40 ടൺ സ്വർണം, ആനക്കൊമ്പ്; ഇന്ത്യൻ യാത്രയ്ക്കിടെ മുങ്ങിയ കപ്പലിൽ ‘ഡിഎൻഎ’ നിധിയും

HIGHLIGHTS
  • തുറന്നു നോക്കിയവൻ അന്തംവിട്ടു പോയി
  • പെട്ടി നിറയെ സ്വർണത്തിളക്കം
elephant-tusk-from-shipwreck-reveals-elephant-slaughter-during-spice-trade
SHARE

എഡി 1533ൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് ‘ബോം ജീസസ്’ അഥവാ ഗുഡ് ജീസസ് എന്ന പേരിലുള്ള പോർച്ചുഗീസ് കപ്പൽ അപ്രത്യക്ഷമാകുന്നത്. ലിസ്ബണിൽനിന്നു പുറപ്പെട്ട ആ കപ്പലിനെ എന്തു സംഭവിച്ചെന്ന് 2008 വരെ ആർക്കും അറിയില്ലായിരുന്നു. 2008ൽ തെക്കൻ ആഫ്രിക്കയിലെ നമീബിയയിലെ കടൽത്തീരങ്ങളിലൊന്നിലെ ഖനനത്തിന്റെ ഭാഗമായി ഒരു കൂട്ടം ജിയോളജിസ്റ്റുകൾ ജോലിയിലായിരുന്നു. അതിനിടെയാണ് മണ്ണിലുറച്ച നിലയിൽ ഒരു കപ്പൽ കണ്ടെത്തിയത്. തുടക്കത്തിൽ അതിന്റെ മൂല്യം അവർക്കു മനസ്സിലായില്ല. ആറേഴു ദിവസം കഴിഞ്ഞപ്പോഴാണ് കപ്പലിലുണ്ടായിരുന്ന ആദ്യത്തെ പെട്ടി മണ്ണിനടിയിൽനിന്നു പുറത്തെടുക്കുന്നത്. തുറന്നു നോക്കിയവൻ അന്തംവിട്ടു പോയി. പെട്ടി നിറയെ സ്വർണത്തിളക്കം. സ്വർണം മാത്രമല്ല വെള്ളിയുമായി ഏകദേശം 40 ടൺ ഭാരമുള്ള നാണയങ്ങളാണ് കപ്പലിൽനിന്നു പുറത്തെടുത്തത്. 

ചെമ്പ്, വെങ്കലം എന്നിവ കൊണ്ടുള്ള കൗതുകവസ്തുക്കളും കത്തിയും വാളും പോലുള്ള ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തു. ഒപ്പം കപ്പലിനൊപ്പം കടലിലേക്കു മുങ്ങിത്താണ നാവികരുടെ അസ്ഥിരകൂടങ്ങളും. ഗുഡ് ജീസസ് കപ്പലാണ് അതെന്ന് ഈ ചരിത്രവസ്തുക്കളിൽനിന്നു തന്നെ വ്യക്തമായിരുന്നു. സാധാരണ ഗതിയിൽ ഇത്തരം കപ്പലുകൾ കണ്ടെത്തിയാൽ അവയിലെ സകല വസ്തുക്കളും ഉൾപ്പെടെ ഉടമയായ രാജ്യത്തിനു നൽകുകയാണു പതിവ്. എന്നാൽ സ്വർണവും വെള്ളിയും ഉൾപ്പെടെ നമീബിയയ്ക്കു നൽകാൻ പോർച്ചുഗൽ അനുമതി നൽകി. അതിലെ ചരിത്രവസ്തുക്കൾ ഗവേഷണത്തിനായും വിട്ടു കൊടുത്തു. തെക്കൻ ആഫ്രിക്കയിൽ അന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന കപ്പൽ അവശിഷ്ടങ്ങൾ കൂടിയായിരുന്നു അവ. വൈകാതെ കപ്പല്‍ കണ്ടെത്തിയ പ്രദേശത്തെ യുഎൻ പൈതൃകസ്മാരകമായും പ്രഖ്യാച്ചു. 

കപ്പലിലുണ്ടായിരുന്ന മറ്റൊരു വിലപിടിച്ച വസ്തുവായിരുന്നു ആനക്കൊമ്പ്. നൂറിലേറെ ആനക്കൊമ്പുകൾ യാതൊരു കുഴപ്പവും പറ്റാതെ പെട്ടിയില്‍ അടച്ച നിലയിൽ കണ്ടെത്തിയിരുന്നു. 500 വർഷം മുൻപ് ഈ ആനക്കൊമ്പുകൾ എവിടെനിന്നു ശേഖരിച്ചു എന്നും ഗവേഷകർ പരിശോധിച്ചു. ഡിഎൻഎ പരിശോധനയാണ് അതിനായി അവർ തിരഞ്ഞെടുത്തത്. ആനക്കൊമ്പുകളിൽനിന്നുള്ള ഡിഎൻഎ സാംപിളുകളെടുത്തു. അവ ലോകത്തിലെ വിവിധയിനം ആനകളുടെ ഡിഎൻഎ സീക്വൻസുകളുമായി ചേർത്തു പരിശോധിച്ചു. അമ്മയിൽനിന്നു മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ് മൈറ്റോകോൺട്രിയൽ ഡിഎൻഎകൾ. അതിനാൽത്തന്നെ ആനകൾ ഏതിനത്തിൽപ്പെട്ടതാണെന്നു കണ്ടെത്താൻ ഒരു ഡിഎൻഎ പരിശോധന മതിയാകും. ഗുഡ് ജീസസ് കപ്പലിൽനിന്നു കണ്ടെത്തിയ ആനക്കൊമ്പുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലും കോംഗോ തടത്തിലും കാണപ്പെടുന്നയിനം ആനകളുടേതായിരുന്നു. Loxodonta cyclotis  എന്നായിരുന്നു അവയുടെ ശാസ്ത്രീയനാമം. ആനക്കൊമ്പ് ഇന്ത്യയിലേക്കു വിൽപനയ്ക്കായി എത്തിക്കാനായിരുന്നു കപ്പലിലെ വ്യാപാരികളുടെ നീക്കം. പക്ഷേ കടലിൽ അവരെ കാത്തിരുന്നതു മറ്റൊരു വിധിയാണെന്നു മാത്രം. 

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയെ ബന്ധിപ്പിച്ചുള്ള കപ്പല്‍ഗതാഗതം പണ്ടുകാലത്തു വ്യാപകമാകാനുള്ള കാരണങ്ങളിലൊന്ന് ആനക്കൊമ്പ് കച്ചവടമായിരുന്നു. കോംഗോയിൽനിന്നായിരിക്കാം പോർച്ചുഗീസുകാർ ആനക്കൊമ്പ് ശേഖരിച്ചതെന്നും കരുതുന്നു. കൗതുകകരമായ ഒരു കണ്ടെത്തൽ കൂടി ഡിഎൻഎ പരിശോധനയിലൂടെ നടന്നു. വന്യജീവി ഗവേഷകർ ഇത്രയും കാലം കരുതിയത് മഴക്കാടുകളിൽനിന്ന് ആഫ്രിക്കയിലെ സാവന്ന മേഖലയിലേക്ക് ആഫ്രിക്കൻ ആനകൾ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണെന്നായിരുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടിൽത്തന്നെ ആഫ്രിക്കൻ ആനകൾ സാവന്ന മേഖലയിലുണ്ടെന്നാണ് ഡിഎൻഎ ഫലം വ്യക്തമാക്കുന്നത്. അങ്ങനെയാണ് അവ വേട്ടക്കാരുടെ കയ്യിൽ അകപ്പെടുന്നതും. പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായാണ് ഡിഎൻഎ പരിശോധന നടത്തിയതെങ്കിലും പരിസ്ഥിതി–ജീവ ശാസ്ത്രത്തിലും നിർണായക വിവരങ്ങളാണ് ഇതുവഴി ലഭിച്ചത്. ഒരു കപ്പലിൽനിന്നു ലഭിച്ച അവശിഷ്ടത്തിൽനിന്ന് ഇത്തരത്തിൽ പുരാവസ്തു ഗവേഷണവും ജീവശാസ്ത്രവും ഒന്നിച്ച ഒരു കണ്ടെത്തലിലേക്കു വഴിതുറക്കുന്നത് ഇതാദ്യമായിട്ടാണെന്നും ഗവേഷകർ പറയുന്നു.

English Summary : Elephant tusk from shipwreck reveals elephant slaughter during spice trade

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA