300 കോവിഡ് ദിനങ്ങൾ; ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ കോവിഡ് ബാധ വേട്ടയാടിയ ബ്രിട്ടിഷ് വയോധികൻ

HIGHLIGHTS
  • 300 ദിനങ്ങൾ നീണ്ടുനിന്ന കോവിഡ് ബാധ:ഡേവ് സ്മിത്ത് ഒടുവിൽ രക്ഷപ്പെട്ടു
seventy-two-year-old-uk-man-tested-covid-positive-for-ten-straightm-months
ചിത്രത്തിന് കടപ്പാട്: യുട്യൂബ്
SHARE

കഴിഞ്ഞ വർഷം, ബ്രിട്ടനിൽ കോവിഡ് ഒന്നാം തരംഗം ആഞ്ഞടിച്ചപ്പോഴാണു ‍ബ്രിട്ടനിലെ എഴുപത്തിരണ്ടുകാരനായ ഡേവ് സ്മിത്തിനു കോവിഡ് ബാധിച്ചത്. അന്നു രാജ്യത്തു പലരെയും ബാധിച്ചതുപോലെയാണെന്നു ഡേവ് കരുതി. ഡേവിനൊപ്പം ബാധിച്ചവർ ആഴ്ചകൾക്കു ശേഷം മുക്തരായി. എന്നാൽ വീണ്ടും ടെസ്റ്റ് നടത്തി നോക്കിയ ഡേവിനു റിസൽറ്റ് പോസിറ്റീവെന്നു തന്നെയാണു കിട്ടിയത്. ഒരിക്കൽകൂടി തന്നെ വൈറസ് ആക്രമിച്ചതായിരിക്കുമെന്നാണു ഡേവ് സ്മിത്തും അദ്ദേഹത്തിന്റെ ഡോക്ടർമാരും കരുതിയത്. പക്ഷേ അങ്ങനെയല്ലായിരുന്നു, ആദ്യം ആക്രമിച്ച വൈറസ് ഡേവിനെ വിട്ടുപോയിരുന്നില്ല. ആ ബാധ തുടർന്നു, നീണ്ട 10 മാസങ്ങൾ!...ലോകത്തിൽ ഏറ്റവും കാലം കോവിഡ് ബാധിതനായിരുന്നെന്ന വേദനാജനകമായ റെക്കോർഡ് അതോടെ ഡേവിനെ തേടിയെത്തി.

∙ 5 തവണ തൊടാതെ മരണം

ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ ഡ്രൈവിങ് അധ്യാപകനായിരുന്നു ഡേവ് സ്മിത്ത്. അഭിനയകലയോട് താൽപര്യമുള്ള ഇദ്ദേഹം പണ്ട് ഒന്നു രണ്ടു ടിവി പരമ്പരകളിലും മറ്റും തല കാണിച്ചിട്ടുമുണ്ട്. ഭാര്യയോടൊത്ത് നഗരത്തിലെ ഒരു അപ്പാർട്മെന്റിലായിരുന്നു സ്മിത്ത് താമസിച്ചിരുന്നത്.എന്നാൽ കോവിഡ് ശരീരത്തിൽ കടന്നുകൂടിയതോടെ തീർത്തും ദൈന്യതയിലായി ഇദ്ദേഹത്തിന്റെ ജീവിതം. ആരോഗ്യം ചിലപ്പോൾ ഒന്നു മെച്ചപ്പെടും, എന്നാൽ പിന്നീട് ആരോഗ്യനില ഇടിഞ്ഞു താഴെവരും. വിശപ്പ് ഇല്ല. പതിയെപ്പതിയെ കിടക്ക വിട്ട് എഴുന്നേൽക്കാതെയായി. ഭാര്യ കട്ടിലിൽ വച്ചു സ്മിത്തിനെ ഷേവ് ചെയ്യിക്കുകയും കൈകാലുകൾ തുടച്ചു വൃത്തിയാക്കുകയും ചെയ്തു. മരിക്കുന്നതിനേക്കാൾ പേടി ജീവിക്കുന്നതിനോടു തോന്നിയ ദിനങ്ങളെന്നാണു സ്മിത്ത് ഈ കാലയളവിനെ വിശേഷിപ്പിക്കുന്നത്.

രോഗബാധിതനായിരുന്ന പത്തു മാസങ്ങൾക്കിടെ ഡേവ് നടത്തിയത് 42 ആർടിപിസിആർ ടെസ്റ്റുകളാണ്. എന്നാൽ എല്ലാം പോസീറ്റീവായിരുന്നു. പതിയെ പതിയെ ശാരീരികമായും മാനസികമായും ഡേവ് സ്മിത്ത് തകർന്നു തുടങ്ങി. ഏഴു തവണ രോഗം കലശലായി. ഇതെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അഞ്ച് തവണ ആശുപത്രി വാസത്തിനിടെ രോഗം മൂർച്ഛിച്ചു. മരണം ഏകദേശമുറപ്പായി. ഡേവ് സ്മിത്തിന്റെ സംസ്കാരച്ചടങ്ങുകൾക്ക് ഒരുക്കങ്ങളും തുടങ്ങി. എന്നാൽ ഓരോ തവണയും ജീവിതം ഡേവിനെ തിരികെ കൊണ്ടുവന്നുകൊണ്ടിരുന്നു.

∙ മരുന്നായെത്തിയ രക്ഷ

എന്തായിരുന്നു സ്മിത്തിന്റെ കുഴപ്പം? 2019ൽ ഇദ്ദേഹത്തിനു ലുക്കീമിയ ബാധിക്കുകയും തുടർന്ന് കീമോതെറപ്പി പോലുള്ള ചികിത്സകൾ നടത്തുകയും ചെയ്തു. തുടർന്ന് ആന്റിബോഡിയുടെ എണ്ണം കുറഞ്ഞതിനാൽ കോവിഡിനു പ്രതിരോധമൊരുക്കാനും കീഴടക്കാനും അദ്ദേഹത്തിന്റെ ശരീരം പരാജയപ്പെട്ടു.

ഡേവിന്റെ കഷ്ടതകൾക്ക് അവസാനം കണ്ടത് റെജിനെറോൺ എന്ന സ്ഥാപനം തയാറാക്കിയ സവിശേഷമായ ഒരു മരുന്ന് അദ്ദേഹത്തെ ചികിത്സിക്കാനായി ഉപയോഗിക്കാൻ ഡോക്ടർമാ‍ർ തീരുമാനിച്ചതോടെയാണ്. ആന്റിബോഡിയും ജൈവപ്രവർത്തനമുള്ള രാസസംയുക്തങ്ങളും ചേർന്നതായിരുന്നു മരുന്ന്. സ്മിത്തിന്റെ ശരീരത്തിലുള്ള കൊറോണ വൈറസിലുള്ള സ്പൈക്ക് പ്രോട്ടീനെ കൂടുതൽ കോശങ്ങളിലേക്കു ആക്രമണം നടത്തി പെരുകുന്നതിൽ നിന്നു തടയുകയായിരുന്നു മരുന്നിന്റെ ലക്ഷ്യം.

സാധാരണ ഗതിയിൽ ഈ മരുന്ന് ഉപയോഗിക്കാൻ സാധ്യമല്ലായിരുന്നു. മെഡിക്കൽ ബോഡിയുടെ സർവാംഗീകാരം ലഭിക്കാത്തതിനാലാണ് ഇത്. എന്നാൽ സ്മിത്തിന്റെ ദയനീയ സ്ഥിതി പരിഗണിച്ചു മരുന്ന് പരീക്ഷിക്കാൻ ബ്രിട്ടിഷ് അധികൃതർ അനുമതി നൽകുകയായിരുന്നു. മരുന്ന് ശരീരത്തിലെത്തി കുറച്ചുനാൾ പിന്നിട്ടതോടെ ഡേവ് സ്മിത്തിന്റെ ആരോഗ്യം പതിയെ മെച്ചപ്പെട്ടു തുടങ്ങി. ഓരോ ദിവസവും കുറച്ച് അടികൾ നടന്നുതുടങ്ങി. പിന്നീട് ടോയ്‌ലെറ്റിൽ സ്വയം പോയിത്തുടങ്ങി. അൽപാൽപമായി പടികളിറങ്ങാനും വസ്ത്രങ്ങൾ സ്വയം ധരിക്കാനുമൊക്കെ സ്മിത്തിനു കഴിഞ്ഞു. 45 ദിനങ്ങൾ. ഡേവ് സ്മിത്തിന്റെ ശരീരം വൈറസുമായി നിതാന്തയുദ്ധത്തിലായിരുന്നു ഇക്കാലയളവിൽ. ഒടുവിൽ ആ നിർണായകദിനമെത്തി. തന്റെ നാൽപത്തിമൂന്നാമത്തെ ആർടിപിസിആർ ടെസ്റ്റിനു സാംപിൾ കൊടുത്ത് സ്മിത്ത് പ്രാർഥനയോടെ നിന്നു....ഉദ്വേഗത്തിന്റെ നിമിഷങ്ങൾ.

ഒടുവി‍ൽ കാതിലേക്കു തേൻമഴ പോലെ ആ ഫലമെത്തി. ‘ഡേവ്, നിങ്ങൾ നെഗറ്റീവാണ്’. കളഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു ഡേവ് സ്മിത്തിന്. ആഹ്ലാദം കൊണ്ട് അദ്ദേഹം തുള്ളിച്ചാടി. ഒന്നൊഴിയാതെ എല്ലാ ബന്ധുക്കളെയും പരിചയക്കാരെയും ഫോണിൽ വിളിച്ച് ഡേവ് പറഞ്ഞു...‘അതേ, ഞാൻ നെഗറ്റീവായിരിക്കുന്നു’.

കോവിഡ് ലോകത്തെ ഇന്നും ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഡേവ് സ്മിത്തനെപ്പോലെയുള്ളവർ ലോകത്തിനു മുഴുവൻ പ്രതീക്ഷനൽകുകയാണ്..കഷ്ടതയുടെ ഈ കാലവും കടന്നുപോകുമെന്ന്...

English summary: Seventy two year old UK man tested Covid Positive for 10 straight months

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA