ക്രിപ്റ്റോ നാണയം ഡോഗ്കോയിനിലെ ‘ഡോഗ്’ ശരിക്കും ആരാണ്?

HIGHLIGHTS
  • ഡോഗ്കോയിന്റെ ലോഗോ ഒരു നായയുടെ മുഖചിത്രമാണ്
  • ഈ നായ ഒരു സാങ്കൽപിക കഥാപാത്രമല്ല
the-real-dog-behind-the-dogecoin-doge-meme
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ക്രിപ്റ്റോകറൻസികൾ വളരെയേറെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. സതോഷി നകമോട്ടോ എന്ന അജ്ഞാത ജപ്പാൻകാരൻ ഒരുക്കിയ ബിറ്റ്കോയിനിലൂടെയാണു ക്രിപ്റ്റോകറൻസി യുഗം തുടങ്ങിയത്. എന്നാൽ ഇന്ന് ആയിരക്കണക്കിനു ക്രിപ്റ്റോകറൻസികൾ ലോകത്തുണ്ട്.

ക്രിപ്റ്റോകറൻസികളെ മൊത്തത്തിൽ കളിയാക്കിക്കൊണ്ട് ഒരു തമാശ പരിപാടിയായി രംഗത്തു വന്ന ക്രിപ്റ്റോ നാണയമാണ് ഡോഗ്കോയിൻ. കാര്യം ഡോഗ്കോയിൻ എന്നു വിളിക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാർഥ ഉച്ചാരണം ഡോഷ്കോയിൻ എന്നാണ്. എങ്കിലും കൂടുതൽ പേരും ഡോഗ്കോയിൻ എന്നു വിളിക്കുന്നു. 2013ൽ ബില്ലി മാർക്കസ്, ജാക്സൻ പാർമർ എന്നിവരാണ് ഈ ക്രിപ്റ്റോ നാണയം പുറത്തിറക്കിയത്. തമാശയ്ക്കെങ്കിലും തുടർന്ന് ശതകോടീശ്വരൻ ഇലോൺ മസ്കും മറ്റു സെലിബ്രിറ്റികളുമൊക്കെ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി.

ഡോഗ്കോയിന്റെ ലോഗോ ഒരു നായയുടെ മുഖചിത്രമാണ്. മുഖമൽപം ചരിച്ച് കുസൃതിക്കണ്ണുകളുമായി നോക്കിയിരിക്കുന്ന ഒരു സുന്ദരി നായക്കുട്ടി. ഡോഗ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതു പിന്നീട് നാണയത്തിന്റെ മുഖമുദ്രയായി മാറി. ഈ നായ ഒരു സാങ്കൽപിക കഥാപാത്രമല്ല, മറിച്ച് ശരിക്കും ഉള്ളതാണ്. 

നാണയം ഇറങ്ങുന്നതിനും മുന്നേ തന്നെ ഡോഗ് പ്രശസ്തമായിരുന്നു. ട്രോളുകളുടെ രൂപത്തിലാണ് ഇതു ഹിറ്റായത്. ഒരു നായക്കുട്ടിയെ അടിസ്ഥാനപ്പെടുത്തി, അതു പറയുന്നതായുള്ള ഡയലോഗുകൾ ഒക്കെ എഴുതിച്ചേർത്താണു ആ ട്രോളുകൾ ഇറങ്ങിയത്. യുഎസിൽ വളരെ പ്രചാരം നേടി ഈ ട്രോളുകൾ. തിരഞ്ഞെടുപ്പി‍ൽ പ്രതിയോഗിയെ ആക്ഷേപഹാസ്യപരമായി കളിയാക്കാൻ ചില സ്ഥാനാർഥികൾ പോലും ഇവ ഉപയോഗിച്ചെന്നതു ഡോഗ് ട്രോളുകളുടെ ജനകീയത വെളിവാക്കുന്നു.

ഈ ഡോഗ് ശരിക്കും ആരാണ്? ജപ്പാനിലെ ഒരു നായയാണെന്നതാണു ഉത്തരം. ഷിബ്ന ഇനു എന്ന ബ്രീഡിൽ പെട്ട ഈ നായയുടെ പേര് കബോസു എന്നാണ്. ജപ്പാനിലെ ഒരു പ്രൈമറി സ്കൂൾ ടീച്ചറായ അറ്റ്സുകോ സാറ്റോ എന്ന വനിതയുടേതാണു കബോസോ. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. തന്റെ നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നതു കൊണ്ടാണു കബോസോയെന്നു പേരു നൽകിയത്. 2010 ഫെബ്രുവരിയിൽ തന്റെ അരുമനായക്കുട്ടിയെക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിനായി അറ്റ്സുകോ ഒരു ബ്ലോഗ് തുടങ്ങി.

കബോസോയുടെ ചിത്രങ്ങളും അറ്റ്സുകോയുടെ മറ്റ് അരുമമൃഗങ്ങളായ അസലിയ, ജിങ്‌കോ, ഒനിഗിർ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും തമാശസന്ദർഭങ്ങളുമൊക്കെ ബ്ലോഗിൽ ഉണ്ടായിരുന്നു.

ഈ ബ്ലോഗിലെ കബോസോയുടെ ചിത്രങ്ങൾ വൈറലായി. ചിത്രങ്ങൾക്കടിയിൽ ആരോ ഇട്ടുകൊടുത്തപേരാണു ഡോഗ്. ഈ ചിത്രങ്ങൾ പിന്നെ ട്രോളുകളായി മാറി. നമ്മുടെ നാട്ടിൽ ദശമൂലം ദാമു പോലുള്ള ചില സിനിമാ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ട്രോളിലൂടെ പ്രശസ്തമായതു പോലെ. എന്നാൽ നായയുടെ ഉടമയായ അറ്റ്സുകോ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഒരിക്കൽ കാര്യങ്ങൾ അറിഞ്ഞപ്പോൾ, തന്റെ വളർത്തുനായ ഇത്രയും വലിയ രാജ്യാന്തര പ്രശസ്തി നേടിയതറിഞ്ഞ് അവർ അദ്ഭുതപ്പെട്ടുപോയി. പിന്നീട് ഡോഗ്കോയിൻ വന്നപ്പോൾ കബോസോയുടെ ചിത്രങ്ങൾ ഇതിന്റെ നിർമാതാക്കളും തങ്ങളുടെ നാണയത്തിന്റെ ലോഗോയായി ഉപയോഗിച്ചു തുടങ്ങി.

ജപ്പാനിലെ പ്രശസ്തമായ വേട്ടപ്പട്ടിയിനമാണു ഷിബ ഇനു. അൽപം സീരിയസായ രീതിയുള്ള നായകൾ. എന്നാൽ കബോസോയ്ക്ക് ഈ രീതിയല്ല. അൽപം കുസൃതിക്കാരിയാണ് ഇവൾ. ഈ കുസൃതി തന്നെയാണു നായയെ പ്രശസ്തയാക്കിയതും. 2017 ഏപ്രിൽ ഒന്നിനു കബോസോ ചത്തുപോയെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ക്രിപ്റ്റോമേഖലയിൽ ഒരു ഇടിവുണ്ടാക്കാനായി ബോധപൂർവം ആരോ പ്രചരിപ്പിച്ച വ്യാജവാർത്തയായിരുന്നു ഇത്. ഇന്നും കബോസോ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചാം വയസ്സു പിന്നിട്ടിട്ടും മിടുമിടുക്കിയായി.

English summary: The real dog behind the Dogecoin

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA