ADVERTISEMENT

ടാർസൻ, ജംഗിൾ ബുക് പോലുള്ള കഥകളിലെ നായകൻമാർ കാട്ടിൽ കുട്ടിക്കാലത്ത് വന്നകപ്പെട്ടവരും പിന്നീട് കാട്ടിൽ കാട്ടുമൃഗങ്ങളോടൊപ്പം വളർന്നവരുമാണ്. ഇത്തരം ആളുകൾ യഥാർഥത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ വളരെ പ്രശസ്തനായിരുന്നു വിയറ്റ്നാംകാരനായ ഹൊ വാൻ ലാങ്. കാട്ടിൽ 40 വർഷത്തോളം ജീവിച്ച ലാങ്ങിനെ യഥാർഥ ജീവിതത്തിലെ ടാർസൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ വിയറ്റ്നാമിൽ നിന്നൊരു സങ്കടവാർത്ത വന്നിരിക്കുകയാണ്. ഹൊ വാൻ ലാങ് കാൻസർ ബാധിച്ച് തന്റെ 52ാം വയസ്സിൽ അന്തരിച്ചത്രേ.

∙ അച്ഛന്റെ പേടി

ലോകമെങ്ങും പ്രശസ്തമായ വിയറ്റ്നാം യുദ്ധമാണ് ലാങ്ങിന്റെ ജീവിതത്തിൽ നിർണായകമായത്. യുദ്ധം നടക്കുന്ന സമയത്ത് വെറും നാലുവയസ്സായിരുന്നു ലാങ്ങിന്. അച്ഛനായ ഹോ വാൻ താങ്ങിനൊപ്പം വിയറ്റ്നാമിലെ ഒരു ഗ്രാമത്തിൽ ജീവിക്കുകയായിരുന്നു ലാങ്. യുദ്ധം തുടങ്ങിയതോടെ വിയറ്റ്നാമിലെങ്ങും കോലാഹലമായി. തോക്കുകളും ബോംബുകളും ഇരമ്പിപ്പറക്കുന്ന യുഎസ് പടവിമാനങ്ങളും.

ലാങ്ങിന്റെ അച്ഛനായ ഹോ വാൻ താങ് ഒരു വിയറ്റ്നാമീസ് സൈനികനായിരുന്നു. ഭാര്യയും മൂന്നുമക്കളുമായി ജീവിച്ചുപോന്ന അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് അക്കാലത്താണ്. ഒരു ബോംബാക്രമണത്തി‍ൽ ഭാര്യയും രണ്ടുകുട്ടികളും മരിച്ചു. ഏറ്റവും ഇളയവനായ ലാങ് മാത്രം ശേഷിച്ചു.

ഇതോടെ യുദ്ധത്തെ ഹോ വാൻ താങ് ഭയങ്കരമായി ഭയപ്പെട്ടു. ഒടുവിൽ ഒരു ദിവസം യുദ്ധത്തിൽ നിന്നു രക്ഷപ്പെടാൻ കുഞ്ഞു ലാങ്ങിനെയുമെടുത്ത് ഹോ വാൻ താങ്, ട്രാ ബോങ് എന്ന വിയറ്റ്നാമിലെ കാട്ടിലേക്ക് ഓടി.

∙ കാട്ടിലെ ജീവിതം

കാട്ടിലെത്തിയ അച്ഛനും മകനും അവിടെ ജീവിതം തുടങ്ങി. സിനിമകളിലൊക്കെ കാണുന്നതുപോലെയായിരുന്നു അവരുടെ ജീവിതം. മരത്തിനു മുകളിൽ ഏറുമാടങ്ങളുണ്ടാക്കി അവിടെയായിരുന്നു താമസം. മരത്തോലിൽ നിന്നുള്ള വസ്ത്രം ഇരുവരും ഉടുത്തു. എലികളെയും തവളകളെയും മുയലുകളെയും പക്ഷികളെയുമൊക്കെ വേട്ടയാടി, കാട്ടുപഴങ്ങളും കിഴങ്ങുകളും പറിച്ചുതിന്നും കാട്ടരുവിയിലെ വെള്ളംകുടിച്ചുമായിരുന്നു ഇരുവരുടെയും ജീവിതം.

കാലം മാറി. വിയറ്റ്നാം യുദ്ധം തീർന്നു. യുഎസ് അവിടെനിന്നു മടങ്ങി. എന്നിട്ടും ഹോ വാൻ താങ്ങും ലാങ്ങും കാട്ടിൽ തന്നെ കഴിഞ്ഞു. യുദ്ധം ഇപ്പോഴും തുടരുന്നുണ്ടെന്നായിരുന്നു ഹോ വാൻ താങ്ങിന്റെ വിശ്വാസം.

 

2013ൽ വനമേഖലയിലെത്തിയ വിനോദസഞ്ചാരികളാണ് ഇവരെ വീണ്ടും കണ്ടെത്തിയത്. തുടർന്ന് ഇവർ അവരെ കൂട്ടിക്കൊണ്ടുപോയി. ഹോ വാൻ താങ്ങിനു ഭാഷയെങ്കിലും അറിയാമായിരുന്നു. എന്നാൽ നാലുവയസ്സ് ഉള്ളപ്പോൾ കാട്ടിലെത്തിയ ലാങ്ങിന് ഒന്നും അറിയില്ലായിരുന്നു. രാത്രിൽ പ്രകാശം ചൊരിയുന്ന ബൾബുകളും സംഗീതവും ദൃശ്യങ്ങളും പുറപ്പെടുവിക്കുന്ന ടിവിയും അവനെ വല്ലാതെ ആകർഷിച്ചു. 2017ൽ ലാങ്ങിന്റെ അച്ഛനായ ഹോ വാൻ താങ് മരിച്ചു,

നാട്ടിലെത്തിയ ശേഷം നാട്ടിലെ ഭക്ഷണവും ഫാസ്റ്റ് ഫുഡുമൊക്കെയായിരുന്നു ലാങ്ങിനു പ്രിയം. മദ്യവും സിഗരറ്റും അവൻ ഉപയോഗിച്ചിരുന്നു. പൊടുന്നനെയുള്ള ഈ ജീവിതശൈലീമാറ്റം കൊണ്ടാകാം ലാങ്ങിനു കരളിൽ കാൻസർ പിടിപെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. ഏതായാലും ആ രോഗം ലാങ്ങിന്റെ മരണത്തിലാണു കലാശിച്ചത്.

English summary : Real life Tarzan Ho Van Lang from Vietnam dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com