ADVERTISEMENT

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ആറ്റം ബോംബ് വർഷിച്ചതിന്റെ ഓർമദിനങ്ങളാണു കടന്നു പോയത്. മനുഷ്യരാശി അക്ഷരാർഥത്തിൽ ഞെട്ടിയ ആ മാരകസ്ഫോടനം ഒരുപാടു മാറ്റങ്ങൾ ലോകത്തുണ്ടാക്കി. സാമ്പത്തികരംഗം മുതൽ കലയിലും സംസ്കാരത്തിലും വരെ അതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമായി. ലോകമെമ്പാടുമുള്ള കുട്ടികൾക്കും സയൻ‍സ് ഫിക്‌ഷൻ സിനിമാപ്രേമികൾക്കും ഒരു പോലെയിഷ്ടമുള്ള ഗോഡ്സിലയുടെ പിറവിക്കു പിന്നിലും ആണവദുരന്തത്തിന്റെ ചരിത്രമുണ്ട്. ശരിക്കും പറഞ്ഞാൽ ആണവ ആക്രമണത്തിനെതിരെയുള്ള ജപ്പാന്റെ നിശബ്ധ പ്രതിഷേധമായിരുന്നു ഗോഡ്സില.

ആറ്റംബോംബ് വീണതോടെ ജപ്പാൻ രണ്ടാംലോകയുദ്ധത്തിൽ അടിയറവ് പറയുന്നതായി രാജ്യത്തിന്റെ ചക്രവർത്തി പ്രഖ്യാപിച്ചു. അപ്പോഴേക്കും രണ്ടു ലക്ഷത്തിലധികം പേർ മരിച്ചിരുന്നു. തുടർന്ന് യുഎസ് സേന ജപ്പാനിൽ ആധിപത്യമുറപ്പിച്ചു. അണുബോംബ് ആക്രമണത്തെക്കുറിച്ചുള്ള ഒരു കാര്യങ്ങളും പ്രചരിക്കുന്നത് യുഎസിന് ഇഷ്ടമായിരുന്നില്ല. ഇതെക്കുറിച്ചുള്ള പത്രവാർത്തകൾ, ഓർമക്കുറിപ്പുകൾ, പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം യുഎസ് നിരോധിച്ചു. ഓപ്പറേഷൻ ബ്ലാക്ക് ലിസ്റ്റ് എന്നറിയപ്പെട്ട ഈ പ്രക്രിയ 1952 വരെ നീണ്ടു.പിന്നീട് അമേരിക്കൻ ഉപരോധം അവസാനിച്ചെങ്കിലും ജാപ്പനീസ് പൊതുബോധത്തിൽ നിന്ന് ആണവാക്രമണം മറഞ്ഞു തുടങ്ങിയിരുന്നു.

godzilla-was-created-out-of-nuclear-disaster-in-japan-after-the-hiroshima-and-nagasaki-bombings1
ഇഷിറോ ഹോണ്ട. ചിത്രത്തിന് കടപ്പാട്: യുട്യൂബ്

 

എന്നാൽ 1954ൽ കാസിൽ ബ്രാവോ എന്ന പേരിൽ യുഎസ് മറ്റൊരു ആണവ ബോംബ് പരീക്ഷണം നടത്തി. പസിഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകളിലായിരുന്നു ആ പരീക്ഷണം. യുഎസ് പരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ ആണവ ഹൈഡ്രജൻ ബോംബായിരുന്നു കാസിൽ ബ്രാവോ. ജപ്പാനിൽ വർഷിച്ച ബോംബുകളെക്കാൾ 1000 ഇരട്ടി കരുത്തുള്ളത്. ഇതിന്റെ സ്ഫോടനത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ നേരത്തെ നിശ്ചയിച്ചുറപ്പിച്ച മേഖലകൾ വിട്ട് കടലിൽ സഞ്ചരിക്കുകയും ലക്കി ഡ്രാഗൺ എന്ന ജാപ്പനീസ് ബോട്ടിലുണ്ടായിരുന്ന മീൻപിടുത്തക്കാർ ഈ അവശിഷ്ടങ്ങളിൽ പെട്ട് രോഗാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ ജപ്പാനിലാകെ ആണവ വിരുദ്ധ വികാരം ഉടലെടുത്തു. ഈ സംഭവം ഒരു സിനിമയാക്കി മാറ്റാൻ ജപ്പാനിൽ തീരുമാനങ്ങൾ നടന്നു.

 

ഇതിനും 8 മാസം കഴിഞ്ഞാണ് ഗോഡ്സില ചിത്രങ്ങളുടെ ആദ്യപതിപ്പ് ജപ്പാനിലെ തീയറ്ററുകളിലെത്തുന്നത്. ഗോജിറ എന്നായിരുന്നു പേര്. ഇതൊരു ഹൊറർ സിനിമയായിരുന്നു, അണിയിച്ചൊരുക്കിയത് ഇഷിറോ ഹോണ്ട എന്ന സംവിധായകനും. രണ്ടാം ലോകയുദ്ധകാലത്ത് ജാപ്പനീസ് സൈനികനായിരുന്ന ഇഷിറോ ഹോണ്ട ആണവാക്രമണം നേരിട്ടുകണ്ട വ്യക്തിയായിരുന്നു. മനുഷ്യന്റെ ആണവപരീക്ഷണങ്ങളുടെ ഭാഗമായി ഗോജിറ എന്ന ഭീകരജീവി ഉടലെടുക്കുന്നതും അതിന്റെ രോഷത്തിൽ ടോക്യോ ഉൾപ്പെടെ ജപ്പാനിലെ നഗരങ്ങൾ നശിക്കുന്നതുമൊക്കെയാണു ചിത്രത്തിൽ കാണിക്കുന്നത്. ആണവബോംബിന്റെ പ്രതിരൂപം തന്നെയായിരുന്നു ഗോജിറ. ആണവായുധങ്ങൾ വികസിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ സന്ദേശം ചിത്രം നൽകി.

പിൽക്കാലത്ത് ഗോജിറ യുഎസിലുമെത്തി ഹോളിവുഡിന്റെ ഭാഗമായി. ഇതോടെ പേരുമാറി ഗോഡ്സിലയെന്നായി. കഥാഗതികളും മാറി 36 ചിത്രങ്ങൾ ഈ ജീവിയെപ്പറ്റി പുറത്തിറങ്ങി. ഇതിൽ 32 എണ്ണവും നിർമിച്ചത് ജാപ്പനീസ് വിനോദകമ്പനിയായ ടോഹോവാണ്. 4 എണ്ണം അമേരിക്കയിലും നിർമിക്കപ്പെട്ടു. ഇതിൽ പല ചിത്രങ്ങളും വമ്പൻ ബ്ലോക്ക്ബസ്റ്ററുകളായി മാറി.

 

English summary : Godzilla Was Created Out of Nuclear Disaster in Japan after the Hiroshima and Nagasaki bombings

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com