ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ പ്രശസ്തമായ ബുസ്കാഷി മത്സരത്തിൽ പങ്കെടുക്കുന്നയാളാണു ബാദ്ഷാ ഖാൻ. ഇടയ്ക്ക് അയാൾ ബേനസീർ എന്ന പഷ്തൂൺ യുവതിയുമായി പ്രണയത്തിലായി. എന്നാൽ ബാദ്ഷായെ തിരിച്ചു സ്നേഹിക്കണമെങ്കിൽ തന്റെ അച്ഛനെ കൊലപ്പെടുത്തിയ ഹബീബുള്ളയെ കൊലപ്പെടുത്തണമെന്ന് ബേനസീർ ബാദ്ഷായോട് ആവശ്യപ്പെടുന്നു. ഇതു നടപ്പിലാക്കാനായി ബാദ്ഷാ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നു. പിന്നീട് നടക്കുന്നത് ബാദ്ഷായുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ്. ഇതിനിടെ അയാൾ കള്ളക്കേസിൽ ജയിലിലുമാകുന്നു.

 

1992ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമയായ ഖുദാ ഗവയുടെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. സൂപ്പർതാരം അമിതാഭ് ബച്ചനും ശ്രീദേവിയും നായികാനായകൻമാരായി അഭിനയിച്ച ഖുദാ ഗവയ്ക്ക് ഒരുപിടി പ്രത്യേകതകളുണ്ട്.

1988ൽ പുറത്തിറങ്ങിയ റാംബോ മൂന്നാം ഭാഗം മുതൽ ഈയടുത്ത് പുറത്തിറങ്ങിയ ട്വെൽവ് സ്ട്രോങ് വരെ നിരവധി ബോളിവുഡ് ചിത്രങ്ങൾ അഫ്ഗാനിസ്ഥാൻ പശ്ചാത്തലമാക്കി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ സ്വന്തം ബോളിവുഡും ഇന്ത്യയുടെ ഈ സമീപ രാജ്യത്ത് ചില ചിത്രങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. 1975ൽ പുറത്തിറങ്ങിയ ധർമാത്മ എന്ന സിനിമയാണ് ഇതിൽ ഏറ്റവും ആദ്യത്തേത്.

 

എന്നാൽ അഫ്ഗാൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഏറ്റവും പ്രശസ്തമായ ബോളിവുഡ് സിനിമയേതെന്നു ചോദിച്ചാൽ അത് ഖുദാ ഗവ തന്നെയായിരിക്കും. അഗ്നീപഥ് എന്ന പ്രശസ്ത ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനായ മുകുൾ എസ് ആനന്ദാണു ഖുദാ ഗവയുടെ സംവിധായകൻ. അന്നത്തെ കാലത്ത് 17 കോടി രൂപ ഈ ചിത്രം കലക്‌ഷൻ നേടുകയും ബേഠാ, ധീവാന എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു പിന്നിൽ ആ വർഷത്തെ മൂന്നാമത്തെ ഏറ്റവും വിജയിച്ച ചിത്രമാകുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി സറൗണ്ട് സൗണ്ട് സംവിധാനം ഏർപ്പെടുത്തിയ ചിത്രവും ഇതായിരുന്നു.

 

അഫ്ഗാനിസ്ഥാനിലെ കാബൂൾ, മസാരി ഷെരീഫ് തുടങ്ങിയ നഗരങ്ങളിലും വിവിധ പഷ്തൂൺ മേഖലകളിലുമായിട്ടാണു ഖുദാ ഗവയുടെ ഷൂട്ടിങ് നടന്നത്.18 ദിവസങ്ങൾ അമിതാഭ് ബച്ചനുൾപ്പെടെ ചിത്രത്തിലെ താരങ്ങളും ഷൂട്ടിങ് സംഘവും അഫ്ഗാനിലെത്തി തങ്ങി.

 

വളരെ ഹൃദ്യമായ അനുഭവമായിരുന്നു അന്നെന്ന് പിൽക്കാലത്ത് അമിതാഭ് ബച്ചൻ പറ‍ഞ്ഞിട്ടുണ്ട്. സോവിയറ്റ് അധിനിവേശം അഫ്ഗാനിൽ അവസാനിച്ചു കഴിഞ്ഞിരുന്നു, അക്കാലത്ത് താലിബാൻ കാബൂളിൽ ആധിപത്യം നേടിയിട്ടില്ല. ഇന്ത്യയോട് വളരെ സൗഹൃദം പുലർത്തിയിരുന്ന മുഹമ്മദ് നജീബുല്ലയായിരുന്നു അന്നത്തെ അഫ്ഗാൻ പ്രസിഡന്റ് (ഇദ്ദേഹത്തെ പിന്നീട് താലിബാൻ വിളക്കുകാലിൽ കെട്ടിത്തൂക്കി വധിച്ചു).

 

അമിതാഭ് ബച്ചനോട് ഭ്രാന്തമായ ആരാധന സൂക്ഷിച്ചയാളായിരുന്നു മുഹമ്മദ് നജീബുല്ല. ബച്ചൻ തന്റെ രാജ്യത്തേക്കു ഷൂട്ടിങ്ങിനു വരുന്നെന്നറിയിച്ചപ്പോൾ തന്നെ നജീബുല്ലയുടെ ഉത്സാഹത്തിന് അതിരില്ലാതായി.

ദേശീയ പ്രാധാന്യമുള്ള വിവിഐപികൾക്ക് നൽകുന്ന അതേ സ്വീകരണമാണ് ബച്ചനും സംഘത്തിനും നജീബുല്ല ഒരുക്കിയത്. സർക്കാർ വക വിമാനം അഫ്ഗാനിൽ വിവിധയിടങ്ങളിൽ ഇവരെയെത്തിക്കാനായി ഒരുക്കിയിരുന്നു. സുരക്ഷയ്ക്കായി അഫ്ഗാൻ സൈന്യത്തിലെ അംഗങ്ങളെയും നജീബുല്ല വിട്ടുനൽകി. കാബൂളിലും മസാരി ഷെരീഫിലും സർക്കാർ വക വമ്പൻ ഹർമ്യങ്ങൾ ഇവർക്കു താമസത്തിനായി ലഭിച്ചു. പലതവണ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വിരുന്നുകളും ഒരുക്കി. 

 

ബോളിവുഡ് സിനിമകൾ വളരെയേറെ ആസ്വദിക്കുന്നവരായതിനാൽ അഫ്ഗാൻ ജനങ്ങൾക്കും അമിതാഭ് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിക്കാനും ഭക്ഷണം നൽകാനും ആളുകൾ ഇടതടവില്ലാതെ ഷൂട്ടിങ് സൈറ്റിലെത്തി. അഫ്ഗാനിൽ അദ്ദേഹത്തിനു താമസിക്കാനായി സ്വന്തം വീട് ഒഴിഞ്ഞ് മറ്റൊരു വീട്ടിലേക്കു താമസം മാറിയ കുടുംബത്തെയും അമിതാഭ് ഓർത്തിരുന്നു. 

 

മറ്റെല്ലാ സിനിമകളേക്കാളും അഫ്ഗാനിസ്ഥാനു പ്രിയം ബോളിവുഡ് സിനിമകളാണ്. അതിനാൽ തന്നെ മിക്ക നടീനടൻമാരെയും അവർക്കറിയാം. കാബൂളിലെ മിക്കവാറും സിഡിക്കടകളിലും ഇന്ത്യൻ ചിത്രങ്ങൾ യഥേഷ്ടം ലഭിക്കുമെന്നും അവിടെപ്പോയിട്ടുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഖുദാ ഗവ കാബൂളിലെ തീയറ്ററുകളിൽ ഹൗസ്ഫുള്ളായി 10 ആഴ്ചകളാണ് ഓടിയത്. ഇത്രത്തോളം സ്വീകാര്യത ലഭിച്ച മറ്റൊരു ചിത്രം അഫ്ഗാൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 2001ൽ താലിബാനെ നിഷ്കാസിതരാക്കിയ ശേഷം തീയറ്ററുകൾ തുറന്നപ്പോൾ, ഏറ്റവും കൂടുതൽ ആവശ്യം ഖുദാ ഗവ പ്രദർശിപ്പിക്കണമെന്നായിരുന്നു.

 

English summary: Bollywood movie Khuda Gawah and Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com