ADVERTISEMENT

സൈക്കി 16 എന്ന ഛിന്നഗ്രഹം, ഛിന്നഗ്രഹങ്ങൾക്കിടയിൽ അതി പ്രശസ്തനാണ്, വ്യത്യസ്തനും.  കാരണമെന്തെന്നോ? സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000 കോടി) മൂല്യമുള്ളതാണ് ഈ ഛിന്നഗ്രഹം. ഭൂമിയിലെ മുഴുവൻ രാജ്യങ്ങളുടെയും മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ആകെത്തുകയേക്കാൾ കൂടുതലാണ് ഇത്. ഛിന്നഗ്രഹത്തിന്റെ ഒരു തരി കിട്ടുന്നവർക്ക് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസിനെക്കാൾ സമ്പത്തുണ്ടാകുമെന്നാണു പറയപ്പെടുന്നത്. സ്വർണം, ഇരുമ്പ്, നിക്കൽ എന്നിവയ്ക്കൊപ്പം ഭൂമിയിൽ അത്യപൂർവമായ ലോഹങ്ങളുമുള്ളതിനാലാണ് ഇത്രയും വില.

 

1852 ൽ ഇറ്റലിയിലെ നേപ്പിൾസിൽ വാനനിരീക്ഷകനായ അനിബെൽ ഡി ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഇപ്പോൾ എന്തിനാണ് ഇതിനെക്കുറിച്ച് പറയുന്നതെന്നല്ലേ? കാരണമുണ്ട്. ഈ ഛിന്നഗ്രഹത്തെക്കുറിച്ച് വിശദമായി പഠിക്കാനായി ഇങ്ങോട്ടേക്ക് ഒരു ദൗത്യത്തിന് നാസ പദ്ധതിയിട്ടതായി കഴിഞ്ഞ ദിവസം അറിയിച്ചു. അടുത്തവർഷം വിക്ഷേപിക്കപ്പെടുന്ന ഈ ദൗത്യം 2026ൽ ഛിന്നഗ്രഹത്തിനെ തൊട്ട് പഠനങ്ങൾ നടത്തും. ഇതിന്റെ ഉത്ഭവമുൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കുകയാണു ലക്ഷ്യം. നിലവിൽ ഭൂമിയിൽ നിന്ന് 30 കോടി കിലോമീറ്റർ അകലെയാണു സൈക്കി 16. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രശസ്തമായ ഛിന്നഗ്രഹ ബെൽറ്റ് മേഖലയിലാണ് ഇതുള്ളത്.

ലോഹനിർമിതമായതും പാറയാൽ നിർമിതമായതുമായ ഛിന്നഗ്രഹങ്ങളുണ്ട്. ഇതിൽ ലോഹനിർമിത ഛിന്നഗ്രഹങ്ങളെ എം– വിഭാഗം ഛിന്നഗ്രഹങ്ങൾ എന്നാണ് പറയുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് സൈക്കി 16. ഇരുന്നൂറ് കിലോമീറ്ററോളം വിസ്തീർണം ഇതിനുണ്ട്. നമ്മുടെ ചന്ദ്രന്റെ പതിനാറിലൊന്ന് വലുപ്പം. ഗ്രീക്ക് ദേവതയായ സൈക്കിയിൽ നിന്നാണ് ഇതിനു പേരു ലഭിച്ചത്.

 

പ്രധാനമായും ഇരുമ്പും നിക്കലുമാണ് ഈ ഛിന്നഗ്രഹത്തിൽ അടങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഒപ്പം അമൂല്യ ലോഹങ്ങളായ സ്വർണവും പ്ലാറ്റിനവും ഇറിഡിയവും റീനിയവും. ഭൂമിപോലെയുള്ള ഏതോ ഒരു ഗ്രഹത്തിന്റെ ഉൾക്കാമ്പായിരിക്കാം സൈക്കിയെന്നാണു പ്രബലമായിട്ടുള്ള വിശ്വാസം. മറ്റേതോ ഗ്രഹവുമായുള്ള കൂട്ടിയിടിയിൽ ഈ ഉൾക്കാമ്പു തെറിച്ചു പുറത്തു പോയതാകാമെന്നും ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഇതെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്തുന്നതും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.

 

ഇതെല്ലാം കേൾക്കുമ്പോൾ ഈ ഛിന്നഗ്രഹത്തെ ഇങ്ങു പിടിച്ചുകൊണ്ട് ഭൂമിയിൽ വന്നാൽ എന്തെല്ലാം ഗുണമുണ്ടാകുമെന്ന് ചിന്തിക്കുന്നുണ്ടാകും. ശരിയാണ്. ഈ ഛിന്നഗ്രഹത്തെ ഭൂമിയിൽ എത്തിച്ചാൽ ഭൂമിയിലെങ്ങുമുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ഇരുമ്പും ഉരുക്കും തേടി വേറെയെങ്ങും പോകേണ്ടി വരില്ല. എന്നാൽ ഇതിനെ എങ്ങനെ ഭൂമിയിൽ എത്തിക്കും? ഒരു വഴിയുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇനി വന്നാൽ തന്നെ രാജ്യാന്തര വിപണികൾ തകർന്നടിയാൻ ഇതു വഴിയൊരുക്കും. കനത്ത സാമ്പത്തികമാന്ദ്യങ്ങളും കലാപങ്ങളുമൊക്കെയാകും തുടർഫലം. അതു കൊണ്ട് അത് അവിടെത്തന്നെ നിൽക്കട്ടെ, അല്ലേ?

 

English summary: Rare metallic asteroid 16 Psyche may be worth ten thousand quadrillion dollars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com