ADVERTISEMENT

ഭരണകൂടവും സാധാരണജനങ്ങളും തമ്മിലുള്ള സംഘർഷം മിക്ക രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. എന്നാൽ നമ്മുടെ അയൽരാജ്യമായ ചൈന ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ നേരിട്ടത്, കാഠിന്യം നിറഞ്ഞ ഉരുക്കുമുഷ്ടിയുപയോഗിച്ചാണ്. പ്രക്ഷോഭകാരികൾക്കിടയിലേക്കു സൈന്യത്തെ തുറന്നുവിട്ടു. തുടർന്നു നടന്ന ആക്രമണത്തിൽ പൊലിഞ്ഞത് 241 ജീവനുകൾ, പരുക്കേറ്റത് ഏഴായിരത്തോളം പൗരൻമാർക്ക്. ലോകത്തെ ഞെട്ടിച്ച ടിയാനൻമെൻ സ്ക്വയർ സംഭവത്തിന്റെ പിറവി ഇപ്രകാരമായിരുന്നു.

 

ഇന്നു ചൈനയിൽ ടിയാനൻമെൻ സ്ക്വയർ സംഭവത്തെപ്പറ്റി സംസാരിക്കുന്നതും ചർച്ചചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിന് ഈ ഓർമകൾ ഇഷ്ടമല്ല, അവയെ ഉണർത്തുന്നതും. എന്നാൽ ടിയാനൻമെൻ സ്ക്വയറിൽ വീണ ചോരത്തുള്ളികൾ ഇനിയും ഉണങ്ങിയിട്ടില്ല. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ചൈനീസ് ചരിത്രത്തിൽ, ചുവന്ന ഇതളുകളുള്ള ഒരു ഓർമപ്പൂവായി ടിയാനൻമെൻ സ്ക്വയർ അവശേഷിക്കുന്നു. ചൈനീസ് രാഷ്ട്രീയരംഗത്തെ ഇളക്കിമറിച്ച ഈ സംഭവത്തിന്റെ 32ാം വാർഷികമാണ് ഈ ജൂൺ ആദ്യവാരം കടന്നുപോകുന്നത്.

 

∙ നയങ്ങൾക്കെതിരെ

 

tiananmen-square-protests1
Thousands of people with candles to mourn those who died in the crushing of pro-democracy protests in Tiananmen Square in 1989 on 4 June. Photo Credits : kawing921/ Shutterstock.com

‘സ്വർഗകൊട്ടാരത്തിലേക്കുള്ള കവാടം’ എന്നർഥം വരുന്ന ടിയാനൻമെൻ സ്ക്വയർ ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിന്റെ ഹൃദയഭാഗത്തുള്ള ഒരു ചത്വരമാണ്.ചൈനയുടെ നിരവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷിയായിട്ടുളള ചത്വരം.

1989ലെ വേനൽക്കാലം ചൈനീസ് രാഷ്ട്രീയരംഗത്തെയും ചൂടുപിടിപ്പിച്ചിരുന്നു. ഏഴുപതുകളുടെ അവസാനം മുതൽ തുടങ്ങിയ സാമ്പത്തിക വളർച്ചയും ഉദാരീകരണവും മാവോകാലത്തെ ചൈനയിൽ നിന്നു പുതിയൊരു പരിവേഷത്തിലേക്കു രാജ്യത്തെ ഉയർത്തി. പാശ്ചാത്യ ജീവിതശൈലികളും രാഷ്ട്രീയനയങ്ങളുമൊക്കെ ചൈനക്കാരെ സ്വാധീനിക്കാൻ തുടങ്ങി.

എൺപതുകളുടെ പകുതി മുതൽ ചൈനീസ് രാഷ്ട്രീയരംഗം പുകഞ്ഞു തുടങ്ങിയിരുന്നു. വിലക്കയറ്റവും ഭരണകൂടത്തിലെ ഉന്നതരായ ചില വ്യക്തികളുടെ അഴിമതികളുമൊക്കെ ജനങ്ങളിൽ, പ്രത്യേകിച്ചു യുവാക്കളിൽ വലിയ അസംതൃപ്തിക്കു വഴിവച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ജനങ്ങളിൽ ഉയരുന്ന ഈ പ്രക്ഷോഭത്വരയിൽ സന്തുഷ്ടരായിരുന്നില്ല.

 

1982 മുതൽ 1987 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന, ഹു യോബാങ്, ഒരു ജനപ്രിയ നേതാവായിരുന്നു. ജനാധിപത്യത്തെയും വിമർശനങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ചൈനീസ് പ്രസിഡന്റിനോളം തന്നെ ജനങ്ങളിൽ സ്വാധീനമുള്ള സ്ഥാനമാണു അവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയെന്നത്. എന്നാൽ ഈ സ്ഥാനത്തു നിന്ന് അദ്ദേഹം 1987ൽ നിർബന്ധിതമായി രാജിവയ്ക്കപ്പെട്ടു. ഇതു ജനങ്ങളിൽ വലിയ ഈർഷ്യ ഉണ്ടാക്കിയിരുന്നു. 1987 ഏപ്രിൽ 15നു ഹു യോബാങ് ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങങിൽ പങ്കെടുത്താനെത്തിയത് ഒരു വൻ ജനാവലിയായിരുന്നു. 16 കിലോമീറ്ററോളം നീളമുള്ള ജനാവലി.

 

ഹു യോബാങ്ങിന് അദ്ദേഹത്തിന്റെ മഹത്വത്തിനനുസരിച്ചുള്ള അന്തിമോപചാരങ്ങൾ ചൈന കൊടുത്തില്ലെന്ന് ആളുകൾക്ക് ആക്ഷേപമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിക്കാനും അന്തിമോപചാരങ്ങളുടെ കാര്യത്തിൽ ചൈനയെ നിർബന്ധിക്കാനും ആളുകൾ മേയ് മാസത്തിൽ ടിയാനൻമെൻ സ്ക്വയറിൽ വിവിധ യോഗങ്ങളും കൂട്ടായ്മകളും തുടങ്ങി. ഇതു പിന്നീട് ചൈനീസ് ഗവൺമെന്റിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പ്രക്ഷോഭമായി മാറുകയാണുണ്ടായത്.

 

∙താക്കീതുകൾ, ചർച്ചകൾ

 

ആദ്യ ഘട്ടത്തിൽ സർക്കാർ താക്കീതുകളും മുന്നറിയിപ്പുകളും പ്രക്ഷോഭകർക്കു നൽകി. അന്നത്തെ കാലത്തു ചൈനയുടെ പ്രസിഡന്റ് ലീ പെങ്ങും, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഴാവോ സിയാങ്ങുമായിരുന്നു. എന്നാൽ ഇവർ രണ്ടുപേരെക്കാൾ സർക്കാരിലും നയങ്ങളിലും സ്വാധീനം പുലർത്തിയിരുന്നത് ഡെങ് സിയാവോ പിങ്ങായിരുന്നു. ആധുനിക ചൈനയുടെ ഉപജ്ഞാതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡെങ് സിയാവോ ചൈനയുടെ പരമോന്നത നേതാവെന്ന അനൗദ്യോഗിക സ്ഥാനം അന്നു വഹിച്ചു. ബെയ്ജിങ്ങിൽ ഒരില അനങ്ങണമെങ്കിൽ ഡെങ് സിയാവോ അറിയാതെ പറ്റില്ല. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.

 

ടിയാനൻമെൻ സ്ക്വയറിൽ വർധിച്ചു വരുന്ന ജനപങ്കാളിത്തവും പ്രക്ഷോഭസാധ്യതയും ഉന്നത കമ്യൂണിസ്റ്റ് നേതാക്കളെ ജാഗരൂകരാക്കി. ഇതിനെ എങ്ങനെ നേരിടണമെന്ന ചർച്ച കമ്യൂണിസ്റ്റ് വൃത്തങ്ങൾക്കുള്ളിൽ തുടങ്ങി. മിതവാദിയായിരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഴാവോ സിയാങ്, പ്രക്ഷോഭകരോട് ചർച്ച, ഒത്തുതീർപ്പ് തുടങ്ങിയ ജനാധിപത്യ മാർഗങ്ങൾ സ്വീകരിക്കാമെന്ന പക്ഷക്കാരായിരുന്നു. എന്നാൽ  പ്രസിഡന്റ് ലീ പെങ്ങും ഡെങ് സിയാവോയും ഇതിനത്ര അനുകൂലമായിരുന്നില്ല. ശക്തിയുടെ ഭാഷ ഉപയോഗിക്കാനായിരുന്നു അവരുടെ നിലപാട്. ഒടുവിൽ ഈ നിലപാട് വിജയിക്കുകയും ചെയ്തു.

 

∙അടിച്ചമർത്തൽ

 

മേയ് അവസാനത്തോടെ ബെയ്ജിങ്ങിൽ അടിയന്തരാവസ്ഥയും സൈനിക നിയമവും പ്രഖ്യാപിച്ചു. നഗരത്തിനു ചുറ്റും സൈനികവിഭാഗങ്ങൾ നിലയുറപ്പിച്ചു. ടിയാനൻമെൻ സ്കയറിലേക്കു കടക്കാൻ പലപ്പോഴും സൈനികവിഭാഗങ്ങൾ ശ്രമിച്ചപ്പോൾ വലിയ ജനക്കൂട്ടം അവരെ തടയാനായി മുന്നോട്ടു വന്നു. എന്നാൽ ജൂൺ തുടങ്ങിയതോടെ സർക്കാർ തങ്ങളുടെ പ്രതികരണങ്ങളിലേക്കു കടന്നു. ജൂൺ 3 രാത്രിയോടെ സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും ടിയാനൻമെൻ ചത്വരത്തിലേക്ക് ഇരച്ചുകയറി. തടയാൻ ശ്രമിച്ചവർക്കെതിരെ വെടിവയ്ക്കപ്പെട്ടു. ചിലർ ടാങ്കുകളുടെ അടിയിൽ അരഞ്ഞു. പ്രതിഷേധക്കാർ നാലുപാടും ചിതറിയോടി. ജൂൺ 5 ആയപ്പോഴേക്കും പ്രക്ഷോഭം പൂർണമായി അടിച്ചമർത്തപ്പെടുകയും ടിയാനൻമെൻ സ്ക്വയറിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു.

 

241 പ്രക്ഷോഭകാരികൾ സംഭവത്തിൽ മരിച്ചെന്നാണു സർക്കാർ ഭാഷ്യം. എന്നാൽ ഇതിനെക്കാളും കൂടുതലാണു മരണസംഖ്യയെന്നു രാജ്യാന്തര വിദഗ്ധർ പറയുന്നു. സംഭവം ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ചൈനീസ് സർക്കാർ മുൻനിര ലോകരാജ്യങ്ങളിൽ നിന്നു ശക്തമായ വിമർശനം ഏറ്റുവാങ്ങി.‘കൂട്ടക്കൊലപാതകം’ എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. തുടർന്ന് യുഎസ് ചൈനയ്ക്കെതിരെ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങൾ ഏർപെടുത്തി.

ഒട്ടേറെ രാജ്യാന്തര മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നതിനാൽ സംഭവത്തിന്റെ ചിത്രങ്ങൾ വാർത്താമാധ്യമങ്ങളിലും പത്രങ്ങളിലും വലിയതോതിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം ഒരു വ്യക്തി ഷോപ്പിങ് ബാഗുകളുമായി ടാങ്കുകളുടെ മുന്നിൽ തടസ്സം സൃഷ്ടിച്ചു നിൽക്കുന്നതാണ്. ടാങ്ക് മാൻ എന്നു പേരുകിട്ടിയ ഈ ചിത്രം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വാർത്താചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

English summary : Tiananmen square protests

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com