ADVERTISEMENT

ഏതുനിമിഷവും കടലിലേക്കാഴ്ന്നു പോകാവുന്ന വിധത്തിലാണ് ആ പ്രദേശം. എന്നാൽ 1980കളിൽ കണ്ടെത്തുന്ന സമയത്ത് കടൽ അത്രയേറെ തീരത്തേക്കു കടന്നിട്ടുണ്ടായിരുന്നില്ല. എന്തായാലും പണിയായത് പുരാവസ്തു ഗവേഷകർക്കാണ്. കടൽ കയറി നശിക്കാൻ പോകുന്ന സ്ഥലത്തുനിന്ന് ലഭ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ശ്രമത്തിലാണവർ. പറഞ്ഞുവരുന്നത് സ്കോട്‌ലൻഡിലെ ട്രെസ്‌നെസ് പെനിൻസുലയിലെ ഓക്നീ ദ്വീപുകളെപ്പറ്റിയാണ്. അവിടെ സാൻഡേ എന്നറിയപ്പെടുന്ന കുന്നിൻപ്രദേശത്താണ് 1980കളിൽ ഗവേഷകർ ഒരു ശവകുടീരത്തിനു സമാനമായ ഭാഗങ്ങൾ കണ്ടെത്തിയത്. പിന്നെയും 25 വർഷത്തിലേറെയെടുത്തു ഗവേഷകർ ഈ ഭാഗത്തേക്കു കൂടുതൽ പഠനത്തിനായി എത്താൻ. അപ്പോഴേക്കും കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. തിരമാലകൾ പതിയെ ശവകുടീരത്തിലേക്ക് അടിച്ചു കയറിത്തുടങ്ങിയിരുന്നു! 

എന്തായാലും ഗവേഷകർ വെറുതെയിരുന്നില്ല, അതിവേഗം ജോലി ആരംഭിച്ചു. അതിനിടയിൽ ദാ, കൊറോണയുടെ വരവ്. അതോടെ, അതുവരെ കണ്ടെത്തിയ ഭാഗങ്ങളെല്ലാം കൃത്യമായി സംരക്ഷിച്ചുവച്ച് ഗവേഷകർ തിരികെപ്പോയി. അടുത്തിടെ വീണ്ടും ഇവിടേക്ക് എത്തിയപ്പോൾ ഗവേഷകർ കണ്ടത് കടൽത്തിരകൾ കൂടുതലായി അടുത്തിരിക്കുന്നതാണ്. അതോടെ ഗവേഷണം പിന്നെയും വേഗത്തിലാക്കി. ഏതാനും എല്ലു കഷ്ണങ്ങളും മൺപാത്ര ഭാഗങ്ങളുമൊക്കെ ലഭിച്ച് ഗവേഷണം മുന്നോട്ടു പോകുന്നതിനിടെയായിരുന്നു ആ കണ്ടെത്തൽ–ഒന്നല്ല, രണ്ടെണ്ണം. കൃത്യമായി ഉരുണ്ട് ക്രിക്കറ്റ് ബോൾ പോലിരിക്കുന്ന രണ്ട് ഉരുളൻ കല്ലുകളായിരുന്നു ഗവേഷകർക്ക് ശവകുടീരത്തിലെ രണ്ട് അറകളിൽനിന്നു ലഭിച്ചത്. 

mysterious-stone-balls-of-scotland-s-orkney-island
ചിത്രങ്ങൾക്കു കടപ്പാട്: ട്വിറ്റർ

നേരത്തേത്തന്നെ സ്കോട്‌ലൻഡിൽനിന്നും ബ്രിട്ടനിൽനിന്നുമുൾപ്പെടെ ഇത്തരത്തിൽ പല വലുപ്പത്തിലുള്ള കല്ലുകൾ ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം വരും ഇത്. എന്നാൽ അവയെല്ലാം ഒറ്റപ്പെട്ട പ്രദേശങ്ങളിൽനിന്നാണു ലഭിച്ചത്. ഇതാദ്യമായാണ് ഒരു ശവകുടീരത്തിൽനിന്ന് ഇത്തരം കല്ലുകൾ ലഭിക്കുന്നത്. അവയുടെ പഴക്കം പരിശോധിച്ചപ്പോഴാകട്ടെ പിന്നെയും അമ്പരപ്പ്. ബിസി 4000 കാലഘട്ടത്തിലെയായിരുന്നു കല്ലുകൾ. ശവകുടീരത്തിൽനിന്ന് ഒന്നരമൈൽ മാറി നിയോലിതിക് കാലഘട്ടത്തിലെ (ബിസി 10,000–4500) ഒരു ‘സെറ്റിൽമെന്റും’ കണ്ടെത്തിയിരുന്നു. അതായത്, ഒരു കൂട്ടം നിയോലിതിക് മനുഷ്യർ ജീവിച്ചിരുന്ന പ്രദേശം. അവരുമായി ഏതെങ്കിലും വിധത്തിൽ ഈ ശവകുടീരത്തിനോ ശിലാഗോളങ്ങൾക്കോ പങ്കുണ്ടോയെന്നും ഗവേഷകർ പരിശോധിക്കുന്നുണ്ട്. 

ഓക്ക്‌നി ദ്വീപിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയ തലയോട്ടികളിൽ ആഴത്തിൽ മുറിവേറ്റതിന്റെ അടയാളം കണ്ടിട്ടുണ്ട്. ഗോളാകൃതിയിലുള്ള, കനമേറിയ വസ്തുകൊണ്ടുള്ള അടിയേറ്റാണ് അതു സംഭവിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ സാൻഡേയിൽനിന്നു കണ്ടെത്തിയ ഗോളങ്ങൾക്ക് അത്രയേറെ വലുപ്പമില്ല. അതിനാൽത്തന്നെ എന്തിനാണ് ഉപയോഗിച്ചതെന്നതും അവ്യക്തം. ഒരുപക്ഷേ ഏതെങ്കിലും തരത്തിലുള്ള അധികാര ചിഹ്നമായോ ആചാരത്തിന്റെ ഭാഗമായി സ്ഥാപിച്ചതോ ആകാം! 

ഈ കല്ലുകൾ കണ്ടെത്തിയ ശവകുടീരം പല അറകളായി തിരിച്ചതും ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പാറക്കഷ്ണങ്ങള്‍ കൃത്യമായി ചെത്തിമിനുക്കിയായിരുന്നു അറകൾ വേർതിരിച്ചിരുന്നത്. അറകളിൽ പലപ്പോഴായി കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഇതെല്ലാമാണ് ഒന്നര മൈൽ മാറി കണ്ടെത്തിയ കാറ്റ സാൻഡ് എന്ന സ്ഥലത്തു കണ്ടെത്തിയ നിയോലിതിക് സെറ്റിൽമെന്റിൽ താമസിച്ചിരുന്നവർക്ക് ഇതുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തിയത്. മാത്രവുമല്ല നിയോലിതിക് കാലഘട്ടത്തിൽ ശവകുടീകം നിന്ന ഭാഗത്തു മുഴുവൻ മരങ്ങളായിരുന്നിരിക്കണം. കടൽത്തീരം പിന്നെയും ഏറെ ദൂരത്തായിരുന്നു. അതിനാൽത്തന്നെ മൃതദേഹം സംസ്കരിക്കാൻ അനുയോജ്യമായ പ്രദേശവുമായിരുന്നു. 

സ്കോട്‌ലൻഡ്  നാഷനൽ മ്യൂസിയത്തിന്റെയും സെന്‍ട്രൽ ലങ്കാഷർ സർവകലാശാലയുടെയും നേതൃത്വത്തിലായിരുന്നു കടൽത്തീരത്തെ ഉദ്ഖനനവും പഠനങ്ങളും. ഓഗസ്റ്റിൽ തുടങ്ങിയ ഗവേഷണത്തിനിടെ, ഇതിനോടകം ശവകുടീരത്തിലെ വിവിധ അറകൾ കൃത്യമായി വേർതിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. വിവിധ അറകളിൽനിന്നു ലഭിച്ച മൺപാത്രങ്ങളുടെയും എല്ലുകളുടെയുമെല്ലാം അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവയിൽ കൂടുതൽ പഠനം നടക്കുന്നതോടെ മേഖലയിലെ ശിലാഗോളങ്ങളുടെ രഹസ്യവും പുറത്തുവരുമെന്നാണു കരുതുന്നത്. അപ്പോഴും ഗവേഷകർക്ക് മറ്റൊരു സങ്കടമുണ്ട്– ഉദ്ഖനനത്തിലൂടെ ശരിയാക്കിയെടുത്ത ശവകുടീരം അധികം വൈകാതെ കടലെടുത്തു പോകുമല്ലോ എന്നോർത്ത്!

English summary : Mysterious Stone Balls of Scotland's Orkney Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com