ബ്രസീലിൽ വമ്പൻ ബുദ്ധപ്രതിമ; 38 മീറ്റർ പൊക്കം: പാശ്ചാത്യമേഖലയിൽ ഏറ്റവും വലുത്

HIGHLIGHTS
  • ബ്രസീലിൽ ബുദ്ധമതം ആദ്യമായി എത്തിയത് 20ാം നൂറ്റാണ്ടിലാണ്
giant-statue-of-the-buddha-to-be-inaugurated-in-brazil
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

പാശ്ചാത്യനാടുകളിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ ബ്രസീലിൽ പണി പൂർത്തിയായി. ഈ മാസം അവസാനത്തോടെ അനാച്ഛാദനം ചെയ്യാനാണു നിർമാതാക്കളുടെ പദ്ധതി. ബ്രസീലിലെ എസ്പിരിറ്റോ സാന്റോ സംസ്ഥാനത്ത് ഇബിരാകു പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മോറോ ഡേ വാർജം സെൻ ബുദ്ധിസ്റ്റ് കേന്ദ്രമാണ് ബുദ്ധ പ്രതിമ നിർമിച്ചത്.

38 മീറ്ററാണു ബുദ്ധപ്രതിമയുടെ പൊക്കം. കഴിഞ്ഞ വർഷം അനാച്ഛാദനം നിർവഹിക്കാൻ തീരുമാനിച്ചിരുന്ന പ്രതിമയുടെ ജോലികൾ കോവിഡ് പ്രതിസന്ധി മൂലം നീണ്ടുപോയിരുന്നു. രണ്ടു വർഷമെടുത്താണു പ്രതിമ പൂർത്തീകരിച്ചത്. 350 ടൺ ഇരുമ്പ്, ഉരുക്ക് കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു പ്രതിമയുടെ നിർമാണം തീർത്തത്.

തെക്കൻ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ സെൻ ബുദ്ധവിഹാരമാണ് മോറോ ഡേ വാർജ. 1974ൽ റ്യോട്ടാൻ ടോക്കുഡ എന്ന ബുദ്ധസന്യാസിയാണ് ഇതു രൂപീകരിച്ചത്.ഭൗമനിരപ്പിൽ നിന്നു 350 അടി പൊക്കത്തിൽ 150 ഹെക്റ്റർ വിസ്തീർണത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇതിൽ 140 ഹെക്ടർ സംരക്ഷിത വനമാണ്.എല്ലാ വാരാന്ത്യങ്ങളിലും ശരാശരി 1000 പേർ ഈ ബുദ്ധവിഹാരം സന്ദർശിക്കാറുണ്ടെന്നാണു കണക്ക്. ഒരു വലിയ സെൻ പൂന്തോട്ടവും ഇവിടെയുണ്ട്.

ബ്രസീലിൽ ബുദ്ധമതം ആദ്യമായി എത്തിയത് 20ാം നൂറ്റാണ്ടിലാണ്. ഇങ്ങോട്ടെത്തിയ ജാപ്പനീസ് കുടിയേറ്റക്കാരാണ് ഇതു കൊണ്ടുവന്നത്. 

ഇന്ന് ബ്രസീലിലെ ഏറ്റവും വലിയ ന്യൂനപക്ഷ മതവിഭാഗം ബുദ്ധമതമാണ്. രണ്ടരലക്ഷം പേർ ബുദ്ധമത വിശ്വാസികളാണെന്നു കണക്കാക്കപ്പെടുന്നു. യുഎസും കാനഡയും കഴിഞ്ഞാൽ അമേരിക്കൻ മേഖലയിൽ മൂന്നാമത്തെ വലിയ ബുദ്ധമത ജനസംഖ്യയാണ് ഇത്. ജോഡ‍ോ ഷിൻഷു, നിചിറെൻ, സെൻ തുടങ്ങിയ ജാപ്പനീസ് ശൈലിയിയുള്ള ബുദ്ധമത രീതികളാണ് ഇതിൽ ഏറ്റവും പ്രചാരമുള്ളവ. രാജ്യമൊട്ടാകെ 150 ബുദ്ധവിഹാരങ്ങൾ സ്ഥിതി ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ ചൈനയിലെ ഹെനാനിലുള്ള ലുഷനിൽ സ്ഥിതി ചെയ്യുന്ന സ്പ്രിങ് ടെമ്പിൾ ബുദ്ധയാണ്. 128 മീറ്ററാണ് ഇതിന്റെ പൊക്കം. 2018ൽ ഇന്ത്യയിൽ സ്റ്റാച്യു ഓഫ് യൂണിറ്റി സഫലമായതു വരെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയും സ്പ്രിങ് ടെമ്പിൾ ബുദ്ധയായിരുന്നു.

ലോകത്തിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ ബുദ്ധപ്രതിമ സ്ഥിതി ചെയ്യുന്നത് മ്യാൻമറിലെ സഗൈങ് ഡിവിഷനിലുള്ള മോനിവയിലാണ്.115.8 മീറ്ററാണ് ഇതിന്റെ പൊക്കം. ലോകത്തിലെ ഏറ്റവും പൊക്കമുള്ള മൂന്നാമത്തെ പ്രതിമയും ഇതാണ്. ലോകത്തിലെ ഏറ്റവും പൊക്കമുള്ള നാലാമത്തെ പ്രതിമയും ബുദ്ധപ്രതിമയാണ്. ഉഷികു ഡായ്ബുസു എന്നറിയപ്പെടുന്ന ഇത് ജപ്പാനിലെ ഇബാറാക്കി പ്രവിശ്യയിലുള്ള ഉഷികുവിലാണു സ്ഥിതി ചെയ്യുന്നത്. 100 മീറ്ററാണ് ഇതിന്റെ പൊക്കം. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള ബുദ്ധപ്രതിമ സിക്കിം സംസ്ഥാനത്ത് തെക്കൻ മേഖലയിലുള്ള റവാംഗ്‌ലയിൽ സ്ഥിതി ചെയ്യുന്നു. 2013ൽ നിർമാണം പൂർത്തിയായ ഇതിന്റെ പൊക്കം 39 മീറ്ററാണ്.

English summary: Giant statue of the Buddha to be inaugurated in Brazil

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA