പേരില്‍ ‘ചിന്ന’ പയ്യന്‍, സ്വഭാവം ആറ്റംബോബ് പോലെ; ഇതാ ഛിന്നഗ്രഹ വിശേഷങ്ങൾ

HIGHLIGHTS
  • ഹിരോഷിമയില്‍ വീണ ആറ്റംബോംബിനെക്കാള്‍ ആയിരം മടങ്ങ് പ്രഹരശേഷി
tunguska-explosion-in-1908-tesla
Representative image. Photo Credits; muratart/ Shutterstock.com
SHARE

1908 ജൂണ്‍ 30. പ്രാദേശിക സമയം 7 കഴിഞ്ഞു. ഇന്നത്തെ റഷ്യയുടെ  ഭാഗമായ തെക്കന്‍ സൈബീരിയയിലെ ആളുകള്‍ ഒരു കാഴ്ച കണ്ടു– സൂര്യനോളം പ്രകാശമുള്ള ഒരു വെളിച്ചം ആകാശത്തുകൂടി നീങ്ങുന്നു. ഏതാണ്ട് 10 മിനിറ്റ് കഴിഞ്ഞുകാണും, കാതടിപ്പിക്കുന്ന ശബ്ദവും പ്രകമ്പനവും. ആര്‍ക്കും ഒന്നും മനസ്സിലായില്ല. പലരും യുദ്ധമാണെന്നു വിചാരിച്ചു. ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയൊരു സ്ഫോടനമാണ് തങ്ങളുടെ തലയ്ക്കു മുകളില്‍ നടന്നതെന്ന് പിന്നീടാണ് അവര്‍ തിരിച്ചറിഞ്ഞത്. ബഹിരാകാശത്ത് എവിടെയോനിന്നു വന്ന ഒരു ഛിന്നഗ്രഹം വായുവുമായുള്ള ഘര്‍ഷണത്തില്‍ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം 2000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള വനം മുഴുവന്‍ ഈ സ്ഫോടനത്തിന്റെ ഫലമായുണ്ടായ ഷോക്ക് വേവില്‍ നശിച്ചു. ഹിരോഷിമയില്‍ വീണ ആറ്റംബോംബിനെക്കാള്‍ ആയിരം മടങ്ങ് പ്രഹരശേഷിയായിരുന്നത്രേ ഈ ഛിന്നഗ്രഹപതനം മൂലം ഉണ്ടായത്.

ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്നതിനു കിലോമീറ്ററുകള്‍ക്കു മുകളില്‍ വച്ചേ ഈ ഛിന്നഗ്രഹം കത്തിത്തീര്‍ന്നിരുന്നു. ഏകദേശം 60 മുതല്‍ 200 മീറ്റര്‍വരെ വലുപ്പമുള്ള ഒരു വസ്തുവായിരിക്കാം അതെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. മനുഷ്യര്‍ ഈ സ്ഫോടനത്തില്‍ മരിച്ചതായി  വ്യക്തമായ തെളിവ് ഇതുവരെ ഇല്ല. തുംഗുസ്ക നദിക്കു സമീപത്തായിരുന്നു സംഭവമെന്നതിനാല്‍ ആ പേരിലാണ് ഇപ്പോള്‍ ഈ സ്ഫോടനം അറിയപ്പെടുന്നത്.

എന്തായാലും ഈ സംഭവം ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ഛിന്നഗ്രഹങ്ങളിലേക്കും വാല്‍നക്ഷത്രങ്ങളിലേക്കും കൊണ്ടുവന്നു. ഭൂമിയുടെ അടുത്തുകൂടി കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളെയും ഇന്നു നമ്മള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. തുംഗുസ്ക സംഭവത്തിന്റെ വാര്‍ഷികമാണ് എല്ലാ വര്‍ഷവും ആസ്റ്ററോയിഡ് ഡേ അഥവാ ഛിന്നഗ്രഹദിനമായി ആചരിക്കുന്നത്.

എന്താണ് ഛിന്നഗ്രഹം?

ബഹിരാകാശത്ത് കാണുന്ന വസ്തുക്കളെ  പലതായി തിരിക്കാം. ഒരു മീറ്ററില്‍ താഴെ വലുപ്പമുള്ള ബഹിരാകാശവസ്തുക്കളാണ് ഉല്‍ക്കകള്‍. ഛിന്നഗ്രഹങ്ങള്‍ക്ക് അതിലും വലുപ്പമുണ്ടാകും. ഏകദേശം ഒരു മീറ്റര്‍ മുതല്‍ ഏതാനും കിലോമീറ്ററുകള്‍വരെ. പൊടിയും ഐസും ചേര്‍ന്ന വലിയ വസ്തുക്കളും ബഹിരാകാശത്തുണ്ട്. അവയെ പൊതുവില്‍ വാല്‍നക്ഷത്രങ്ങള്‍ എന്നു വിളിക്കും. സൂര്യനോട് അടുത്തെത്തുമ്പോള്‍ ഈ പൊടിയും മഞ്ഞും ബാഷ്പീകരിച്ച് ആയിരക്കണക്കിനും ലക്ഷക്കണക്കിനും കിലോമീറ്ററുകള്‍ നീളമുള്ള വാല്‍ ഉണ്ടാകും. അങ്ങനെയാണ് വാല്‍നക്ഷത്രം എന്ന പേരുവന്നത്. മഞ്ഞിന്റെയും പൊടിയുടെയും അളവ് വളരെ കുറവായതിനാൽ ഛിന്നഗ്രഹങ്ങളില്‍ ഇങ്ങനെ വാൽ രൂപപ്പെടാറില്ല. 

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത 1800കളില്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചിരുന്നു. ആ ഭാഗത്ത് പക്ഷേ എത്ര തിരഞ്ഞിട്ടും ഗ്രഹത്തെ കണ്ടെത്താനായില്ല. തിരച്ചിലിനൊടുവില്‍ 1801ല്‍ നിരീക്ഷകര്‍ ഒരു ചെറിയ ഗ്രഹത്തെ കണ്ടെത്തി. അതിനു സിറസ് എന്നു പേരിട്ടു. അതിലും വലിയ ഗ്രഹം ഉണ്ടാകുമോ എന്ന അന്വേഷണം ചെന്നെത്തിയത് അതുപോലെയുള്ള ചെറിയ ഒട്ടേറെ വസ്തുക്കളിലേക്കായിരുന്നു. സാധാരണ ഗ്രഹങ്ങളെക്കാള്‍ വളരെ ചെറുതായ കുറെയേറെ വസ്തുക്കള്‍. സിറസ് ഉള്‍പ്പടെയുള്ള ഈ ചെറു വസ്തുക്കളെ ഗ്രഹമെന്നു വിളിക്കാനാവില്ലെന്നു പിന്നീടു ബോധ്യമായി. ചെറുഗ്രഹങ്ങള്‍ എന്ന് ഇവ പിന്നീട് അറിയപ്പെട്ടു. സൗരയൂഥം ഉണ്ടായ സമയത്ത് ഗ്രഹമാകാന്‍ കഴിയാതെപോയ വസ്തുക്കളാണ് ഇവയെന്നാണ് കരുതുന്നത്.  ഈ മേഖലയെ ഛിന്നഗ്രഹ മേഖല അഥവാ ആസ്റ്ററോയിഡ് ബെല്‍റ്റ് എന്നു വിളിക്കുന്നു.

English summary: Tunguska explosion in 1908 tesla

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA