒക്ടോബറിനുശേഷം മാത്രം ഇവ തേടി നിയമവിരുദ്ധമായി അരലക്ഷത്തിലേറെ ഭാഗ്യാന്വേഷികളാണ് ഇങ്ങോട്ടെത്തിയത്. ഇപ്പോൾ ലഭിക്കുന്ന ഇന്ദ്രനീലങ്ങളാവട്ടെ മുൻപു കിട്ടിയതിനേക്കാൾ നിലവാരമുള്ളവയുമാണ്. 

ദുരന്തമായ നിധിവേട്ട

എട്ട്, ഒൻപത് കോടി വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നു വിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്കെത്തിയ മഡഗാസ്കർ ദ്വീപ് അതിന്റെ ഒറ്റപ്പെടലിനാൽത്തന്നെ സവിശേഷമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ്. ഒരുകാലത്തും കൃത്യമായ നിയമവാഴ്ച ഉണ്ടായിട്ടില്ലാത്ത ഇവിടെ പുത്തൻ സമ്പത്തിന്റെ വരവും താഴെത്തട്ടിലെത്താതെ ഇടനിലക്കാരും മറ്റുരാജ്യക്കാരും കൊണ്ടുപോവുകയാണ്. നാടു മുഴുവൻ കിളച്ചുമറിച്ച് കുഴിച്ചുതൂർത്ത് രത്നങ്ങളും വൃക്ഷങ്ങളുമെല്ലാം അന്യായമായും നിയമവിരുദ്ധമായും കടത്തിത്തീർക്കുകയാണ്. രത്നങ്ങൾക്കു വലിയ വിലയായതിനാൽ സമീപത്തുള്ള ദേശീയോദ്യാനം സംരക്ഷിച്ചുനിർത്താൻ നിയമപാലകർ നന്നായി പാടുപെടുന്നു. 

വലിയനിധിയുടെ മുകളിൽ ഇരുന്ന നാട്ടുകാർ പഴയപടി ദരിദ്രരായി തുടരുന്നതു കൂടാതെ ഉണ്ടായിരുന്ന മനഃസമാധാനവും നഷ്ടപ്പെട്ട് ഇന്നും ജീവിക്കുന്നു. ഇനിയൊരിക്കൽ ഈ രത്നസമ്പത്തെല്ലാം തീരുമ്പോൾ, അതിനായി വന്നവർ നാടുവിടുമ്പോൾ ജീവിക്കാൻപോലും ഉതകാത്ത ഒരു ഭൂമണ്ഡലമാവും അവിടെ അവശേഷിക്കുക. ഇനി പറയൂ, നിങ്ങളുടെ നാട്ടിൽ ഒരു നിധി കണ്ടെത്തേണ്ടതുണ്ടോ?

കുഴിച്ച് കുഴിച്ച് കുഴഞ്ഞ്

കാലം പോകെ ലഭിക്കുന്ന രത്നത്തിന്റെ അളവും വലുപ്പവും കുറഞ്ഞുകുറഞ്ഞു വന്നു. എത്രദിവസം എവിടമെല്ലാം കുഴിച്ചാലും ഒറ്റക്കല്ലുപോലും കിട്ടാതായി. നാടു മുഴുവൻ ആൾക്കാരെക്കാൾ കുഴികളായി. കുഴികളിലേക്ക് ഇറങ്ങിപ്പോകുന്നവർ മണിക്കൂറുകളോളം അപകടകരമായ രീതിയിൽ പണിയെടുക്കേണ്ടി വന്നു. ഈ മണ്ണ് അടുത്തുള്ള നദീതീരത്തെത്തിച്ചു കഴുകി അതിൽ ഇന്ദ്രനീലം ഉണ്ടോ എന്നു പരിശോധിക്കുന്നു. വിദ്യാലയങ്ങളിൽ പോകാതെ കുട്ടികൾ നദികളിലെ മണൽത്തിട്ടയിൽ ചെറിയ ഇന്ദ്രനീലങ്ങൾ അന്വേഷിച്ചു നടന്നു. അതിനിടയിൽ സർക്കാരുകളുടെ അസ്ഥിരതയും അഴിമതിയും കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവന്നു. വലിയ വിലയുള്ള ഇന്ദ്രനീലക്കല്ലുകൾ കൊണ്ടു വിദേശവ്യാപാരികൾ നേട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ അതു കുഴിച്ചെടുക്കുന്ന ആൾക്കാരുടെ ജീവിതം ദുരിതമായിത്തന്നെ തുടർന്നു. 

English summary: Gem mining of Mmadagascar Ilakaka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com