ചതുപ്പ് നിലത്തിൽ കണ്ടെത്തിയ പ്രാചീന മമ്മി: മരിച്ചത് തൂക്കിലേറ്റപ്പെട്ട് ! കഥകൾ ചുരുളഴിയുമ്പോൾ

HIGHLIGHTS
  • തൊട്ടുമുൻപുള്ള ദിവസം മരിച്ചതാണെന്നു വീട്ടുകാർക്കു തോന്നി
tollund-man-preserved-prehistoric-denmark-and-tale-ritual
ചിത്രത്തിന് കടപ്പാട് ; വിക്കി പീഡിയ
SHARE

അവർ അയാളുടെ കൈയിലേക്ക് കഞ്ഞിപ്പാത്രം വച്ചു കൊടുത്തു. ബാർലിയും വിവിധ ധാന്യങ്ങളും കൊണ്ട് തയാർ ചെയ്തിരുന്ന ആ കഞ്ഞിയിൽ മണൽത്തരികളും വിതറിയിരുന്നു. കഞ്ഞിക്കൊപ്പം മറ്റൊരു പാത്രത്തിൽ പാചകം ചെയ്തെടുത്ത ദശയുള്ള ഒരു മത്സ്യവുമുണ്ടായിരുന്നു. ചരിത്രാതീത കാലത്തിനപ്പുറം ആ അജ്ഞാത മനുഷ്യൻ സ്വാദോടെ കഞ്ഞി കുടിച്ചു. മത്സ്യത്തിന്റെ കഷണങ്ങൾ വായിലേക്കിട്ടു.

അതയാൾക്കുള്ള അവസാന ഭക്ഷണമായിരുന്നു. അതിനു ശേഷം അവർ അയാളെ കഴുമരത്തിലേക്ക് ആനയിച്ചു. കഴുത്തിൽ കയറു കൊണ്ടുള്ള കുടുക്കിട്ടു. നിമിഷങ്ങൾക്കുള്ളിൽ അയാളുടെ ശവം കഴുമരത്തിൽ തൂങ്ങിയാടി. അവർ കയർ അറുത്ത ശേഷം ആ മൃതദേഹം ചതുപ്പിലേക്കു തള്ളി. രണ്ടായിരത്തഞ്ഞൂറ് വർഷങ്ങൾ അയാളുടെ ശവശരീരം ആ ചതുപ്പിൽ കിടന്നു...അഴുകാതെ, പൊടിയാതെ, അതേ നിർവികാരമായ മുഖഭാവത്തോടെ.....

1950 ലാണ് ആ നിദ്രയ്ക്ക് അവസാനമായത്. ഡെൻമാർക്കിലെ  ടോളൻഡിലുള്ള ഒരു കുടുംബം ഒരു ചതുപ്പിൽ ഉണങ്ങിയ പുല്ലും വിറകുകളുമൊക്കെ തിരിയുകയായിരുന്നു. പെട്ടെന്നാണ് അടിമുടി കറുപ്പ് നിറമുള്ള ഒരു മൃതശരീരം അവരുടെ ശ്രദ്ധയിൽ പെട്ടത്.ശരീരത്തിന്റെ കഴുത്തിൽ ഒരു കയർ കുരുങ്ങിയിരിക്കുന്നത് കാണാമായിരുന്നു. മൃതദേഹം നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടതിനാൽ, തൊട്ടുമുൻപുള്ള ദിവസം മരിച്ചതാണെന്നു വീട്ടുകാർക്കു തോന്നിപ്പോയി. ഇതു കണ്ടു ഭയന്ന അവർ പൊലീസിനെ വിളിച്ചു. അധികാരികൾ സ്ഥലത്തെത്തുകയും പരിശോധനകൾ നടത്തിയപ്പോൾ ഈ മൃതദേഹത്തിന്റെ ഉടമസ്ഥൻ ഇരുമ്പ് യുഗത്തിൽ ജീവിച്ചിരുന്നയാളാണെന്നു മനസ്സിലാക്കുകയും ചെയ്തു. ടോളൻഡ് മാൻ എന്ന് പിൽക്കാലത്ത് ആ ശരീരം അറിയപ്പെട്ടു. പ്രകൃതിയൊരുക്കിയ പ്രാചീന മമ്മി! അതാണു ടോളൻഡ് മാൻ .2600 വർഷം പഴക്കമുള്ള ടോളൻഡ് മാൻ ബിസി 400 ലാണ് ജീവിച്ചിരുന്നത്.

മമ്മി എന്നു കേട്ടാൽ നമുക്ക് ഓർമ വരുന്നത് ഈജിപ്തിലെ മമ്മികളെക്കുറിച്ചാണ്. മരിച്ചവരുടെ ശരീരങ്ങൾ വളരെ സങ്കീർണമായ പ്രക്രിയകൾക്കു വിധേയമാക്കി കാലാകാലങ്ങളോളം സൂക്ഷിച്ചു വയ്ക്കുന്ന പ്രക്രിയയാണ് മമ്മിവത്കരണം. എന്നാൽ ചിലപ്പോൾ പ്രകൃതി തന്നെ സ്വാഭാവികമായി ചില മൃതശരീരങ്ങൾ മമ്മി രൂപത്തിലാക്കാറുണ്ട്. പീറ്റ് ബോഗ് എന്നറിയപ്പെടുന്ന ചതുപ്പുനിലങ്ങളിൽ കിടക്കുന്ന ശവശരീരങ്ങളാണ് ഇത്തരത്തിൽ മമ്മിയായി മാറുന്നത്. ബോഗ് ശരീരങ്ങൾ എന്ന് ഇവ അറിയപ്പെടുന്നു. ചതുപ്പുനിലങ്ങളിലെ അമ്ലതയും താപനിലയും കൂടിയ വെള്ളമാണ് ഇതിന് വഴിയൊരുക്കുന്നത്.സൂക്ഷ്മാണുക്കൾക്ക് ഈ സാഹചര്യങ്ങളിൽ ശരീരത്തെ ആക്രമിച്ച് അഴുകിപ്പിക്കാനാകില്ല എന്നതാണ് ഇതിനു കാരണം.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബോഗ് ശരീരം ഡെൻമാർക്കിൽ കണ്ടെടുത്ത കോൽബെർഗ് മനുഷ്യന്റേതാണ്. 10000 വർഷം പഴക്കമുള്ളതാണ് ഈ ശരീരം. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ടോളൻഡ് മാനിന്റെ ശരീരം തന്നെയാണ്. ഏറെക്കുറെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അതുപോലെ സംരക്ഷിക്കപ്പെട്ടതാണ് ഈ മമ്മി. മരിച്ചു കിടന്നപ്പോഴുള്ള മുഖഭാവം പോലും അതുപോലെ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ആദിമകാലത്ത് എന്തെങ്കിലും കുറ്റം ചെയ്തതിനാൽ കഴുവിലേറ്റി ശിക്ഷിച്ചതാകാം ടോളൻഡ് മാനെയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ കഴിഞ്ഞ ദിവസം ഡെൻമാർക്കിലെ സിൽക്ബർഗ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ കുറെ പഠനഫലങ്ങൾ പുറത്തുവിട്ടു. ടോളൻഡ് മാന്റെ വയറ്റിലാണ് ഇവർ ശ്രദ്ധയോടെ പരീക്ഷണം നടത്തിയത്. അങ്ങനെ അദ്ദേഹം അവസാനം കഴിച്ച ഭക്ഷണത്തിന്റെ വിശദാംശങ്ങൾ അറിയാൻ അവർക്കു സാധിച്ചു.വളരെ വ്യത്യസ്തതയുള്ള ഭക്ഷണമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പലവിധ ധാന്യങ്ങളിട്ടുള്ള കഞ്ഞിയും മത്സ്യം പാകം ചെയ്തതും. ഡെൻമാർക്കിൽ അക്കാലത്ത് മത്സ്യം വ്യാപകമായി ഭക്ഷിക്കില്ലായിരുന്നത്രേ. വിശേഷാവസരങ്ങളിലായിരുന്നു വലിയ മത്സ്യങ്ങൾ പാകം ചെയ്തിരുന്നത്. അതിനാൽ ഡെൻമാർക്കിൽ 500 ബിസി കാലഘട്ടത്തിൽ നിലനിന്ന പ്രാചീന സമൂഹം തങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമായിട്ടാകാം ടോളൻഡ്മാനെ കഴുവിലേറ്റി കൊന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

English summary : Tollund man preserved prehistoric Denmark and tale ritual

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA