ADVERTISEMENT

ഹോട്ടലിൽ ഒരു കാപ്പിയും കുടിച്ചങ്ങനെ ഇരിക്കുകയാണ് നിങ്ങൾ. ഒറ്റയ്ക്കാണ്. ചുറ്റിലും ആരുമില്ല. പെട്ടെന്ന് മുന്നിലിരുന്ന ഒഴിഞ്ഞ കസേര ആരോ വലിച്ചിട്ട് ഇരുന്നതു പോലെ തനിയെ നിരങ്ങി നീങ്ങി. നിങ്ങൾ കസേരയുടെ അടിയിലേക്കും വശങ്ങളിലേക്കുമെല്ലാം ഒരു ഞെട്ടലോടെ നോക്കി. ഇല്ല, ആരുമില്ല. അപ്പോഴതാ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രം കിടന്നാടുന്നു. ഏതു വലിയ ധൈര്യശാലിയാണെങ്കിലും ഒന്നു പതറും. കുറച്ചു പേടിയുള്ള കൂട്ടത്തിലാണെങ്കിൽ കാപ്പിയുടെ കാശും കൊടുത്ത് ജീവനുംകൊണ്ട് ഇറങ്ങിയോടും. ഇതേ അനുഭവം അവിടുത്തെ ജീവനക്കാർക്കുണ്ടായാലോ? അവരും സമാനമായ വിധത്തിൽ ജീവനും കൊണ്ടോടും. 

അങ്ങനെത്തന്നെയാണ് യുകെയിലെ കാർഡിഫിലുള്ള ഒരു പബിലും സംഭവിച്ചത്. അവിടുത്തെ ‘ദ് ലാൻസ്‌ഡൗൺ’ എന്ന പബിന്റെ ഉടമ മുപ്പത്തിമൂന്നുകാരി ഹെയ്‌ലി ബഡ് ഇപ്പോൾ ജീവനക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. പബിൽ നേരത്തേ ഉണ്ടായിരുന്നവരിൽ പലരും സ്ഥലംവിട്ടു. കാരണം മേൽപ്പറഞ്ഞതു തന്നെ. പബിലെ കസേര തനിയെ നീങ്ങുന്നു, ബോർഡ് ആടിയുലയുന്നു! ‘പ്രേതശല്യം’ രൂക്ഷമായതോടെ ആരോടു പരാതി പറയും എന്ന അവസ്ഥയിലാണ് ഹെയ്‌ലി. കഴിഞ്ഞ എട്ടു വർഷമായി പബ് നടത്തുന്നു അവർ. അടുത്തിടെയാണ് പ്രേതശല്യം ശക്തമായത്. ഷോപ്പിലുള്ളവർ ഈ അദൃശ്യ പ്രേതത്തിന് ഒരു പേരും ഇട്ടിട്ടുണ്ട്– ലേഡി ലാൻസ്ഡൗൺ. 

ഇന്നേവരെ ആരുടെയും ജീവനു ഹാനികരമായതോ വല്ലാതെ പേടിപ്പെടുത്തുന്നതോ ആയ യാതൊന്നും ചെയ്തിട്ടില്ല ഈ ‘പ്രേതം’. പക്ഷേ പബിലെ വസ്തുക്കളൊക്കെ തനിയെ നീങ്ങാനും വിറയ്ക്കാനുമൊക്കെ തുടങ്ങിയാൽ ആരായാലും പേടിച്ചു പോകില്ലേ! ഇതൊക്കെ ഓരോരോ തോന്നലാണെന്നു പറഞ്ഞു തള്ളിക്കളയാനും പറ്റാത്ത അവസ്ഥയാണിപ്പോൾ. കാരണം, കസേര നീങ്ങുന്നതും ഭിത്തിയിലെ ബോർഡ് കുലുങ്ങുന്നതുമെല്ലാം പതി‍ഞ്ഞിരിക്കുന്നത് സിസിടിവിയാണ്. ജൂലൈ 26നു വൈകിട്ട് ഏഴരയ്ക്കാണ് ഹെയ്‌ലിക്ക് അവസാനമായി ഈ പ്രേതാനുഭവമുണ്ടായത്. 

ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവർ. അപ്പോഴുണ്ട് ദാ നീങ്ങുന്നു മുന്നിലെ കസേര. അതിനു സമീപത്തു നോക്കിയിട്ടും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല. കസേര നീങ്ങുന്ന ശബ്ദവും കേട്ടതാണ്. സമീപത്തു മാറിയിരുന്നിരുന്ന ഒന്നു രണ്ട് കസ്റ്റർമർമാരോടു ചോദിച്ചപ്പോൾ അവരും ചെറുതായി ശബ്ദം കേട്ടതായി പറഞ്ഞു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴുണ്ട് സംഗതി കൃത്യമായി പതിഞ്ഞിരിക്കുന്നു. എല്ലാറ്റിനും ‘ലോജിക്കലായുള്ള’ ഉത്തരം തേടുന്ന ഹെയ്‌ലി സ്വയം സമാധാനിക്കാനായി ഇതിനു പിന്നിലെ കാരണവും കണ്ടെത്തിയിട്ടുണ്ട്– കാറ്റു കാരണമാണത്രേ കസേര നീങ്ങിയത്. ഇക്കാര്യം സ്വയം പലപ്പോഴായി പറഞ്ഞ് മനസ്സിനെ ധൈര്യപ്പെടുത്തിയതിനാൽ ഇപ്പോഴും ഇടയ്ക്കിടെ ഹെയ്‍ലി പ്രസ്തുത സംഭവമുണ്ടായ മേശയ്ക്കു സമീപംതന്നെ ഇരിക്കുക പതിവാണ്. 

 

അതിനിടയിലായിരുന്നു വിലവിവരങ്ങള്‍ എഴുതുന്ന ബോർഡ് തനിയെ ആടുന്നത് ജീവനക്കാരിലൊരാൾ കണ്ടത്. അതും സിസിടിവിയിൽ കൃത്യമായുണ്ടായിരുന്നു. ഭൂകമ്പത്തിൽപ്പെട്ടതു പോലെയായിരുന്നു ബോർഡിന്റെ ആട്ടം. പബിൽ നേരത്തേതന്നെ ഒരു സ്ത്രീയുടെ പ്രേതം ഉണ്ടായിരുന്നുവെന്നാണ് പലരും ഹെയ്‌ലിയോടു പറഞ്ഞത്. പബിനു മുകളിലുള്ള മുറികളിൽ താമസിക്കുന്നവരും പറഞ്ഞു, അവരുടെ ഫ്ലാറ്റുകളിൽ അനുഭവപ്പെടുന്ന അസാധാരണ സംഭവങ്ങളെപ്പറ്റി. ഇടയ്ക്കിടെ എവിടെനിന്നെന്നില്ലാതെ ഫർണിച്ചറുകൾ നിരങ്ങി നീങ്ങുന്ന ശബ്ദമായിരുന്നു പലരും കേട്ടിരുന്നത്. ആരും ഇന്നേവരെ പക്ഷേ പ്രേതത്തെ നേരിട്ടു കണ്ടിട്ടില്ലാത്തതാണ് ആശ്വാസകരം. ‘ഇങ്ങനെയൊരാൾ ഇവിടെയുണ്ട്’ എന്ന് ഓർമിപ്പിക്കാൻ ലേഡി ലാൻസ്ഡൗൺ ചെയ്യുന്നതായിരിക്കും കസേര നീക്കലും മറ്റുമെന്നാണ് ഹെയ്‌ലി പറയുന്നത്. പക്ഷേ ഓരോ തവണയും പ്രേതാനുഭവമുണ്ടായി എന്നും പറഞ്ഞ് സ്റ്റാഫുകൾ ഓരോന്നായി പബ് വിടുമ്പോൾ ഹെയ്‍ലിക്ക് പ്രേതത്തോട് ഒരപേക്ഷയേ ഉള്ളൂ– സാന്നിധ്യമൊക്കെ ഉറപ്പിച്ചോളൂം, പക്ഷേ അതിവിടെ ഉള്ളവരെ ഓടിച്ചുകൊണ്ടു വേണോ! 

 

English summary : Pub 'Ghost' Moves Chair While Woman is Sat Next to It 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT