ADVERTISEMENT

തെലങ്കാനയിലെ 800 വർഷം പഴക്കമുള്ള രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടു. വാറങ്കലിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും അധികാരത്തിലിരുന്ന കാകതീയ രാജവംശത്തിന്റെ ഭരണകാലമായ എഡി 1213 ലാണ് ക്ഷേത്രം നിർമിക്കപ്പെട്ടത്.രുദ്രേശ്വരം ക്ഷേത്രം എന്നു കൂടി പേരുണ്ട്. തെലങ്കാനയിലെ വാറംഗലിൽനിന്ന് 77 കിലോമീറ്ററകലെ പാലംപേട്ട് ഗ്രാമത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാകതീയ രാജാവായ ഗണപതി ദേവയുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ സൈന്യാധിപനായ രുദ്രയാണു ക്ഷേത്രനിർമാണത്തിനു നേതൃത്വം നൽകിയത്. ഗണപതി ദേവയുടെ ഭരണകാലം വാറങ്കലിന്റെ സുവർണകാലം എന്നാണ് അറിയപ്പെടുന്നത്. ഈ സമയം സാഹിത്യവും കലയും സംഗീതവുമൊക്കെ മേഖലയിൽ വളർന്നു വികസിച്ചിരുന്നു.

 

രാമലിംഗേശ്വരസ്വാമി എന്ന പേരിൽ പരമശിവനാണു രാമപ്പ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. എന്നാൽ ക്ഷേത്രത്തിന്റെ പേരായ രാമപ്പ എത്തിയത് ക്ഷേത്രം നിർമിച്ച ശിൽപിയിൽ നിന്നാണ്. ഇന്ത്യയിൽ ക്ഷേത്രം നി‍ർമിച്ച ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രമാണ് രാമപ്പ ക്ഷേത്രമെന്ന് തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റ് പറയുന്നു.

 

പ്രാചീനകാലത്തെ ഒട്ടേറെ വിസ്മയകരമായ നിർമാണ രീതികൾ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. വെള്ളത്തിൽ മുങ്ങാതെ ഒഴുകിക്കിടക്കുന്ന ഇഷ്ടികകളാണ് ക്ഷേത്രനിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇതു സാധിച്ചതെന്ന് ഇന്നും വാസ്തുവിദ്യാവിദഗ്ധർക്ക് പൂർണമായി അറിയില്ല. ഇഷ്ടികകളിൽ മരപ്പൊടി ഉപയോഗിച്ച് എന്തോ പ്രക്രിയകൾ ചെയ്താകാം ഈ രീതിയിലാക്കിയത്.

 

നാൽപതു വർഷത്തോളം എടുത്താണ് ക്ഷേത്രനിർമാണം പൂർത്തീകരിച്ചത്. ആറടിപ്പൊക്കമുള്ള ഒരു പീഠഘടനയിൽ നിർമിച്ച രീതിയാണ് ക്ഷേത്രത്തിന്. ചുറ്റും കാകതീയ നിർമാണകലയുടെ കൊടിയടയാളങ്ങളായ മിഴിവേറിയ ശിൽപങ്ങളും മറ്റു കലാസൃഷ്ടികളും കാണാം. ക്ഷേത്രത്തിലെ തൂണുകളാണ് വിസ്മയമുണർത്തുന്ന മറ്റു നിർമിതികൾ. ഈ തൂണുകളിലും വൈദഗ്ധ്യത്തോടെ ഒട്ടേറെ ശിൽപങ്ങൾ കൊത്തിയിട്ടുണ്ട്.

 

ഇന്ത്യയിലെത്തിയ പല യൂറോപ്യൻ സഞ്ചാരികളിലും ക്ഷേത്രം വലിയ അദ്ഭുതമുളവാക്കിയിരുന്നു. ഇറ്റാലിയൻ സഞ്ചാരിയായ മാർക്കോ പോളോ ഒരിക്കൽ ക്ഷേത്രത്തിനു സമീപമെത്തുകയും ഡെക്കാനിലെ ക്ഷേത്രങ്ങൾക്കിടയിലെ തിളങ്ങുന്ന നക്ഷത്രമാണു രാമപ്പ ക്ഷേത്രമെന്ന് പറയുകയും ചെയ്തു.

 

രാമപ്പ ക്ഷേത്രത്തിനോടൊപ്പം ചൈനയിലെ ക്വൻഷു സാംസ്കാരികമേഖല, ഇറാനിലെ ട്രാ‍ൻസ് ഇറാനിയൻ തീവണ്ടിപ്പാത, സ്പെയിനിലെ പാസോ ഡെൽ പ്രാഡോ, ബൂയൻ റെറ്റീറോ എന്നിവയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതിനു മുൻപ് 38 ഇടങ്ങൾ യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ, അഞ്ച് ഇടങ്ങൾ.

English summary : Telanganas Ramappa temple gets UNESCO's world heritage tag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com