വവ്വാൽക്കാഷ്ഠം കുന്നുകൂടിയ ദുരൂഹ മോജിയാങ് ഖനി; കോവിഡിന്റെ ആദ്യവിത്ത് പിറന്നത് ഇവിടെയോ?

HIGHLIGHTS
  • മോജിയാങ് ഇപ്പോൾ രാജ്യാന്തര ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്
chinas-mojiang-mine-and-its-role-in-the-origins-of-covid-19
SHARE

കുറച്ചു ദിവസങ്ങളായി ചൈനയിലെ ഒരു ആനക്കൂട്ടവും അവരുടെ യാത്രയും രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം 15 ആനകൾ അടങ്ങിയ ഒരു സംഘം ചൈനയിലെ യുനാനിലെ സിഷ്വങ്ബന്ന ദേശീയോദ്യാനത്തിൽ നിന്നു യാത്രതിരിച്ചു. ഇവർ പലമേഖലകളും കടന്നു പോയി. കൂട്ടത്തിൽ യുനാനിലെ മോജിയാങ് എന്ന സ്ഥലവും ഇതിൽ ഉൾപ്പെടും. എന്നാൽ ഈ മോജിയാങ് ഇപ്പോൾ രാജ്യാന്തര ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. രണ്ടു വർഷത്തോളം ആഗോളതലത്തിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കി ജനജീവിതം സ്തംഭിപ്പിച്ച കൊറോണ വൈറസ് ഇവിടത്തെ ഖനികളിൽ നിന്നു കണ്ടെടുത്ത വൈറസിൽ മാറ്റം വരുത്തിയാണോ ഉണ്ടാക്കിയതെന്ന അഭ്യൂഹമാണ് ഇതിനു തുടക്കമിട്ടത്.

വുഹാനിലെ വൈറസ്

കൊറോണ വൈറസിന്റെ തുടക്കം മുതൽ തന്നെ ഇതിന്റെ ഉദ്ഭവം സംബന്ധിച്ച ചർച്ചകളും ശക്തമായിരുന്നു. ചൈനീസ് നഗരമായ വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നു മനുഷ്യരിലേക്കു പടർന്നു എന്നാണ് ആദ്യകാലത്ത് ചൈന കോവിഡിനെപ്പറ്റി പുറത്തുവിട്ട ഉദ്ഭവകാരണം. എന്നാൽ വുഹാൻ വളരെ പ്രത്യേകതയുള്ള ഒരു നഗരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവശാസ്ത്ര ഗവേഷണ ലാബായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നഗരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഒരു പാട് സങ്കീർണമായ വൈറൽ പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് ഈ സ്ഥാപനം.

china-elephants
ചൈനയിലെ യുനാൻ പ്രവിശ്യയിൽ പാടത്തുകൂടി നടക്കുന്ന ആനക്കൂട്ടം. ചിത്രം. റോയിട്ടേഴ്സ്

ഇതോടെ, വൈറസ് പിറന്നത് പ്രകൃതിയിൽ നിന്നല്ലെന്നും മറിച്ച് വുഹാൻ ലാബിൽ പരീക്ഷണം ചെയ്യപ്പെട്ട വൈറസ് സാംപിൾ പുറത്തുചാടിയതാണെന്നും അപ്രകാരം ഇതു മനുഷ്യനിർമിതമാണെന്നും വാദിക്കുന്നവരും ഉണ്ടായി. ആദ്യകാലത്ത് ഈ വാദങ്ങളെ ദുരൂഹതാ സിദ്ധാന്തങ്ങൾ എന്ന നിലയ്ക്കു ശാസ്ത്രലോകം തള്ളിക്കളഞ്ഞു. എന്നാൽ ചൈനീസ് വൈറോളജിസ്റ്റായ ലിമെങ് യെന്നിനെപ്പോലെയുള്ളവർ തന്നെ കോവിഡ് മനുഷ്യനിർമിതമാണെന്ന വാദവുമായി രംഗത്തെത്തിയതോടെ സംഭവം ചൂടുപിടിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞർ ഇക്കാര്യത്തിൽ ഗവേഷണങ്ങൾ നടത്താനും തുടങ്ങി. പുണെയിൽ നിന്നുള്ള ഒരു ഇന്ത്യൻ ശാസ്ത്രജ്ഞ ദമ്പതികളും ഇക്കൂട്ടത്തിൽപെടും. ഒടുവിൽ യുഎസ് പ്രസിഡന്‌റ് ജോ ബൈഡൻ തന്നെ ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടതോടെ കോവിഡ് മനുഷ്യനിർമിതമാണെന്ന വാദത്തിനു പുതിയ മാനം കൈവന്നു.

CHINA-HEALTH-VIRUS

മോജിയാങ്ങിലെ ദുരൂഹ രോഗം

യുനാൻ പ്രവിശ്യയിലെ ഒരു സ്ഥലമാണ് മോജിയാങ് മേഖല. ഇവിടെ ചെമ്പു ഖനനം ചെയ്യുന്ന ഏതാനും ഖനികളുണ്ട്. ഹോഴ്‌സ് ഷൂ ബാറ്റുകൾ എന്നറിയപ്പെടുന്ന വവ്വാലുകൾ ഏറെയുള്ള സ്ഥലമാണ് മോജിയാങ്. ഇവിടത്തെ ഒരു ഖനിയായ ടോങ്വാനിലെ ഗുഹകൾ വവ്വാലുകളുടെ താമസസ്ഥലമായിരുന്നു. ഇവയുടെ കാഷ്ടം കുന്നുപോലെ ഉയർന്നതിനാൽ ഇവിടെ ഖനന പ്രവർത്തനങ്ങൾക്കു തടസ്സം നേരിട്ടു.

2012 ൽ ഈ ഖനിയിൽ ഒരു സംഘം തൊഴിലാളികളെ നിയമിച്ചു. വവ്വാലുകളുടെ കാഷ്ഠം നീക്കം ചെയ്യുന്നതായിരുന്നു ഇവരുടെ ജോലി. 6 പേരുള്ള സംഘമായിരുന്നു അത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ സംഘത്തിൽ കുറേപ്പേർക്ക് കടുത്ത പനിയും,ന്യുമോണിയയും മറ്റു രോഗലക്ഷണങ്ങളും ഉടലെടുക്കുകയും ഇവരിൽ 3 പേർ മരണമടയുകയും ചെയ്തു.

china-elephants-map

ഇവരെ പരിശോധിച്ച ഡോക്ടർ, വൈറൽബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുകയും ആന്‌റി വൈറൽ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ പിൽക്കാലത്ത് ഉന്നത ചൈനീസ് ശാസ്ത്രജ്ഞർ ഇവർക്കു പിടിച്ചത് ഫംഗസ് ബാധയാണെന്നു പറയുകയുണ്ടായി. എന്നാൽ ഇവരുടെ മെഡിക്കൽ രേഖകൾ പിന്നീട് പരിശോധിച്ച മറ്റുരാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കു കണ്ടെത്താനായത്, കോവിഡിനു സമാനമായ വൈറൽ ബാധയുടെ ലക്ഷണങ്ങളാണ്. ഇക്കാര്യത്തിൽ ഗവേഷണം നടത്തിയ ചൈനീസ് വൈറോളജി വിദ്യാർഥിയായ ലീ സൂവും ഇതു കോവിഡിനോടു സാമ്യമുള്ള ഒരു വൈറൽ ബാധയെന്നാണു വിധിയെഴുതിയത്. ലീയുടെ തീസിസ് ഇന്നും ഇന്‌റർനെറ്റിൽ ലഭ്യമാണ്. വൈറൽ ബാധയെന്ന് ഏകദേശം ഉറപ്പുണ്ടായിട്ടും എന്തുകൊണ്ടാകാം ചൈന, ഖനിത്തൊഴിലാളികൾക്കു പിടിച്ചത് ഫംഗസാണെന്നു പറഞ്ഞത് ? ദുരൂഹതയുടെ ആദ്യവാതിൽ അവിടെത്തുറക്കുന്നു.

വുഹാൻ ടു മോജിയാങ്

എന്നാൽ ഇതിനു ശേഷമാണ് കൗതുകകരമായ ചില കാര്യങ്ങൾ നടന്നത്. കൊറോണ വൈറസ് കുടുംബത്തിൽ കോവിഡിനു കാരണമാകുന്ന സാർസ് -കോവ്-2 വൈറസ് അല്ലാതെ വേറെയും അനേകം വൈറസുകളുണ്ട്. സാർസ്, മെർസ് തുടങ്ങിയ ഇതിനും മുൻപേയുള്ള രോഗബാധകൾക്കു കാരണമായ വൈറസുകൾ വലിയ ഉദാഹരണം. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ വൈറസുകളെക്കുറിച്ച് ദീർഘകാലമായി ഗവേഷണം നടത്തുന്ന ഉന്നത ശാസ്ത്രജ്ഞയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വകുപ്പിന്റെ ഡയറക്ടറുമാണ് ഡോ. ഷി ഴെങ്‌ലി. വവ്വാലുകളിലെ വൈറസുകളെക്കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തിയിട്ടുള്ളതിനാൽ ഡോ.ഷി അറിയപ്പെടുന്നത് ബാറ്റ് വുമൺ എന്ന വിളിപ്പേരിലാണ്.

coronavirus

മോജിയാങ്ങിൽ ഖനിരോഗം സംഭവച്ചതിനു പിന്നാലെ 2012-15 കാലഘട്ടത്തിൽ ഡോ.ഷിയുടെ കീഴിലുള്ള ഒരു ഗവേഷക സംഘം ഖനി സന്ദർശിക്കുകയും ഇവിടെ നിന്നു ധാരാളം സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. ഈ സാംപിളുകളിൽ നിന്നു 293 വിവിധയിനം വൈറസുകളെ ഇവർ വേർതിരിച്ചു. അതിലൊന്നായിരുന്നു RaTG13.എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ ? ഈ വൈറസിന് നിലവിൽ നമ്മെ വേട്ടയാടുന്ന കോവിഡ്-19 വൈറസുമായി 96.2 ശതമാനം സാമ്യമുണ്ട്. കോവിഡ് വൈറസിന്റെ ഏറ്റവുമടുത്ത ബന്ധു എന്നു നിസ്സംശയം RaTG13 വൈറസിനെ വിളിക്കാമെന്ന് അർഥം.

എന്നാൽ ഈ വൈറസിന്റെ യഥാർഥ പേര്, അഥവാ ശാസത്രസമൂഹത്തിനു മുന്നിൽ ചൈന 2015ൽ ആദ്യം നൽകിയ പേര്, RaBt4991 എന്നായിരുന്നു. ഈ യഥാർഥ നാമം ഉപയോഗിക്കാതെ 2020ൽ ഇതിനു RaTG13 എന്ന പേരു നൽകിയാണു ഷി ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചത്. എന്തിനായിരിക്കാം വൈറസിന് അങ്ങനൊരു ആൾമാറാട്ടം നടത്തിയത്?

കൂടുതൽ വ്യക്തമായ പേരു നൽകിയെന്നാണു ഷി ഇതിനെക്കുറിച്ച് പറഞ്ഞത്. പക്ഷേ ഇതും ഒരു ദുരൂഹതയാണ്. 2019 നു മുൻപ് ലോകമെമ്പാടുമുള്ള എല്ലാ ശാസ്ത്രജ്ഞർക്കും ഉപയോഗിക്കാമായിരുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈറസ് ഡേറ്റബേസ് ഇപ്പോൾ ലഭ്യമല്ലാതാക്കിയതും സംശയത്തിനിട വരുത്തുന്നു. എന്നാൽ ഇത്തരം കാര്യങ്ങളെയെല്ലാം നിഷേധിച്ചാണു ഡോ.ഷിയുടെ ഇതുവരെയുള്ള നിലപാടുകൾ.RaTG13 വൈറസാണോ ഖനിരോഗത്തിനു കാരണമായതെന്ന വലിയ ചോദ്യം ബാക്കി.

chinas-mojiang-mine-and-its-role-in-the-origins-of-covid-19
Representative image. Photo Credits/ Shutterstock.com

വൈറസ് ചാടിയതോ

മോജിയാങ് ഖനിയിൽ നിന്നു കിട്ടിയ RaTG13 വൈറസ് കോവിഡിനോടു ജനിതകപരമായി വലിയ സാമ്യം പുലർത്തുന്നെങ്കിലും കോവിഡിന്റെ വ്യാപനശേഷിയൊന്നും അതിനുണ്ടാകാനിടയില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. കോവിഡിനെ അപകടകാരിയാക്കുന്ന ഫ്‌ളൂറിൻ ക്ലീവേജ് സൈറ്റ് എന്ന സവിശേഷത ഇതിലില്ലാത്തതാണു കാരണം. RaTG13 വൈറസിൽ ജനിതകമാറ്റം വരുത്തി ഈ സവിശേഷത വരുത്തി കൃത്രിമമായി നിർമിച്ചതാണോ ഇപ്പോഴത്തെ കോവിഡ് വൈറസ് എന്നാണു പലരും ഉയർത്തുന്ന ചോദ്യം.

വൈറോളജിയിൽ ഗെയിൻ ഓഫ് ഫങ്ഷൻ എന്ന ഗവേഷണമുണ്ട്. നിലവിൽ അത്ര അപകടകാരികളല്ലാത്ത വൈറസുകൾ ഭാവിയിൽ അപകടകാരിയാകുമോ, മഹാമാരിക്കു വഴിവയ്ക്കുമോ എന്നൊക്കെ അറിയാനായി ഇവയെ പരീക്ഷണങ്ങളിലൂടെ അപകടകാരികളാക്കി ഗവേഷണം നടത്തുന്ന രീതിയാണു ഗെയിൻ ഓഫ് ഫങ്ഷൻ. വളരെ വിവാദം ഉയർത്തിയിട്ടുള്ളതിനാൽ യുഎസിൽ ഇത്തരം ഗവേഷണങ്ങൾക്കു ഫണ്ടിങ് നൽകുന്നത് 2014 ൽ നിർത്തിയിരുന്നു. എന്നാൽ ജൈവഗവേഷണങ്ങളിൽ അത്ര നിയന്ത്രണങ്ങളില്ലാത്ത ചൈനയിൽ ഇവ നിർബാധം നടക്കുന്നുണ്ടെന്നാണു ശാസ്ത്രജ്ഞരിൽ പലരും പറയുന്നത്.ഇത്തരമൊരു ഗെയിൻ ഓഫ് ഫങ്ഷൻ ഗവേഷണത്തിന് RaTG13 ഉപയോഗിക്കപ്പെട്ടിരുന്നോ? അതിന്റെ പരിണതഫലമായിരുന്നോ കോവിഡ്?

അഭ്യൂഹങ്ങൾ അനവധി. എന്നാൽ സിഷ്വാങ് ബന്നയിലെ ആനകൾ ദീർഘയാത്രയ്ക്കു പുറപ്പെട്ടതിന്റെ കാരണം പോലെ ഇതിന്റെ ഉത്തരവും അവ്യക്തം. യാത്രയുടെ കാരണം ആനകൾക്കു മാത്രമറിയാം. വൈറസിനു പിന്നിൽ ദുരൂഹതയുണ്ടെങ്കിൽ അതു ചൈനയ്ക്കുമാത്രം നിലവിൽ അറിയാമായിരിക്കും.

മോജിയാങ് ഖനി ഇന്നും ദുരൂഹതയായി തുടരുന്നു. ഇങ്ങോട്ടേക്കുള്ള പ്രവേശനം ചൈനീസ് സർക്കാർ പൂർണമായും വിലക്കുകയും ഖനി ബന്തവസിലാക്കുകയും ചെയ്തിരിക്കുകയാണെന്നു രാജ്യാന്തരമാധ്യമങ്ങൾ പറയുന്നു. ഇവിടെയെത്തിയ വാൾസ്ട്രീറ്റ് ജേണലടക്കമുള്ള പ്രമുഖ മാധ്യമങ്ങളുടെ ജീവനക്കാരോട്, മോജിയാങ്ങിൽ കാട്ടാന ശല്യം കൂടുതലാണെന്നു പറഞ്ഞാണ് അധികൃതർ പ്രവേശനം നിഷേധിച്ചത്.ഒരു ചൈനീസ് നാടോടിക്കഥ പോലെ കോവിഡിന്റെ ഉദ്ഭവകഥ ദുരൂഹമായി തുടരുന്നു.

English Summary; Chinas mojiang mine and its role in the origins of covid 19

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA