ADVERTISEMENT

വേഗതയുടെ കാര്യത്തിൽ ചീറ്റപ്പുലിയെ തോൽപ്പിക്കാൻ ആരുമില്ല. എന്നാൽ കരുത്തിന്റെയും ചാട്ടത്തിന്റെയും കാര്യത്തിലോ ? തീർച്ചയായും നമ്മുടെ ചീറ്റപ്പുലിക്ക് ഒരു എതിരാളിയുണ്ട്, മറ്റാരുമല്ല, ജാഗ്വാര്‍ തന്നെ.  ജാഗ്വാര്‍ നല്ല ഒന്നാന്തരം ചാട്ടക്കാരൻ കൂടിയാണ്. ഒറ്റനോട്ടത്തിൽ ചീറ്റപ്പുലിയുടെ അതേ ശരീരം, മെയ്​വഴക്കം എന്നിവയൊക്കെ തോന്നുമെങ്കിലും ജാഗ്വാര്‍ ആളൊരു കില്ലാടിയാണ്. വേഗം അല്പം കുറഞ്ഞാലും ഇവന്റെ ചാട്ടമൊന്നും പിഴക്കാറില്ല. 

 

ലോകത്തിലെ ഏറ്റവും വലിയ നിബിഡ വനമായ തെക്കെ അമേരിക്കയിലെ ആമസോണ്‍ മഴക്കാട് ആണ് ജാഗ്വാറിന്റെ പ്രധാന ആവാസസ്ഥലം. വൈവിദ്ധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളാല്‍ സംപുഷ്ടമായ ഈ പ്രദേശത്തെ അടക്കിവാഴുന്ന വീരനാണ് ജാഗ്വാര്‍. മറ്റൊരുവിധത്തിൽ പറഞ്ഞാൽ  സിംഹവും കടുവയും ഇല്ലാത്ത ഈ വനത്തെ ഭരിക്കുന്നത് ജാഗ്വാര്‍ തന്നെയാണ്. അതെ, ആമസോണിലെ ഏറ്റവും അപകടകാരിയായ ജീവിയാണ് ജാഗ്വാര്‍.

 

അപ്പോൾ അനാകോണ്ടയോ എന്നൊരു ചോദ്യം വന്നേക്കാം. സിനിമയിൽ കാണുന്ന രൂപവും ഭാവവും മാറ്റി നിർത്തി നോക്കിയാൽ അനാക്കോണ്ടയൊക്കെ ഇവന്റെ മുന്നിൽ വെറും ശിശു എന്ന് പറയേണ്ടി വരും. ഒറ്റ കുതിച്ചുചാട്ടം കൊണ്ട് കൊല്ലുന്നവനാണു ജാഗ്വാര്‍. ഒറ്റ കുതിച്ചുചാട്ടം കൊണ്ട് കൊല്ലുന്നവന്‍ - എന്നര്‍ത്ഥം വരുന്ന 'യാഗ്വാര്‍' എന്ന തദ്ദേശിയമായ പദത്തില്‍ നിന്നാണ് ജാഗ്വാര്‍ എന്ന പദം ഉണ്ടായത് തന്നെ. അതിനാൽ ഒരിക്കൽ ഇവന്റെ കണ്ണിൽ കുടുങ്ങിയ ഇരകൾക്ക് പിന്നീടൊരു മോചനമില്ല.

 

ഇരയെ കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുന്ന പതിവ് രീതിയല്ല  ജാഗ്വാര്‍ പിന്തുടരുന്നത്. പകരം, തന്റെ ശക്തമായ പല്ലുകള്‍ ഉപയോഗിച്ച് തലയോട്ടി തകര്‍ത്താണ് ഇവ ഇരകളെ കൊല്ലുന്നത്. സംഭവം കക്ഷി പൂച്ചവർഗ്ഗത്തിൽപ്പെടുന്ന മൃഗമാണെങ്കിലും ആൾ നിസാരക്കാരനല്ല. പൂച്ച വര്‍ഗ്ഗത്തില്‍ ഏറ്റവും കാഠിന്യമേറിയ താടിയെല്ലും അതിനെ പൊതിഞ്ഞ് ശക്തമായ മാംസപേശികളും ഉള്ളത് ഇവർക്കാണ്. സിംഹത്തിന്റെ ബൈറ്റ് ഫോഴ്‌സിന്റ ഏതാണ്ട് ഇരട്ടിയാണ് ഇവരുടേത്. അപ്പോൾ ഊഹിക്കാമല്ലോ, ഒരു കടി കിട്ടിയാൽ എങ്ങനെയുണ്ടാകുമെന്ന്.

 

മുതലകളെ വരെ പിടിച്ചു ഭക്ഷിക്കുന്നതിൽ മിടുക്കരാണ് ജാഗ്വാര്‍. കടുവകളെ പോലെ നല്ല നീന്തല്‍ വശമുള്ളതിനാൽ വെള്ളത്തിൽ വച്ചുള്ള സംഘടനങ്ങൾ ഒന്നും ഇവയെ ബാധിക്കില്ല. കൂട്ടമായി ജീവിക്കാൻ ഇവയ്ക്ക് അത്ര താല്പര്യമില്ല. അതിനാൽ ഒറ്റയ്ക്കുള്ള ആക്രമണമായിരിക്കും ഉണ്ടാകുക. വേഗത്തില്‍ ഓടുന്നതിനുള്ള കഴിവ് ജാഗ്വാറിനുണ്ടെങ്കിലും ഇരപിടിക്കാന്‍ സാധാരണയായി ഈ കഴിവ് ഇവ ഉപയോഗിക്കാറില്ല. കാരണം ചാട്ടത്തിൽ ഇവരെ തോൽപ്പിക്കാൻ ആളില്ല എന്നത് തന്നെ.

 

മറ്റു ജീവജാലങ്ങളുടെ എണ്ണം അമിതമായി വര്‍ദ്ധിക്കാതെ ആമസോണിലെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ജാഗ്വാറിന്റെ പങ്ക് വളരെ വലുതാണ്. രാത്രിയും പകലും വേട്ടക്കിറങ്ങുന്ന ഇവ രാത്രി കാലങ്ങളില്‍ ഇര തേടി കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്. ഇവരെ സംബന്ധിച്ച ഏറ്റവും കൗതുകകരമായ ഒരു കാര്യം തങ്ങളുടെ ശരീരത്തെക്കാൾ നാലിരട്ടി വലുപ്പമുള്ള ജീവികളെ വരെ ഇവർ ആഹാരമാക്കുന്നു എന്നതാണ്. മണിക്കൂറിൽ 80  കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഇവയുടെ ശരീരഭാരം 95  കിലോയോളം വരും.16  വർഷം വരെയാണ് ശരാശരി ആയുസ്.

 

English summary: Interesting facts about Jaguars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com