52 മമ്മികൾ നിറഞ്ഞ ഈജിപ്തിലെ അപൂർവ ശവകുടീരം; നിധികളിൽ തുത്തന്‍ഖാമനെയും കടത്തിവെട്ടും!

HIGHLIGHTS
  • വിലപിടിപ്പുള്ള വസ്തുക്കൾ നിറഞ്ഞ കുടീരം കൂടിയായിരുന്നു കെവി5
  • 52 മമ്മികളെയാണ് അവിടെനിന്നു കണ്ടെത്തിയത്
kv5-largest-tomb-in-valley-of-the-kings
SHARE

ഈജിപ്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രശസ്തമായ ശവകുടീരം ആരുടേതാണെന്നു ചോദിച്ചാൽ ആരും കണ്ണും പൂട്ടി പറയും തുത്തൻഖാമന്റെയാണെന്ന്. എന്നാൽ അവിടെ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ശവകുടീകം ആരുടെയാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ–1995ൽ കണ്ടെത്തിയ കെവി 5 എന്ന കുടീരം. (രാജാക്കന്മാരുടെ താഴ്‍വര അഥവാ വാലി ഓഫ് കിങ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് കെവി. ഈജിപ്തിൽ ഏറ്റവും കൂടുതൽ രാജാക്കന്മാരുടെ ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുള്ളത് ഇവിടെ നിന്നാണ്. ഓരോ കുടീരത്തിനും നമ്പറിട്ടു പേര് നൽകുന്നതാണു രീതി) 

തുത്തൻഖാമന്റെ അറയിൽനിന്നു കണ്ടെത്തിയതിനേക്കാൾ ഏറെ വിലപിടിപ്പുള്ള വസ്തുക്കൾ നിറഞ്ഞ കുടീരം കൂടിയായിരുന്നു കെവി5. ഒന്നും രണ്ടുമല്ല, 52 മമ്മികളെയാണ് അവിടെനിന്നു കണ്ടെത്തിയത്. എല്ലാം ഒരച്ഛന്റെ മക്കൾ. ഈജിപ്തിലെ പത്തൊൻപതാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്നു റാംസിസ് രണ്ടാമന്റെ മക്കളുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിക്കാൻ വേണ്ടി പണി കഴിപ്പിച്ചതായിരുന്നു ആ ശവകുടീരം. ബിസി 1279 മുതൽ 1213 വരെ രാജ്യം ഭരിച്ച റാംസിസ് രണ്ടാമനെ ഈജിപ്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായാണു കണക്കാക്കുന്നത്. അദ്ദേഹം 90 വയസ്സു വരെ ജീവിച്ചിരുന്നുവെന്നാണ് കണക്കുകൾ. 150ലേറെ മക്കൾ ഉണ്ടായിരുന്നുവെന്നും. 

kv5-largest-tomb-in-valley-of-the-kings

അവർക്കായി പണി കഴിപ്പിച്ച ശവകുടീരം ഗാംഭീര്യത്തിൽ മുൻപന്തിയിലാണെങ്കിലും, പിതാവെന്ന നിലയിൽ റാംസിസിന്റെ കണ്ണീർ ഏറെ പതിഞ്ഞയിടമാണെന്നു ഗവേഷകർ പറയുന്നു. തുത്തൻഖാമന്റെ കുടീരത്തിൽനിന്ന് ഏകദേശം 70 മീറ്റർ മാറിയായിരുന്നു കെവി5 കണ്ടെത്തിത്. ഒരു നൂറ്റാണ്ടു കാലത്തോളം ഇത്തരമൊരു കുടീരം അവിടെയുള്ളതിന്റെ സൂചനകൾ ഗവേഷകർക്കു ലഭിച്ചിരുന്നു. 1830കളിൽ ജയിംസ് ബർട്ടൻ എന്ന ആർക്കിയോളജിസ്റ്റ് പ്രദേശത്ത് ഉദ്ഖനനം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുത്തൻഖാമന്റെ കുടീരം കണ്ടെത്തിയ ഹൊവാർഡ് കാർട്ടറും ഈ പ്രദേശത്തു തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. 1985–65 കാലത്ത് കയ്റോയിലെ അമേരിക്കൻ സർവകലാശാലയിലെ ഗവേഷകർ കെന്റ് വീക്ക്സാണ് റാംസിസിന്റെ മക്കളുടെ ശവകുടീരമിരിക്കുന്ന യഥാർഥ സ്ഥലം തിരിച്ചറിഞ്ഞത്. റഡാർ ഉയോഗിച്ചുള്ള പരിശോധനയിലായിരുന്നു കണ്ടെത്തൽ. 

പിന്നീട് 1995 വരെ ശക്തമായ തിരച്ചിൽ. ആ വർഷം മേയ് 18നാണ് കുടീരം കണ്ടെത്തിയതു സംബന്ധിച്ച വിവരം വീക്കസ് പുറത്തുവിട്ടത്. മേഘവിസ്ഫോടനങ്ങളും തുടർന്നുണ്ടാകുന്ന പ്രളയവും കാരണം തകർന്നു പോയ പ്രദേശമായിരുന്നു അത്. പക്ഷേ അതൊന്നും വീക്ക്സിന്റെ ശ്രമത്തെ തളർത്തിയില്ല. ഒടുവിൽ ഒരു അറയിൽനിന്ന് അടുത്തതിലേക്കും അവിടെനിന്നു പടിക്കെട്ടുകളിലേക്കുമെല്ലാം നയിക്കുന്ന വമ്പൻ കുടീരം കണ്ടെത്തുകതന്നെ ചെയ്തു അദ്ദേഹം. ഈജിപ്ഷ്യൻ ദൈവമായ ഒസിരിസായിരുന്നു കുടീരത്തിന്റെ കാവൽക്കാരൻ. പല തരം കൗതുകവസ്തുക്കളും മമ്മിഫിക്കേഷന് ഉപയോഗിച്ച വസ്തുക്കളും ആഭരണങ്ങളും ശിൽപങ്ങളും ചുമർചിത്രങ്ങളുമെല്ലാമായി പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത നിധിയായിരുന്നു അവിടെ കാത്തിരുന്നത്. അവയുടെ ചരിത്രപരമായ പ്രാധാന്യം പരിഗണിക്കുമ്പോൾതന്നെ തുത്തൻഖാമന്റെ നിധിയെയും കെവി5 കടത്തിവെട്ടും.

വീക്ക്സ് കണ്ടെത്തുന്നതിനു മുൻപ് പണ്ടുകാലത്ത് കൊള്ളക്കാരും മറ്റും കുടീരത്തിൽ കവർച്ച നടത്തിയിരുന്നു എന്നത് വ്യക്തമായിരുന്നു. പല വിലയേറിയ വസ്തുക്കളും അങ്ങനെ നഷ്ടമാവുകയും ചെയ്തു. ഇപ്പോൾ കണ്ടെത്തിയ വസ്തുക്കൾ പോലും കുടീരത്തിലുണ്ടായിരുന്ന വലിയ നിധിയുടെ ചെറിയ അംശം മാത്രമാണെന്നും ഗവേഷകർ പറയുന്നു. ഇപ്പോഴും പൂർണമായും പരിശോധിച്ചു തീർന്നിട്ടില്ല ഇതിലെ അറകൾ. 2006 വരെ കണ്ടെത്തിയത് 130 അറകളായിരുന്നു. അതിൽത്തന്നെ ഏഴു ശതമാനം മാത്രമാണ് പഠനം പൂർത്തിയാക്കിയത്. മുന്നോട്ടു പോകുന്തോറും കൂടുതൽ കാഴ്ചകൾ ഒളിപ്പിച്ചുവച്ചു കാത്തിരിക്കുകയാഃണ് കെവി5 എന്നും ഗവേഷകർ വിശ്വസിക്കുന്നു. 

 English Summary : KV5 - Largest Tomb in Valley of the Kings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA