ADVERTISEMENT

പുതുതായി വാങ്ങിയ മെറ്റൽ ഡിറ്റക്റ്ററും കൊണ്ട് കൂട്ടുകാരനൊപ്പം കറങ്ങാനിറങ്ങിയ ഒലെ ഗിന്നെറപ് ഷൈറ്റ്സ് എന്ന ചെറുപ്പക്കാരനെ കാത്തിരുന്നത് ഡെന്മാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ നിധികളിലൊന്നായിരുന്നു. 2020 ഡിസംബറിൽ ഡെന്മാർക്ക് ടൗണായ വിന്‍ഡെലേവിലൂടെയായിരുന്നു ഒലെ മെറ്റൽ ഡിറ്റക്റ്ററുമായി നടന്നത്. പുതുതായി വാങ്ങിയതിനാൽത്തന്നെ ആദ്യമായി ഡിറ്റക്റ്ററിൽനിന്ന് ബീപ് ശബ്ദം കേട്ടപ്പോൾ അൽപസ്വൽപം അമ്പരപ്പുണ്ടായിരുന്നു. മണ്ണിനടിയിൽ ഒരു ആണി കിടന്നാലും ഡിറ്റക്റ്റർ ശബ്ദമുണ്ടാക്കും. പക്ഷേ ഒലെ എന്തായാലും കുഴിച്ചു നോക്കാൻ തീരുമാനിച്ചു. 

 

danish-man-with-metal-detector-finds-ancient-gold1

ഒരു വയൽ പ്രദേശത്തിനു സമീപമായിരുന്നു അത്. മണ്ണ് നന്നായി ഈർപ്പം കയറിയ അവസ്ഥയിലും. എളുപ്പത്തില്‍ കുഴിയെടുക്കാനായി. ആദ്യം കയ്യിൽ കിട്ടിയത് ഒരു തകരപ്പാത്രത്തിന്റെ ലിഡ് പോലുള്ള ഭാഗമായിരുന്നു. കാനിലും മറ്റും ശീതളപാനീയം വാങ്ങുമ്പോൾ അത് കുടിക്കാൻ വേണ്ടി നമ്മൾ പൊട്ടിച്ചെടുക്കുന്ന ഭാഗമില്ലേ, ഏതാണ്ട് അതുപോലിരിക്കും. അതിലാകെ മണ്ണും ചെളിയുമായിരുന്നു. ഡിറ്റക്റ്റർ നൽകിയ സൂചന അനുസരിച്ച് പിന്നെയും കുഴിച്ചു നോക്കി. വീണ്ടും വീണ്ടും സമാനമായ ലോഹവസ്തുക്കൾ കിട്ടാൻ തുടങ്ങി. ചിലതിന് നല്ല തിളക്കം, ചിലതിന് പ്രത്യേക തരം ആകൃതി.. സംഗതി എന്തോ വിലയേറിയ വസ്തുവാണെന്ന് അതോടെ ഒലെയ്ക്കു പിടികിട്ടി. 

 

കുഴിച്ചു കുഴിച്ച് അദ്ദേഹം സ്വന്തമാക്കിയത് 22 ലോഹക്കഷ്ണങ്ങളായിരുന്നു. വെറും ലോഹമായിരുന്നില്ല, തനി സ്വർണം! ഏകദേശം ഒരു കിലോ സ്വർണമാണ് അദ്ദേഹം മണ്ണിൽനിന്നു കുഴിച്ചെടുത്തത്. നാണയങ്ങൾ പോലുള്ളവയായിരുന്നു അതിൽ ചിലത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ മനസ്സിലായി, ഭൂരിപക്ഷം വസ്തുക്കളും ലോക്കറ്റുകളും അധികാര മുദ്രകളുമാണെന്ന്. ഇത്തരത്തിൽ പല തരത്തിലുള്ള പുരാതന ലോഹ വസ്തുക്കൾ ഒരുമിച്ച് ഒരിടത്തുനിന്നും ഡെന്മാർക്കിൽ മുൻപു ലഭിച്ചിട്ടില്ല. അതിനാൽത്തന്നെ കഴിഞ്ഞ 40 വർഷത്തിനിടെ പുരാവസ്തു ഗവേഷണത്തിലുണ്ടായ ഏറ്റവും നിർണായക കണ്ടെത്തലായി മാറി ഒലെയുടേത്. 

 

ഏകദേശം 1500 വർഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. ചില മുദ്രകൾക്ക് ഒരു സോസറിന്റെ വലുപ്പമുണ്ടായിരുന്നു. മറ്റു ചിലതിന് നാണയങ്ങളുടെ വലുപ്പവും. റോമൻ രാജാവംശത്തിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളും ആഭരണങ്ങള്‍ക്കു സമാനമായ വസ്തുക്കളും കൂട്ടത്തിലുണ്ടായിരുന്നു. ഒന്നുകിൽ അവ ആഭരണമായി ഉപയോഗിച്ചത്, അല്ലെങ്കിൽ അധികാര ചിഹ്നം, അതുമല്ലെങ്കിൽ വസ്ത്രങ്ങളിലെ അലങ്കാരം... കൃത്യമായ ഒരു നിഗമനത്തിലെത്താനായിട്ടില്ല ഗവേഷകർക്ക്. ഡെന്മാർക്കിൽ ഇന്നേവരെ ലഭിച്ച ഏറ്റവും ഭംഗിയേറിയ, വിലയേറിയ, ഏറ്റവും വലിയ സ്വർണശേഖരമാണിതെന്നും ഗവേഷകർ പറയുന്നു. 

 

കൂട്ടത്തിൽ ചില ലോക്കറ്റുകളിൽ അക്കാലത്തെ ചില രാജാക്കന്മാരെപ്പറ്റിയുള്ള സൂചനകളായിരുന്നു. ചിലതിൽ ഡാനിഷ് മിത്ത് പ്രകാരമുള്ള ദൈവങ്ങളുടെ ചിത്രങ്ങളും പ്രത്യേക കുറിപ്പുകളും ചേർത്തിരുന്നു. ഒരു വലിയ ലോക്കറ്റിൽ അലങ്കാരപ്പണികൾ ഏറെയായിരുന്നു. അതിൽ ഒരു തലയും കൊത്തിവച്ചിരുന്നു– റോമൻ രാജാവായ കോൺസ്റ്റന്റൈൻ ദ് ഗ്രേറ്റിന്റെ. എഡി 306 മുതൽ 337 വരെ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു അദ്ദേഹം. ഒരു കുതിര, പക്ഷി എന്നിവയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ‘ഔന്നത്യമുള്ളത്’ എന്നർഥം വരുന്ന വാക്കും കൊത്തിവച്ചിരുന്നു. യൂറോപ്പിലെ വാണിജ്യത്തിന്റെയും അധികാര മോഹത്തിനായുള്ള പടയോട്ടങ്ങളുടെയും കാലം വരച്ചിടുന്നതാണ് ഈ സ്വർണനിധിയെന്നും ഗവേഷകർ പറയുന്നു. എന്തായാലും ഇവ ലഭിച്ച പ്രദേശത്ത് പുരാവസ്തു ഗവേഷകർ ഉദ്ഖനനം ആരംഭിച്ചു കഴിഞ്ഞു. 

 

പക്ഷേ എങ്ങനെയാണ് ഇവ ഭൂമിക്കടിയിലെത്തിയതെന്ന് വ്യക്തമായിട്ടില്ല. സാധ്യതകളിലൊന്ന് വിരൽ ചൂണ്ടുന്നത് എഡി 536ലേക്കാണ്. അന്ന് ഡെന്മാർക്ക് ഉൾപ്പെടെയുള്ള ഭാഗത്ത് ഒരു വമ്പൻ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷമാകെ കറുത്ത പുകയും ചാരവും കലർന്ന അവസ്ഥയായിരുന്നു. ഭൂമിയിലേക്ക് സൂര്യപ്രകാശം പോലും പതിച്ചിരുന്നില്ല. അതോടെ കൃഷി നശിച്ചു, ജനം പട്ടിണിയിലായി, ഇടയ്ക്ക് യുദ്ധം കൂടി വന്നപ്പോൾ ഭയന്നോടിയവർ ഒളിപ്പിച്ചു വച്ചതാകാം ഈ നിധിയെന്നാണ് ഒരു നിഗമനം. അതല്ല, അഗ്നിപർവത ദുരിതത്തിൽനിന്നു രക്ഷപ്പെടുത്താൻ ദൈവങ്ങൾക്ക് കാഴ്ച വച്ചതാകാമെന്നു നിഗമനവുമുണ്ട്. എന്തായാലും ഇരുമ്പുയുഗത്തിന്റെ അവസാന കാലത്ത് (എഡി 200–400) ഡെന്മാർക്കിലെ വിൻഡെലേവ് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള, ഒരുപക്ഷേ അക്കാലത്തെ രാജവംശത്തിന്റെ ആസ്ഥാനം വരെയായിരുന്നിരിക്കാമെന്ന സൂചനയും നിധി നൽകുന്നു. 2022 ഫെബ്രുവരിയിൽ നിധി പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനാണു തീരുമാനം. ഡെന്മാര്‍ക്ക് നാഷനൽ മ്യൂസിയത്തിലായിരിക്കും പ്രദർശനം.

English summary: Danish man with metal detector finds ancient gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com