ഒളിംപിക്സ് വേദിയിൽ പൊട്ടിത്തെറിച്ച ബോംബ്: അറ്റ്ലാന്റയിലെ വൻനടുക്കത്തിന് 25 വർഷം

HIGHLIGHTS
  • വ്യാജ ഫോണാണോ ഇതെന്ന് പൊലീസ് സംശയിച്ചു
centennial-olympic-park-bombing
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
SHARE

ജാപ്പനീസ് തലസ്ഥാന നഗരമായ ടോക്യോവിൽ ഒളിംപിക്സ് പുരോഗമിക്കുകയാണ്. എന്നാൽ ലോകത്തെ ഞെട്ടിച്ച ഒരു ഒളിംപിക്സ് സംഭവത്തിന്റെ 25ാം വാർഷികം കൂടി ഇതിനിടയിൽ കടന്നു പോകുന്നു. 1996ൽ യുഎസിൽ നടന്ന ഒളിംപിക്സിൽ ബോംബ് പൊട്ടിത്തെറിച്ചതാണ് ഇത്. അതീവ പ്രൗഢിയോടെയാണ് യുഎസിലെ അറ്റ്ലാന്റയിൽ ഒളിംപിക്സ് സംഘടിപ്പിക്കപ്പെട്ടത്. 1994ൽ ലോകകപ്പ് ഫുട്ബോൾ വൻവിജയത്തിൽ സംഘടിപ്പിച്ച അമേരിക്കയിലേക്ക് രണ്ടു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഒളിംപിക്സ്. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയാണു ദീപശിഖ കൊളുത്തിയത്. മൈക്കൽ ജോൺസൺ, കെറി സ്ട്രഗ്, ആന്ദ്രെ അഗാസി, കാൾ ല്യൂയിസ്, ഫ്ലോ ജോ, ജാനറ്റ് ഇവാൻസ് തുടങ്ങി വൻ താരനിര ഒളിംപിക്സിൽ പങ്കെടുക്കാനുണ്ടായിരുന്നു. ഇക്കാരണങ്ങളാൽ തന്നെ വലിയ ജനശ്രദ്ധ അറ്റ്ലാന്റ ഒളിംപിക്സിനു കൈവന്നു.

ഇതോടൊപ്പം തന്നെ ഒളിംപിക്സിലെ ബോംബ് സ്ഫോടനവും ചരിത്രത്തിന്റെ ഭാഗമായി.1996 ജൂലൈ 27നു ജോർജിയൻ പൊലീസിനു ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തോടെയാണു സംഭവങ്ങളുടെ തുടക്കം. അറ്റ്ലാന്റയിലെ ഒളിംപിക്സ് വേദിയായ സെന്റിനിയൽ ഒളിംപിക് പാർക്കിൽ ബോംബ് വച്ചിട്ടുണ്ടെന്നും 30 മിനിറ്റിനകം അതു പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. തങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ള വ്യാജ ഫോണാണോ ഇതെന്ന് പൊലീസ് സംശയിച്ചു. എന്നാ‍ൽ കൃത്യം 20 മിനിറ്റിനു ശേഷം പാർക്കിൽ പൊട്ടിത്തെറി നടക്കുകതന്നെ ചെയ്തു. ഒരു ബാഗിൽ കൊണ്ടു വന്ന ബോംബിൽ സ്ഫോടനം സംഭവിക്കുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടു. ജോർജിയ സ്വദേശിനിയായ ആലീസ് ഹോത്തോണും, ടർക്കിഷ് മാധ്യമപ്രവർത്തകനായ മെലി ഉസ്ന്യോളുമായിരുന്നു മരിച്ചത്. 111 പേർക്ക് പരുക്കേറ്റു. സംഭവം ലോകശ്രദ്ധ നേടി.

താമസിയാതെ ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ  കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ആദ്യം സംശയിക്കപ്പെട്ടത് സ്റ്റേഡിയത്തിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ റിച്ചഡ് ജ്യുവലിനെയാണ്. ബോംബ് വഹിച്ച ബാഗ് കൃത്യമായി കണ്ടെത്താൻ ജ്യുവൽ പൊലീസിനെ സഹായിച്ചതോടെയാണ് ഈ സംശയത്തിനു തുടക്കം. എന്നാൽ ജ്യുവലിന് ഈ സംഭവങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

പിന്നീട് മാസങ്ങളോളം നടന്ന അന്വേഷണങ്ങൾ. ഒടുവിൽ 1996 ഒക്ടോബറിൽ ജ്യുവൽ കുറ്റക്കാരനല്ലെന്ന് യുഎസ് കോടതി വിധിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം 1998 ഫെബ്രുവരിയിലാണ് യഥാർഥ പ്രതിയായ എറിക് റോബർട് റുഡോൾഫ് ചിത്രത്തിലേക്കു വരുന്നത്. കൊടുംക്രിമിനലായ ഇയാളുടെ പേരിൽ മറ്റ് 23 കേസുകൾ കൂടിയുണ്ടായിരുന്നു. അലബാമയിലെ ഗർഭഛിദ്ര ക്ലിനിക് ആക്രമിച്ചതും ഇക്കൂട്ടത്തിൽ പെടും. 

എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ഇയാൾ വിദഗ്ധമായി മുങ്ങി. പിടികിട്ടാപ്പുള്ളിയായി റുഡോൾഫിനെ പൊലീസ് പ്രഖ്യാപിക്കുകയും അപ്പലാച്ചിയൻ മലനിരകൾ കേന്ദ്രീകരിച്ച് അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. കുറെയേറെ വർഷങ്ങൾ മുങ്ങി നടന്നശേഷം ഇയാളെ 2003ൽ നോർത്ത് കാരലീനയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ നയങ്ങളോടുള്ള വിയോജിപ്പ് മൂലമാണു താൻ സ്റ്റേഡിയത്തിൽ ബോംബ് വച്ചതെന്ന് റുഡോൾഫ് പറഞ്ഞു. 120 വർഷത്തെ തടവുശിക്ഷയ്ക്ക് ഇയാൾ വിധിക്കപ്പെട്ടു. നിലവിൽ കൊളറാഡോയിലെ ഫ്ലോറൻസിലുള്ള ജയിലിൽ തടവിലാണ് റുഡോൾഫ്.

English summary : Centennial Olympic Park bombing

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA