ADVERTISEMENT

ഇസ്രയേലിലെ യാവ്നെ പട്ടണത്തിൽ കെട്ടിടസമുച്ചയ നിർമാണത്തിനായി കുഴിയെടുത്തവർ ഒരു നിമിഷം അമ്പരന്നു. മധ്യകാലഘട്ടത്തിലെ ഒരു മാലിന്യക്കുഴി ഇതിനിടെ അവരുടെ മുന്നിൽ വന്നു. ഇതിൽ നിന്നു കണ്ടെടുത്തത് ഒരു കോഴിമുട്ടയായിരുന്നു. അനേക വർഷങ്ങൾ പഴക്കം തോന്നുന്ന അതിന്റെ തോടിൽ കുറച്ചു പൊട്ടലുകൾ വീണിരുന്നെങ്കിലും തോട് അടർന്നു മാറിയിരുന്നില്ല.  മുട്ട ഇസ്രയേലിലെ ആർക്കയോളജി വകുപ്പിനു കൈമാറി. അതിന്റെ പ്രായം നിർണയിച്ച അവർ അമ്പരന്നു പോയി. ആയിരം വർഷങ്ങൾക്കു മേൽ പഴക്കമുണ്ടത്രേ ആ മുട്ടയ്ക്ക്. ഇതിനൊപ്പം വിചിത്രമായ രൂപമുള്ള മൂന്ന് പാവകളും കണ്ടെത്തി.

മുട്ടകൾ ഒരുപാടുകാലം നശിച്ചുപോകാതെയിരിക്കില്ല. എന്നാൽ ഇതെങ്ങനെ സാധിച്ചു. വിസർജ്യമുൾപ്പെടെ തള്ളുന്ന മാലിന്യക്കുഴിയാണ് ഇതിന് ഇത്രകാലം കഴിയാൻ അനുകൂലമായ സാഹചര്യമൊരുക്കിയതെന്ന് ഇസ്രയേലി പുരാവസ്തു ഗവേഷകയായ അല്ല നഗോർസ്കി പറയുന്നു. ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെ തന്നെ ഇസ്രയേലിലും അല്ലാതെയുള്ള രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്ര കൃത്യമായ ആകൃതിയിൽ ഉടയാത്ത രീതിയിൽ മുട്ട കിട്ടുന്നത് ഇതാദ്യം. ആറു സെന്റിമീറ്റർ വലുപ്പമുള്ളതാണു മുട്ട.

താമസിയാതെ മുട്ട ശാസ്ത്രജ്ഞർ പൊട്ടിച്ചു. ഉള്ളിൽ വെള്ളക്കരു ഉണ്ടായിരുന്നില്ല. മുട്ടത്തോടിന് അടിയിൽ ഒരു ചെറിയ ദ്വാരം നേരത്തെ വീണതിലൂടെ വെള്ളക്കരു മുഴുവനും മഞ്ഞക്കരു നല്ലൊരു ഭാഗവും ഒലിച്ചു പോയിരുന്നു. ശേഷിച്ച ചെറിയ അളവിലെ മഞ്ഞക്കരു ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ ശാസ്ത്രജ്ഞർ. എന്നാൽ ചില ചോദ്യങ്ങൾ ശാസ്ത്രജ്ഞരെ കുഴക്കുന്നുണ്ട്. ചരിത്രകാലത്ത് വിസർജ്യവും മാലിന്യവും തള്ളിയിരുന്ന കുഴിയിൽ ഈ മുട്ട എങ്ങനെ വന്നെന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ട ചോദ്യം. മുട്ടയ്ക്കൊപ്പം കണ്ടെത്തിയ കോപ്റ്റിക് ഡോളുകൾ എന്നറിയപ്പെടുന്ന പാവകളും എങ്ങനെ വന്നെന്നത് ദുരൂഹതയാണ്.

ആറായിരം വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ കോഴികളെ വളർത്തിയിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഭക്ഷണത്തിനു വേണ്ടിയല്ല, മറിച്ച് കോഴിപ്പോര് തുടങ്ങിയ വിനോദങ്ങൾക്കായായിരുന്നു വളർത്തൽ. പിന്നീടാണ് മുട്ടയും കോഴിയിറച്ചിയും മനുഷ്യ ഭക്ഷണക്രമത്തിന്റെ ഭാഗമായത്. ഇസ്രയേലിലെ മരേഷയിൽ 2300 വർഷങ്ങൾക്കു മുൻപ് കോഴി ഫാമിങ് നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

മധ്യ ഇസ്രയേലിൽ തെക്കൻ തീരത്തോടടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് യാവ്നെ. ഒരു ചരിത്രനഗരമായ യാവ്നെയിൽ ഒട്ടനവധി പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അരലക്ഷത്തോളം ആളുകൾ ഇപ്പോൾ ഇവിടെ താമസിക്കുന്നുണ്ട്.

English summary: 1000 year old chicken egg found in Yavne cesspit by Israeli archaeologists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com