2000 വർഷമായി ഭൂമിക്കടിയിൽ, കല്ലറ ദുരൂഹം; എന്താകും അതിനകത്ത്?

HIGHLIGHTS
  • കറുത്ത ഗ്രാനൈറ്റിൽ തീർത്ത ഒരു ശവക്കല്ലറ
  • ആരുടെ കല്ലറയാണിതെന്നും വ്യക്തമായിട്ടില്ല
black-sarcophagus-uncovered-in-egypt
SHARE

ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലക്സാണ്ട്രിയ. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ചരിത്ര ഗവേഷകർ പിരമിഡുകളും ഫറവോമാരുടെ ശവകുടീരങ്ങളും മറ്റും കണ്ടെത്തുമ്പോൾ അലക്സാണ്ട്രിയയെ ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടുതന്നെ വമ്പൻ കെട്ടിടങ്ങളും നെടുനീളൻ റോഡുകളുമെല്ലാമായി ഒരുഗ്രൻ മെട്രോസിറ്റിയായി ഇതു മാറുകയും ചെയ്തു. പക്ഷേ പത്തു വർഷം മുൻപ് ചില ഗവേഷകർ അലക്സാണ്ട്രിയയിലും ചരിത്ര ശേഷിപ്പുകൾക്കായി തിരച്ചിൽ നടത്തി. അങ്ങനെ 2005ൽ നടത്തിയ ഒരു പര്യവേക്ഷണത്തിൽ തെളിഞ്ഞു വന്നത് ചരിത്രപ്രസിദ്ധമായ അലക്സാണ്ട്രിയ സർവകലാശാലയായിരുന്നു. ലോകപ്രശസ്തനായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ ആർക്കിമിഡീസ് പഠിച്ച അതേ സർവകലാശാല! പുരാതന കാലത്തെ ഏഴു ലോകാദ്ഭുതങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ലൈറ്റ് ഹൗസിന്റെ അവശിഷ്ടങ്ങളും അലക്സാണ്ട്രിയയിലുണ്ടെന്നു കണ്ടെത്തിയിരുന്നു.  

അതോടെ സർക്കാർ ഒരു തീരുമാനമെടുത്തു. ഇനി നഗരത്തിൽ ഏതു പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചാലും അതിനു മുൻപു ചരിത്ര ഗവേഷകരെത്തി പരിശോധന നടത്തും. അൽ–കാർമിലി സ്ട്രീറ്റ് എന്ന സ്ഥലത്ത് അത്തരമൊരു ഗവേഷണത്തിനെത്തിയതായിരുന്നു ആർക്കിയോളജിസ്റ്റുകൾ. കുഴിച്ചു കുഴിച്ച് ഏകദേശം 16 അടി താഴേക്കെത്തിയപ്പോൾ കണ്ടതാകട്ടെ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയും. കറുത്ത ഗ്രാനൈറ്റിൽ തീർത്ത ഒരു ശവക്കല്ലറ. 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ ഇന്നേവരെ അലക്സാണ്ട്രിയയിൽ നിന്നു കണ്ടെത്തിയതിൽ ഏറ്റവും വലുതുമാണ്. സാധാരണ സ്വര്‍ണവും മറ്റും പൊതിഞ്ഞാണു ഫറവോമാരുടെ കല്ലറയുണ്ടാകുക. കല്ലറയ്ക്കു കറുപ്പാണെന്നു മാത്രമല്ല അതിനെ മൂടിയിരിക്കുന്ന ഭാഗത്തോടു ചേർന്ന് ഒട്ടിച്ചുവച്ചിരിക്കുന്ന കുമ്മായക്കൂട്ട് ഇളകിമാറാത്ത നിലയിലായിരുന്നു. അതായത്, കഴിഞ്ഞ രണ്ടായിരത്തോളം വർഷമായി ആ കല്ലറ ആരും തുറന്നു പോലും നോക്ക ിയിട്ടില്ല. ഈജിപ്തിൽ അതൊരു അദ്ഭുതമാണ്. കാരണം, വർഷങ്ങളോളം ഈജിപ്ഷ്യൻ പിരമിഡുകൾ കൊള്ളയടിക്കാൻ വേണ്ടി മാത്രം ഒട്ടേറെ സംഘങ്ങളാണു പ്രവർത്തിച്ചിരുന്നത്. 

എന്തുകൊണ്ടാണ് ഈ കറുത്ത കല്ലറയെ മാത്രം അവർ വെറുതെ വിട്ടു എന്ന ചോദ്യത്തിനും ഉത്തരമില്ല. ആരുടെ കല്ലറയാണിതെന്നും വ്യക്തമായിട്ടില്ല. സമീപത്തു നിന്നു വെണ്ണക്കല്ലിൽ തീർത്ത ഒരു പ്രതിമ ലഭിച്ചിട്ടുണ്ട്. അതിലാകട്ടെ മുഖവും വ്യക്തമല്ല. അലക്സാണ്ടർ ചക്രവര്‍ത്തി നിർമിച്ച നഗരമാണ് അലക്സാണ്ട്രിയ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലശേഷം മുന്നൂറു വർഷത്തോളം ഈജിപ്ത് ഭരിച്ചത് ഉപദേശകനായ ടോളമിയും അദ്ദേഹത്തിന്റെ പിന്മുറക്കാരുമായിരുന്നു. ബിസി 305 മുതൽ 30 വരെയുള്ള ഇക്കാലത്താണ് കല്ലറ നിർമിച്ചതെന്നാണു കരുതുന്നത്. നൈൽ നദി വഴി മാറിയൊഴുകുകയും ലോകമെമ്പാടും സമുദ്രജലനിരപ്പ് ഉയരുകയും ചെയ്തതിനു പിന്നാലെയാണ് അലക്സാണ്ട്രിയയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലായത്. പല ചരിത്ര ശേഷിപ്പുകളും ഇപ്പോഴും കടലിന്നടിയിലുണ്ടാകുമെന്നാണു സൂചന. പുതിയ ഒട്ടേറെ കണ്ടെത്തലുകൾ നടക്കുന്ന സാഹചര്യത്തിൽ കടലിലും പര്യവേക്ഷണം തുടങ്ങിക്കഴിഞ്ഞു ഗവേഷകർ.

English summary : Black sarcophagus uncovered in Egypt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA