ADVERTISEMENT

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സമുദ്രത്തിനടിയിൽ മറഞ്ഞ ഒരു ഈജിപ്ഷ്യൻ നഗരത്തിൽനിന്നും അമൂല്യ വസ്തുക്കൾ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അണ്ടർവാട്ടർ ആർക്കിയോളജിയിലെ ഗവേഷകരാണ് തോണിസ് ഹെറാക്ലിയൻ എന്ന പുരാതന ഈജിപ്ഷ്യൻ നഗരത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്. രണ്ടായിരം വർഷങ്ങൾക്കു മുൻപ്  ഈജിപ്തിലെ മതപരമായ കാര്യങ്ങളുടെയും വ്യാപാരത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു ഈ നഗരം എന്നാണ് നിഗമനം. 

 

നഗരത്തിൽ നിർമ്മിക്കപ്പെട്ട ഒരു വലിയ ശവകുടീരത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തലുകളിൽ പ്രധാനം. 60 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമാണ് ശവകുടീരത്തിനുള്ളത്. ഗ്രീക്കിൽ നിന്നും ഇറക്കുമതി ചെയ്ത ആഡംബര മൺപാത്രങ്ങളും ചൂരൽ കുട്ടകളും സമുദ്രത്തിനടിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടകളിൽ മുന്തിരി വിത്തുകൾ നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോ ആണ് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയത്. 

 

നാലാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തിന് ശേഷമുള്ള ഒരു വസ്തുക്കളും  ഇവിടെനിന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ അതിനുശേഷവും ഏതാനും നൂറ്റാണ്ടുകൾ ഈ നഗരത്തിൽ  ജനങ്ങൾ ജീവിച്ചിരുന്നു എന്നാണ്  അനുമാനം. അതിനാൽ അമൂല്യ വസ്തുക്കൾ കണ്ടെത്തിയ പ്രദേശം നഗരത്തിലെ തന്നെ അടച്ചിടപ്പെട്ട മേഖലകളിൽ ഒന്നായിരിക്കാമെന്ന് ഗോഡിയോ പറയുന്നു. 

 

തുടർച്ചയായുണ്ടായ ഭൂകമ്പങ്ങളും  വേലിയേറ്റവും മൂലമാവാം നഗരം സമുദ്രത്തിനടിയിലായതെന്നാണ് വിലയിരുത്തൽ. ഈജിപ്തിലെ ടൂറിസം ആൻഡ് ആന്റിക്വറ്റീസ് മന്ത്രാലയവുമായി ചേർന്നാണ് ഗവേഷകർ പര്യവേഷണം നടത്തിയിരിക്കുന്നത്.

English summary ; Archaeological treasures discovered at 2000 years old Egyptian city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com