താലിബാന് ഇനിയും പിടികൊടുക്കാത്ത ‌പഞ്ച്ശീർ: അഞ്ച് സിംഹങ്ങളുടെ താഴ്‌വര

HIGHLIGHTS
  • അഞ്ച് സിംഹങ്ങളുടെ നാട് എന്നാണ് ഈ താഴ്‌വരയുടെ പേരിന് അർഥം
panjshir-valley-stands-strong-last-holdout-against-the-taliban
Panjshir Valley, Afghanistan. Photo credits : Khrolenko/Shutterstock.com
SHARE

താലിബാൻ കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ സർവാധിപത്യം പുലർത്താൻ ശ്രമിക്കുമ്പോഴും പിടികൊടുക്കാതെ പ്രതിരോധമുയർത്തി നിൽക്കുകയാണ് വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ. അഫ്ഗാനിസ്ഥാനിൽ ഇനി താലിബാൻ ആധിപത്യത്തിനു കീഴിലാകാത്ത ഒരേയൊരു പ്രവിശ്യ പഞ്ച്ശീറാണെന്നാണു പറയപ്പെടുന്നത്.

മുൻപും താലിബാനെതിരെ ശക്തമായ പ്രതിരോധം ഇവിടെ നിന്നുയർന്നിട്ടുണ്ട്. താലിബാനെതിരെ പോരാടിയ ഗറില്ലാ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ജനനസ്ഥലം കൂടിയാണ് പഞ്ച്ശീർ. നിലവിൽ അഫ്ഗാനിസ്ഥാന്റെ ഒന്നാം വൈസ് പ്രസിഡന്റ് ഗാനി പോയ സ്ഥിതിക്ക് രക്ഷാധികാരി പ്രസിഡന്റുമായ അമറുല്ല സാലിഹ് ഇവിടേക്കെത്തിയിട്ടുണ്ട്. അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദും സാലിഹിനൊപ്പമുണ്ട്. പണ്ട് താലിബാനെതിരെ പ്രതിരോധ മുന്നണി തീർത്ത വടക്കൻ സഖ്യത്തിന്റെ പുതിയ പതിപ്പിന്റെ നിർമിതിയിലാണ് ഇവരെന്നു കരുതപ്പെടുന്നു.

panjshir-valley-stands-strong-last-holdout-against-the-taliban
Panjshir Valley, Afghanistan. Photo credits : Michal Knitl/Shutterstock.com

അഫ്ഗാനിസ്ഫാന്റെ വടക്കുകിഴക്കൻ മേഖലയിലാണ് പഞ്ച്ശീർ സ്ഥിതി ചെയ്യുന്നത്. അഞ്ച് സിംഹങ്ങളുടെ നാട് എന്നാണ് ഈ താഴ്‌വരയുടെ പേരിന് അർഥം. തലസ്ഥാനനഗരമായ കാബൂളിൽ നിന്ന് 100 കിലോമീറ്ററോളം അകലെ ഹിന്ദുകുഷ് മലനിരകളുടെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പഞ്ച്ശീർ എന്നു തന്നെ പേരുള്ള നദി ഈ താഴ്‌വരയിലൂടെ ഒഴുകുന്നു. പച്ചപ്പും പാടങ്ങളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു പ്രവിശ്യയാണ് ഇത്. പ്രവിശ്യയിൽ 7 ജില്ലകളും 512 ഗ്രാമങ്ങളുമുണ്ട്. 1,73,000 പേർ ഇവിടെ താമസിക്കുന്നു. ഇതിലധികവും താജിക് വംശജരാണ്. ചെറുപട്ടണമായ ബസാറക്കാണ് പ്രവിശ്യാതലസ്ഥാനം

എന്നാൽ അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലും ലോകചരിത്രത്തിലും പഞ്ച്ശീർ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എൺപതുകളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ അധിനിവേശം നടത്തുകയും ബാബ്രക് കമാൽ എന്ന ഭരണാധികാരിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എന്നാൽ എല്ലായിടത്തും ആധിപത്യമുണ്ടായിട്ടും പ‍ഞ്ച്ശീർ പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല. ഇതിനായി 1980 മുതൽ 85 വരെ നടത്തിയ യുദ്ധങ്ങൾ പഞ്ച്ശീർ ഒഫെൻസീവ് എന്ന പേരിൽ അറിയപ്പെടുന്നു. അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള ഗറില്ലാ സേനയാണ് സോവിയറ്റുകളുമായി യുദ്ധത്തിലേർപ്പെട്ടത്. അന്ന് യുഎസിന്റെ പിന്തുണ ഈ ഗറില്ലകൾക്കുണ്ടായിരുന്നു.

1996 മുതൽ 2001 വരെ മസൂദും സംഘവും താലിബാനെതിരെയും അൽ ക്വയ്ദയ്ക്കെതിരെയും ശക്തമായ പ്രതിരോധം പഞ്ച്ശീറിലൊരുക്കി. അഫ്ഗാൻ രാഷ്ട്രീയത്തിലെ കരുത്തരായ ചില താലിബാൻ വിരുദ്ധ നേതാക്കളെ അണിനിരത്തി വടക്കൻ സഖ്യം (നോർതേൺ അലയൻസ് ) എന്നൊരു പ്രതിരോധമുന്നണിയും ഇവിടെ രൂപം കൊണ്ടു. എന്നാൽ താലിബാനും അൽഖ്വയ്ദയും ചേർന്നൊരുക്കിയ ഒരു കൊലപാതകശ്രമത്തിൽ 2001ൽ മസൂദ് കൊല്ലപ്പെട്ടു. പഞ്ച്ശീറിൽ ഇപ്പോൾ വീരപരിവേഷമാണ് മസൂദിന്.

പുരാതനകാലം മുതൽ തന്നെ പഞ്ച്ശീർ രത്നഖനനത്തിനു പേരുകേട്ടയിടമാണ്. ലോകത്തിലെ ഏറ്റവും വലിയ മരതകനിക്ഷേപങ്ങളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വെള്ളിയുടെ നിക്ഷേപവും ഖനനവും ഇവിടെ സജീവമാണ്. ഒട്ടേറെ ജലവൈദ്യുത നിലയങ്ങളും ഡാമുകളും കാറ്റാടിപ്പാടങ്ങളുമൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു.

English summary: Panjshir valley stands strong;  The last holdout against the Taliban

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA