ഛിന്നഗ്രഹമോ ആറ്റംബോംബോ പറക്കും തളികയോ? സൈബീരിയയിൽ പൊട്ടിത്തെറിച്ച ആകാശതീഗോളം!

HIGHLIGHTS
  • ഒരുഗ്ര സ്‌ഫോടനം അന്നേദിവസം ടുംഗുസ്‌കയിൽ നടന്നു.
  • എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, നിന്നു
tunguska-explosion-in-1908-summary-cause-facts
Representative image. Photo Credits/ Shutterstock.com
SHARE

1908...ഇതുപോലൊരു ജൂൺ 29. രാവിലെ ഏഴരകഴിഞ്ഞ സമയത്ത്, സൈബീരിയയിലെ വാനവാരയിലുള്ള തന്റെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു ഒരു റഷ്യക്കാരൻ. വടക്കൻ ആകാശത്ത് തീപടരുന്നതായി അദ്ദേഹം കണ്ടു. അതിനു ശേഷം എന്തോ വലിയ രൂപത്തിലുള്ളത് പാഞ്ഞുവന്നിടിച്ചതു പോലെ ഒരു വലിയ ശബ്ദം. തുടർന്നു കുറച്ചുനേരത്തേക്കു ഭൂമി പ്രകമ്പനം കൊണ്ടു. പെട്ടെന്ന് തനിക്കു ചുറ്റുമുള്ള വായുവിനു ചൂടുപിടിക്കുന്നതായി അയാൾക്കു തോന്നി. അതൊരു വെറും തോന്നലായിരുന്നില്ല. ശരിക്കും താപനില കൂടിയിരുന്നു. വനവാരയിൽ നിന്ന് 60 കിലോമീറ്റർ അകലെ ടുംഗുസ്‌കയിൽ നടന്ന ഒരു സംഭവത്തിന്റെ ഫലമായായിരുന്നു പൊടുന്നനെയുണ്ടായ ആ ചൂട്. 

ഒരുഗ്ര സ്‌ഫോടനം അന്നേദിവസം ടുംഗുസ്‌കയിൽ നടന്നു. അതിന്റെ ആഘാതം രണ്ടായിരത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ പരന്നു. പൊടുന്നനെ ഉയർന്ന താപനിലയിൽ എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു. ഇത്തരം മരങ്ങളുടെ ഒരു കാട് തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇത്തരമൊരു കാഴ്ച ലോകം കാണുന്നത് 37 വർഷം കഴിഞ്ഞാണ്. യുഎസ് ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആക്രമണം നടത്തിയപ്പോൾ..

unguska-explosion-in-1908-summary-cause-facts1
Fallen trees at Tunguska . Photo credit : Youtube

ലോകമെങ്ങും ചർച്ചകളുയർത്തിയ ടുംഗുസ്‌ക സംഭവത്തിന്റെ തുടക്കമിങ്ങനെയാണ്. റഷ്യയിലെ സൈബീരിയയിൽ ഒഴുകുന്ന ഒരു നദിയാണു പോഡ്കമെന്നായ ടുംഗുംസ്‌ക. ഇതിനു മുകളിലുള്ള ഒരു കാട്ടിലായിരുന്നു സംഭവം. ടോക്കിയോ നഗരത്തിന്റെ വിസ്തീർണത്തിൽ, ഏകദേശം അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമി ഈ സ്‌ഫോടനത്തിൽ നശിച്ചു. പ്രദേശത്ത് അധിവസിച്ച ഒട്ടേറെ റെയിൻഡീർ മാനുകളും കൊല്ലപ്പെട്ടു. റെയിൻ20 മെഗാടൺ ടിഎൻടി അളവിലുള്ള സ്‌ഫോടനമാണ് ഇവിടെ സംഭവിച്ചതെന്നു കണക്കാക്കപ്പെടുന്നു. ഹിരോഷിമയിൽ വീണ അണുബോംബിന്റെ ആയിരമിരട്ടി ശേഷി.

പ്രദേശത്തു മനുഷ്യവാസം കുറവായതിനാൽ ആർക്കും മരണമുണ്ടാകുകയോ ചെയ്തില്ല. നാട്ടുകാർക്കും എന്താണ് സംഭവമെന്നു മനസ്സിലായില്ല. തങ്ങളുടെ ദൈവമായ ഓഗ്ഡി വന്നതാണെന്നായിരുന്നു സൈബീരിയയിലെ പ്രാദേശിക ജനതയുടെ വിശ്വാസം. അവർ അതിനെക്കുറിച്ച് ഒന്നും പുറത്തു പറഞ്ഞില്ല.

unguska-explosion-in-1908-summary-cause-facts2
Fallen trees at Tunguska . Photo credit : Youtube

1927ൽ ലിയോനിഡ് കുലിക് എന്ന സോവിയറ്റ് ശാസ്ത്രജ്ഞനാണ് ടുംഗുസ്‌കയിലേക്ക് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആദ്യ പര്യടനം നടത്തിയത്. ഇദ്ദേഹം സ്‌ഫോടനമേഖലയിലെത്തി പരിശോധനകൾ നടത്തി. ഇതിനു സമീപം താമസിച്ചിരുന്ന നാട്ടുകാരോട് സംവദിക്കുകയും വീണ മരങ്ങളും മറ്റും പരിശോധിക്കുകയും ചെയ്തു. 

വാൽനക്ഷത്രം, ഉൽക്ക, ഛിന്നഗ്രഹം എന്നിങ്ങനെ ബഹിരാകാശ വസ്തുക്കളിൽ എന്തെങ്കിലും ഇവിടേക്കു വന്നു പതിച്ചതാകാമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ആദ്യ നിഗമനം. പിന്നീട് നടന്ന ഗവേഷണങ്ങളിൽ ഛിന്നഗ്രഹസ്‌ഫോടനം സംഭവിച്ചിരിക്കാനാണ് ഏറ്റവും സാധ്യതയെന്ന് വിലയിരുത്തപ്പെട്ടു. ആറുലക്ഷം ടൺ ഭാരമുള്ള ഒരു ഛിന്നഗ്രഹമായിരിക്കാം ടുംഗുസ്‌കയിൽ പതിച്ചതെന്ന് പല ശാസ്ത്രജ്ഞരും വിധിയെഴുതി. എന്നാൽ വലിയൊരു പ്രശ്‌നമുണ്ടായിരുന്നു ഈ വാദത്തിന്. സാധാരണ ഛിന്നഗ്രഹ സ്‌ഫോടനങ്ങളിൽ, ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുന്നിടത്ത് ഇംപാക്ട് ക്രേറ്റർ എന്നറിയപ്പെടുന്ന ഒരു വലിയ ഗർത്തം രൂപപ്പെടാറുണ്ട്. എന്നാൽ ടുംഗുസ്‌കയിൽ ഇതു കാണാനുണ്ടായിരുന്നില്ല. ഛിന്നഗ്രഹത്തിന്റെതായി അവശിഷ്ടങ്ങളും ഇവിടെ നിന്നു കണ്ടെടുത്തില്ല. എന്തോ ചില അവശിഷ്ടങ്ങൾ കിട്ടിയിരുന്നു. പക്ഷേ ഇതു ഛിന്നഗ്രഹത്തിന്റേതാണെന്ന് തെളിയിക്കാനായില്ല.

എന്നാൽ ഛിന്നഗ്രഹം തന്നെയാണു സ്‌ഫോടനത്തിനു കാരണം എന്നു വാദിക്കുന്നവർ ഇതിനും ചില വാദഗതികൾ നിരത്തിയിട്ടുണ്ട്. ഭൂമിക്കു 5 മുതൽ 10 കിലോമീറ്റർ മുകളിലായിരിക്കാം ഛിന്നഗ്രഹം പൊട്ടിത്തെറിച്ചതെന്നും ഇതു ടുംഗുസ്‌കയിൽ പതിച്ചുകാണില്ലെന്നും എന്നാൽ പൊട്ടിത്തെറിയുടെ ഊർജത്തിൽ കാടുനശിച്ചതാകാം എന്നാണ് ഇവർ പറയുന്നത്. ഇതുമൂലം ഇംപാക്ട് ഗർത്തവും അവശിഷ്ടങ്ങളും ഇല്ലാതെ പോയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ആകാശത്ത് ഒരു തീഗോളം കണ്ടെന്ന പ്രദേശവാസികളുടെ സാക്ഷ്യപ്പെടുത്തലിനെ ഇവർ ഈ വാദവുമായി ചേർത്തുവയ്ക്കുന്നു. എന്നാൽ ഇന്നും ഛിന്നഗ്രഹവാദത്തെ വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടില്ല.

unguska-explosion-in-1908-summary-cause-facts
Representative image. Photo Credits/ Shutterstock.com

മറ്റു ചില കാരണങ്ങളും ടുംഗുസ്‌ക സ്‌ഫോടനത്തിനു കാരണമായി പറയപ്പെടുന്നുണ്ട്. ജർമനിയിലെ ബോൺ സർവകലാശാലയിൽ നിന്നുള്ള വോൾഫ്ഗങ് കുന്റ് എന്ന ഗവേഷകൻ സ്‌ഫോടനത്തിനു കാരണം ടുംഗുംസ്‌കയിലെ ഭൂമിക്കടിയിൽ നിന്നു പുറത്തേക്കു വന്ന പ്രകൃതിവാതകമാണെന്നു പറയുന്നു. കിംബർലൈറ്റ് എന്ന പാറക്കെട്ടുകൾ പ്രകൃതിവാതകത്തെ ദ്രാവക അവസ്ഥയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നു പ്രകൃതിവാതകം പുറത്തേക്കു പ്രവഹിച്ച് ഭൗമോപരിതലത്തിലെത്തിയാൽ ദ്രാവകം വാതകമായി മാറുകയും സ്‌ഫോടനത്തിനു വഴിയൊരുക്കുകയും ചെയ്യും. ഈ സിദ്ധാന്തവും പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

അജ്ഞാതമായ ഇത്തരം കാര്യങ്ങളിൽ സാധാരണ സംഭവിക്കുന്നതു പോലെ തന്നെ ഒട്ടേറെ ദുരൂഹതാ സിദ്ധാന്തങ്ങളും ടുംഗുസ്‌ക സംഭവത്തെക്കുറിച്ച് പ്രചരിച്ചു. ബഹിരാകാശ യാത്രികർ സഞ്ചരിച്ച ഒരു പറക്കും തളിക പ്രദേശത്തു പതിച്ചതാണെന്ന് ഇടയ്ക്ക് ഇതിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇങ്ങനെ ഒരു സാധ്യത മുന്നോട്ടുവച്ച് അലക്‌സാണ്ടർ കാസന്‌റ്‌സേവ് എന്ന എഴുത്തുകാരൻ ഒരു കഥ രചിച്ചതോടെയാണ് ഈ അഭ്യൂഹത്തിനു വേരുറച്ചത്.

ബഹിരാകാശത്തു നിന്നെത്തിയ ആന്‌റിമാറ്റർ (പ്രതിദ്രവ്യം) മൂലമാണു സ്‌ഫോടനമെന്ന് ഇടയ്‌ക്കൊരു സിദ്ധാന്തം പ്രചരിച്ചു. ഭൗമാന്തരീക്ഷത്തിലേക്കു കടന്നു വന്ന തമോഗർത്തമാണ് വില്ലനായതെന്നും അതല്ല, യുഎസ് അക്കാലത്തു തന്നെ ആണവായുധം വികസിപ്പിച്ചെന്നും അതു പരീക്ഷിക്കാൻ ടുംഗുസ്‌ക തിരഞ്ഞെടുത്തതാണെന്നും സിദ്ധാന്തങ്ങളുണ്ടായി. അക്കാലത്തു ജീവിച്ചിരുന്ന മഹാശാസ്ത്രജ്ഞനായ നിക്കോള ടെസ്ലയുടെ വിവാദ പദ്ധതിയായ ഡെത്ത് റേയുടെ പരീക്ഷണമാണ് ഇവിടെ നടന്നതെന്നും വാദങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയൊക്കെയും തികച്ചും ഭാവനയിൽ അധിഷ്ഠിതമായ കാരണങ്ങളും കെട്ടിച്ചമയ്ക്കലുകളുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ടുംഗുസ്‌കയിൽ ശരിക്കും എന്താണു സംഭവിച്ചത്. ഭൂരിപക്ഷം ശാസ്ത്രജ്ഞരും പറയുന്നതുപോലെ ഒരു ഛിന്നഗ്രഹവിസ്‌ഫോടനമാണെന്നു തന്നെ വിശ്വസിക്കാം. എന്നാൽ മറ്റു ദുരൂഹമായ കാരണങ്ങളുണ്ടോ? ഇല്ലെന്നു നമുക്കിപ്പോൾ പറയാനാകില്ല.113 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു ചുരുളഴിയാ രഹസ്യമായി ടുംഗുസ്‌ക ഇന്നും ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്നു.

English summary: Tunguska explosion in 1908- Summary, cause and facts

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA