വിമാനത്തിനടിയിൽ വീൽ കംപാർട്മെന്റിൽ 10 മണിക്കൂർ യാത്ര: ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരൻ

HIGHLIGHTS
  • സ്റ്റോഎവേ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്
pardeep-saini-stowaway-who-survived-10-hour-flight-by-hiding-in-landing-gear
1. കാബൂളിൽ വിമാനത്തിന്റെ അടിയിൽ കയറാനായി ഇന്നലെ തിരക്ക് കൂട്ടിയ ആളുകൾ 2. പർദീപ് സൈനി ( ഫയൽ ചിത്രം )
SHARE

അഫ്ഗാനിസ്ഥാനിൽ കാബൂൾ വിമാനത്താവളത്തിൽ താലിബാൻ ഭരണത്തിൽ നിന്നു രക്ഷപ്പെടാനായി ആളുകൾ വിമാനത്തിന്റെ വീൽ കംപാർട്ട്മെന്റിലും ലാൻഡിങ് ഗീയറിലുമൊക്കെ കയറി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്നു പേർ വിമാനത്തിൽ നിന്നു വീഴുന്നതിന്റെ വിഡിയോയും പുറത്തിറങ്ങി.വിമാനത്തിനു വെളിയിലും അടിയിലുമൊക്കെ ഇങ്ങനെ യാത്ര ചെയ്യൽ സാധ്യമാണോ? ഇങ്ങനെ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തിയ ആരെങ്കിലുമുണ്ടോ?

ഇത്തരത്തിൽ കുറച്ചു പേർ യാത്ര ചെയ്തിട്ടുണ്ട്. സ്റ്റോഎവേ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. എന്നാൽ അത്യന്തം അപകടകരമാണ് ഈ യാത്ര. ഇത്തരത്തിൽ യാത്ര ചെയ്തതിൽ ഭൂരിഭാഗം പേരും മരിച്ചതായാണു കണക്കുകൾ. യുഎസിന്റെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്ക് പ്രകാരം അമേരിക്കൻ വിമാനങ്ങളിൽ 113 പേർ യാത്ര ചെയ്തിട്ടുണ്ട്. ഇതിൽ 86 പേരും മരിച്ചു. രക്ഷപ്പെട്ടവരിൽ ഗുരുതരമായി പരുക്ക് പറ്റിയവർ ഏറെയാണ്.

ഇത്തരത്തിൽ യാത്ര ചെയ്ത് വിജയകരമായി രക്ഷപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനുണ്ട്. പർദീപ് സൈനി എന്ന പഞ്ചാബുകാരൻ. 1996 ൽ ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള ബോയിങ് 747 വിമാനത്തിന്റെ വീൽ കംപാർട്മെന്റിൽ പർദീപ് സൈനിയും സഹോദരൻ വിജയ്‌യും കയറിപ്പറ്റി. കുറച്ചുകാലമായി ബ്രിട്ടനിലേക്കു പോകാനായി ഈ സഹോദരൻമാർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോ ഒരു ഇടനിലക്കാരൻ ഇവരുടെ കൈയിൽ നിന്നു പണം വാങ്ങി. വിമാനത്തിന്റെ വീൽ കംപാർട്മെന്റിൽ ഒളിച്ചാൽ കുറച്ചുകഴിയുമ്പോൾ ലഗേജ് ഏരിയയിലേക്കു കയറാമെന്ന് അയാൾ അവരോട് പറഞ്ഞു. സഹോദരങ്ങൾ അതു വിശ്വസിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു. അന്ന് 22 വയസ്സായിരുന്നു പർദീപിന്. വിജയ് 19 വയസ്സുകാരനും.

വിമാനത്തിന്റെ ലാൻഡിങ് ഗിയർ (ചക്രങ്ങൾ) ഇരിക്കുന്ന സ്ഥലമാണു വീൽ കംപാർട്മെന്റ്. പറന്നുപൊങ്ങുമ്പോളും ലാൻഡ് ചെയ്യുമ്പോഴും ഈ ചക്രങ്ങൾ കംപാർട്മെന്റിനു പുറത്തായിരിക്കും. പറന്നുപൊങ്ങുമ്പോൾ കംപാർട്മെന്റിലേക്കു കയറിയിരിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇവർ വീൽ കംപാർട്മെന്റിൽ കയറി. താമസിയാതെ വിമാനം റൺവേയിൽ ഓടിത്തുടങ്ങി. കാതടിപ്പിക്കുന്ന ശബ്ദം അവരുടെ ചെവികളിൽ മുഴങ്ങി. കടുത്ത ചൂട് അവരുടെ ശരീരത്തെ പൊള്ളിച്ചുകൊണ്ടിരുന്നു.

താമസിയാതെ വിമാനം 40000 അടി ഉയരത്തിലേക്കു പറന്നു പൊങ്ങി. ഓക്സിജൻ കുറഞ്ഞുതുടങ്ങി. –60 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. പർദീപ് അബോധാവസ്ഥയിലായി. പിന്നീട് വിമാനം ഹീത്രൂ വിമാനത്താവളത്തിലെത്തി ലാൻഡ് ചെയ്തു. അപ്പോഴും പർദീപ് അബോധാവസ്ഥയിലായിരുന്നു. താമസിയാതെ എയർപോർട്ട് ഉദ്യോഗസ്ഥർ പർദീപിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾക്കു ശേഷം ബോധമുണർന്ന പർദീപ് ചോദിച്ചത് തന്റെ അനുജൻ വിജയ്‌ എവിടെയെന്നാണ്. എന്നാൽ വിജയ് മരിച്ചിരുന്നു. വിമാനം ലാൻഡിങ് ഗീയറുകൾ താഴ്ത്തിയപ്പോൾ രണ്ടായിരം അടി മുകളിൽ നിന്നു വിജയ് വീണു മരിച്ചു. വിജയ്‌യുടെ ശവശരീരം പിന്നീട് സറേയിലെ റിച്ചമണ്ട് എന്ന സ്ഥലത്തു നിന്നാണു കണ്ടെത്തിയത്.

പ്രദീപിനെ ബ്രിട്ടനിൽ തുടരാൻ അവിടത്തെ സർക്കാർ സമ്മതിച്ചു. ഇന്ന് വെംബ്ലിയിൽ ജീവിക്കുന്ന പ്രദീപ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹീത്രൂ വിമാനത്താവളത്തിലെ ഒരു കേറ്ററിങ് കമ്പനിയിൽ ജോലിയുമുണ്ട്. അന്നത്തെ ആ യാത്രയുടെ പരിണതഫലമായി കേൾവിക്കുറവും ശക്തമായ സന്ധിവേദനയും പ്രദീപിനെ വേട്ടയാടുന്നുണ്ട്, ഒപ്പം ഇടയ്ക്കിടെ സഹോദരനെക്കുറിച്ചുള്ള ഓർമകളുടെ ഭാഗമായുള്ള വിഷാദവും.

ഇംഗ്ലണ്ടിലും യുഎസിലും വിമാനത്താവളങ്ങളിൽ ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ആഫ്രിക്കയിൽ നിന്നുള്ളവരാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരിലധികവും. ഇത്തരത്തിൽ വീണു മരിച്ച ആളുകളുടെ ശരീരങ്ങൾ പാടങ്ങളിൽ നിന്നും കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്നുമെല്ലാം കണ്ടെടുത്തത് വാർത്തയായിട്ടുണ്ട്. 

2019ൽ കെനിയയിലെ നെയ്റോബിയിൽ നിന്നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ഒരു വിമാനത്തിന്റെ വീൽബേയിൽ നിന്ന് ഒരു കെനിയൻ സ്വദേശി വീണുമരിച്ചത് ഇത്തരത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ അപകടങ്ങൾ പതിയിരിക്കുന്ന ഒന്നാണ്, ഇത്തരത്തിൽ വിമാനത്തിന്റെ വീൽ കംപാർട്മെന്റിലും മറ്റും നടത്തുന്ന യാത്രകൾ. വിമാനം ഉയർന്നുപൊങ്ങിക്കഴിഞ്ഞാൽ കടുത്ത തണുപ്പ് വീൽ കംപാർട്മെന്റിൽ ഇരിക്കുന്നവർക്ക് അനുഭവപ്പെടാം. ഇതിനാൽ ഹൈപ്പോതെർമിയ എന്ന അവസ്ഥ വരാം. ഉയരങ്ങളിലെത്തുമ്പോഴേക്കും ഓക്സിജനിൽ കുറവ് വരുന്നതിനാൽ ശരീരം ദുർബലമാകുകയും ബോധക്കേട് വരുകയും ചെയ്യാം. കൂടാതെ ലാൻഡിങ് ഗീയറിന്റെ ചലനങ്ങൾ മൂലം ഇടയിൽപെട്ട് ചതഞ്ഞുമരിക്കാനും ഇടവന്നേക്കാം.

English summary : Pardeep Saini stowaway who survived 10 hour flight by hiding in landing gear

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA