ADVERTISEMENT

ഇന്ത്യയിലുൾപ്പെടെ ഇന്നും പലയിടത്തും ഒരു അന്ധവിശ്വാസം പ്രചാരത്തിലുണ്ട്. പണ്ടത്തെക്കാലത്ത് ചില രാജകൊട്ടാരങ്ങളുടെയും കോട്ടകളുടെയും നിർമാണത്തിനു മുൻപ് ഒരു പെൺകുട്ടിയെ ബലി കൊടുക്കുമത്രേ! എന്നിട്ട് ആ പെൺകുട്ടിയുടെ മൃതദേഹം കെട്ടിടം നിർമിക്കുന്ന സ്ഥലത്തുതന്നെ സംസ്കരിക്കും. അതിനു മുകളിൽ പണിതുയർത്തുന്ന കെട്ടിടങ്ങൾ ഒരിക്കലും തകരില്ലെന്നായിരുന്നു വിശ്വാസം. ഇന്ത്യയിൽ പക്ഷേ ഇതിനു ബലം പകരുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല. എന്നാൽ അയൽ രാജ്യമായ ചൈനയിൽ കിട്ടിയിട്ടുണ്ട്. അവിടെ ബിസി 1600 മുതൽ 1046 വരെ ഭരിച്ചിട്ടുള്ള ഷാങ് രാജവംശത്തിനു കീഴിൽ ഇത്തരത്തിൽ നരബലികൾ നടത്തിയിട്ടുണ്ട്. പല ചരിത്ര രേഖകളിലും ഇക്കാര്യമുണ്ട്. ഒട്ടേറെയിടത്തു നിന്ന് തെളിവും ലഭിച്ചിട്ടുണ്ട്. 

ചൈന മാത്രമല്ല, നരബലിയുടെ കാര്യത്തിൽ ദക്ഷിണ കൊറിയയും ഒട്ടും പിന്നിലായിരുന്നില്ല എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. കൊറിയയിലെ സില്ല രാജവംശത്തിന്റെ കാലത്തും നരബലി നടത്തിയിട്ടുണ്ടത്രേ! അതും കെട്ടിടങ്ങൾക്കും കൊട്ടാരങ്ങൾക്കും ബലം പകരാൻ വേണ്ടിത്തന്നെ. ബിസി 57 മുതൽ എഡി 935 വരെ കൊറിയ ഭരിച്ചിരുന്നവരാണ് സില്ല രാജവംശം. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജവംശങ്ങളിലൊന്നാണിത്. രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഗ്യോങ്ജുവിലെ വോൽസിയോങ് പാലസ്. മൂൺ കാസിൽ എന്നും ഇതിനു പേരുണ്ട്. 

2017ൽ ഈ കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ചുമരിനു താഴെനിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചു. ഒരു പുരുഷന്റേതും സ്ത്രീയുടേതുമായിരുന്നു അത്. ഇരുവർക്കും ഏകദേശം 50 വയസ്സ് പ്രായമെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. അവർക്കു സമീപത്തുനിന്ന് പലതരം മൃഗങ്ങളുടെയും അസ്ഥികൾ ലഭിച്ചിരുന്നു. അപ്പോഴൊന്നും അതൊരു നരബലിയുടെ സൂചനയായി ഗവേഷകർക്കു തോന്നിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ അവിടെ ഉദ്ഖനനം നടത്തിയ ഗവേഷകർക്ക് ഒരു അസ്ഥികൂടം കൂടി ലഭിച്ചു. നീളം കുറവായതിനാൽ ആദ്യം അതൊരു കുട്ടിയുടേതാണെന്നാണു കരുതിയത്. സ്ത്രീയാണോ പുരുഷനാണോ എന്നു തിരിച്ചറിയാനാകാത്ത വിധം അതിന്റെ ഇടുപ്പെല്ല് നശിച്ചിരുന്നു. 

അസ്ഥികൂടത്തിന്റെ പല്ലെടുത്ത് പഴക്കപ്പരിശോധന നടത്തി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടേതാണെന്നു തെളിഞ്ഞു. അവൾക്ക് ഏകദേശം 20 വയസ്സുണ്ടായിരുന്നു. നാലര അടിയായിരുന്നു അസ്ഥികൂടത്തിന്റെ നീളം. അതിനാലാണ് കുട്ടിയാണെന്ന് ആദ്യം കരുതിയിരുന്നത്. നേരത്തേ രണ്ടു പേരുടെ അസ്ഥികൂടം ലഭിച്ചതിന് രണ്ടടി മാറി മാത്രമായിരുന്നു ഇരുപതുകാരിയുടെ മൃതദേഹം. ഇവയ്ക്കു സമീപത്ത് യാതൊരു കേടുപാടുമില്ലാതെ ഒരു മൺകലവും ഉണ്ടായിരുന്നു. അതിനകത്ത് മറ്റൊരു ചെറിയ പാത്രവും. മദ്യത്തിനു സമാനമായ എന്തോ വസ്തുവിന്റെ അവശിഷ്ടങ്ങളും മൺകലത്തിനടിയിൽ കാലം കുടിച്ചുവറ്റിക്കാതെ കിടന്നു. ഇതെല്ലാം ഒരുമിച്ചു ചേർത്തു നോക്കിയപ്പോൾ ഗവേഷകർക്ക് ഒരു കാര്യം വ്യക്തമായി–സംഗതി നരബലിയാണ്. 

ആകാശത്തേക്കു നോക്കിക്കിടക്കുന്ന നിലയിലായിരുന്നു മൂന്നു മൃതദേഹങ്ങളും. മരണവെപ്രാളമൊന്നും കാണിച്ചിട്ടില്ല. പെൺകുട്ടിയ്ക്കാകട്ടെ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനർഥം അവൾ താഴ്‍‌ന്ന വിഭാഗത്തിൽപ്പെട്ടതാണെന്നായിരുന്നു. നാലാം നൂറ്റാണ്ടിലായിരുന്നു കൊട്ടാരത്തിന്റെ നിർമാണവും ആരംഭിച്ചത്. അതിനാൽ മൃഗങ്ങൾക്കൊപ്പം മനുഷ്യരെയും ബലി കഴിപ്പിച്ചതിന്റെ അടയാളമായിരിക്കാം പെൺകുട്ടിയുടെ മൃതദേഹമെന്നും ഗവേഷകർ പറയുന്നു. 

യുനെസ്കോ അംഗീകരിച്ച, ലോക പൈതൃക പദവി ലഭിച്ച ഇടമാണ് വോൽസിയോങ് പാലസ്. 2017ൽ ഇവിടെനിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. കൊറിയയിൽ വമ്പൻ കെട്ടിടങ്ങൾ നിർമിക്കുന്നതിനു മുൻപ് പെൺകുട്ടികളെ ബലി നൽകുന്നു എന്ന പേടിപ്പിക്കുന്ന ഒരു മിത്തും കാലങ്ങളായി പ്രചരിച്ചിരുന്നു. എന്നാൽ പുരാവസ്തു ഗവേഷകരുടെ പരിശോധനയിലാണ് ഇത് നാലാം നൂറ്റാണ്ടിലെയാണെന്നു തെളിഞ്ഞത്. പെൺകുട്ടിയെ അടക്കം ചെയ്ത് പിന്നെയും ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് മറ്റു രണ്ടു പേരെ അടക്കം ചെയ്തതെന്നും പഴക്കം സംബന്ധിച്ച തെളിവ് വ്യക്തമാക്കുന്നു. 

അങ്ങനെയെങ്കിൽ കൃത്യമായ ഇടവേളകളിൽ നരബലി നടന്നെന്നു വേണം കരുതാൻ. ഏകദേശം 50 വർഷത്തോളമെടുത്താണ് വോൽസിയോങ് പാലസ് പണി കഴിപ്പിച്ചത്. നേരത്തേയും കൊറിയയിലെ പല കെട്ടിടങ്ങൾക്കു സമീപത്തുനിന്നും അസ്ഥികൂടങ്ങൾ ലഭിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തലിന്റെ സാഹചര്യത്തിൽ അവയെല്ലാം നരബലി ആയിരുന്നോയെന്നു പരിശോധിക്കാനിരിക്കുകയാണ് ഗവേഷകർ.

English summary : Remains of human sacrifice victim found in foundation of Korean palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com