രണ്ടാം ആണവയുദ്ധത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ലോകം-സൗരവാതം വിതച്ച വിന

HIGHLIGHTS
  • ലോകത്തെ ഞെട്ടിച്ചുകൊണ്ട് അണുബോംബ് വീണ ദിനം
Hiroshima day
SHARE

ഇന്ന് ഓഗസ്റ്റ് 6 - ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അണുബോംബ് വീണ ദിനം. പിന്നീട് നാഗസാക്കിയിലും അണുബോംബ് വീണു. ലോകത്ത് ലക്ഷക്കണക്കിനു പേർ നേരിട്ടും അതിലധികം പേർ പ്രത്യാഘാതങ്ങൾ മൂലവും മരിച്ചു. മനുഷ്യർ നിർമിച്ച ഏറ്റവും മാരകമായ ആയുധത്തിന്റെ സംഹാര തീക്ഷ്ണത ലോകം നേരിട്ടു കണ്ട നാളുകൾ. പിന്നീട് അണുബോംബുകൾ യുദ്ധങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടില്ലെന്ന് നമുക്കറിയാം. എന്നാൽ ഒരിക്കൽ ലോകം രണ്ടാമതൊരു ആണവയുദ്ധത്തെ നേരിട്ടിരുന്നു. ചില ശാസ്ത്രജ്ഞരുടെ കൃത്യവും സമയബന്ധിതവുമായ ഇടപെടൽ മൂലം ആ യുദ്ധം നടന്നില്ല.

രണ്ടാം ലോകയുദ്ധത്തിനു ശേഷം യുഎസും സോവിയറ്റ് യൂണിയനും ചേരിതിരിഞ്ഞുള്ള ശീതയുദ്ധം ലോകത്ത് കൊടുമ്പിരി കൊണ്ട നാളുകളായിരുന്നു അത്. നേരിട്ട് ഏറ്റുമുട്ടാൻ നിൽക്കാതെ എല്ലാമേഖലകളിലും അന്യോന്യം വെല്ലുവിളിക്കാൻ യുഎസും സോവിയറ്റ് യൂണിയനും മത്സരിച്ചു. 1967, ശീതയുദ്ധം തുടങ്ങിയിട്ട് 20 വർഷങ്ങളായെങ്കിലും തണുത്തിരുന്നില്ല. ഇരുരാജ്യങ്ങളും ആണവശക്തികളായിരുന്നു. അതിനാൽ തന്നെ എതിരാളിയിൽ നിന്ന് ഒരു ആണവാക്രമണം ഇരുവരും പ്രതീക്ഷിക്കുകയും അതിനെ പേടിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയനിൽ നിന്ന് ആണവ മിസൈൽ ആക്രമണമുണ്ടായാൽ ചെറുക്കാനായി യുഎസ് ചേരി വടക്കൻ അലാസ്‌ക, ഗ്രീൻലൻഡ്, വടക്കൻ ബ്രിട്ടൻ എന്നിവിടങ്ങളിൽ റഡാറുകൾ സ്ഥാപിച്ചിരുന്നു. അതീവ നയതന്ത്രപ്രാധാന്യമുള്ളവയായാണ് ഈ റഡാറുകൾ കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഏതെങ്കിലും രാജ്യം നശിപ്പിക്കുകയോ ജാം ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ അവർക്കെതിരെ ആണവയുദ്ധമെന്നതായിരുന്നു യുഎസിന്റെ പ്രഖ്യാപിത നിലപാട്.

hiroshima
ഫയൽ ചിത്രം

1967 മേയ് 23 രാത്രിയിൽ പൊടുന്നനെ ഈ 3 റഡാറുകളും പ്രവർത്തന രഹിതമായി. യുഎസ് പ്രതിരോധവൃത്തങ്ങൾ ആശങ്കയിലും ജാഗ്രതയിലുമായ നിമിഷങ്ങളായിരുന്നു അത്. ഒരു ഹൈ അലർട്ട് അവർ പുറപ്പെടുവിച്ചു. സോവിയറ്റ് യൂണിയൻ തങ്ങളെ ആണവായുധങ്ങൾ വച്ച് ആക്രമിക്കുന്നതിനു മുന്നോടിയായി റഡാറുകൾ നിർവീര്യമാക്കിയതാകാം എന്ന് അവർ അനുമാനിച്ചു. ആക്രമണത്തിനു മുൻപ് തന്നെ തിരിച്ചടി കൊടുക്കാനായി ആണവായുധങ്ങൾ വഹിച്ച വിമാനങ്ങൾ ആകാശത്തേക്കു പറക്കാൻ അവർ അനുമതി നൽകി. സംഘർഷഭരിതമായ അവസ്ഥ.

എന്നാൽ വിമാനങ്ങൾ പറന്നു പൊങ്ങുന്നതിനു മുൻപ് തന്നെ ഒരു കൂട്ടം കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രതിരോധവകുപ്പിനെ സമീപിച്ചു. അമേരിക്കയുടെ കാലാവസ്ഥാ സ്ഥാപനമായ നൊറാദിലെ ശാസ്ത്രജ്ഞരായിരുന്നു അവർ. സോവിയറ്റ് യൂണിയൻ നിർവീര്യമാക്കിയതു മൂലമല്ല റഡാറുകൾ പ്രവർത്തനരഹിതമായതെന്നും മറിച്ച് ഒരു വലിയ സൗരവാതം കാരണമാണെന്നും അവർ അറിയിച്ചു. അറുപതുകളിൽ സൗരവാതങ്ങളേക്കുറിച്ചുള്ള അറിവുകൾ വളരെ പരിമിതമാണ്. റേഡിയോ ആസ്‌ട്രോണമി അന്ന് വലിയൊരു മേഖലയായിട്ടില്ല. നിരീക്ഷണങ്ങളിൽ കൂടിയാണ് അന്ന് സൗരവാതങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നത്.

എങ്ങനെയാണ് ആ ശാസ്ത്രജ്ഞർക്ക് റഡാറുകൾ നിർവീര്യമാക്കിയത് സൗരവാതങ്ങളാണെന്നു മനസ്സിലാക്കാൻ സാധിച്ചത്.? ആ വർഷം മെയ് പകുതിയോടെ തന്നെ ധാരാളം സൗരകളങ്കങ്ങൾ സൂര്യമുഖത്ത് പ്രത്യക്ഷപ്പെട്ടത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു മനസ്സിലാക്കിയിരുന്നു. ഒരു വമ്പൻ സൗരവാതം സംഭവിക്കാനുള്ള സാധ്യത ഇത്തരത്തിൽ അവർ നേരത്തെ തന്നെ വിലയിരുത്തി വച്ചു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

അന്ന് ആ ശാസ്ത്രജ്ഞർ വിലപ്പെട്ട ആ വിവരം യുഎസ് അധികൃതരെ അറിയിച്ചിരുന്നില്ലെങ്കിൽ അമേരിക്ക സോവിയറ്റ് യൂണിയനെ ആണവായുധം ഉപയോഗിച്ച് ആക്രമിച്ചേനെ. ആണവശേഷിയും അമേരിക്കയോടു കിടപിടിക്കുന്ന സൈനിക കരുത്തും ഉണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തിരിച്ചും ആണവായുധം പ്രയോഗിച്ചേനെ. തുടർന്ന് ഇതൊരു മൂന്നാം ലോകയുദ്ധത്തിനു വഴി വച്ചു സർവനാശത്തിന് ഇട വരുത്താനും സാധ്യത ഉണ്ടായിരുന്നു. ശാസ്ത്രം നമ്മെ രക്ഷിച്ചു.

English summary : United States and Soviet Union step back from brink of nuclear war

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA