ADVERTISEMENT

ന്യൂസീലൻഡ് പൊലീസിനു തലവേദനയായ ഒരു സംഭവം പണ്ടൊരിക്കൽ നടന്നു. റോഡിൽ വയ്ക്കുന്ന ഓറഞ്ചു നിറത്തിലുള്ള ‘ട്രാഫിക് കോൺ’ ഇല്ലേ, അത് ആരോ തട്ടിമറിച്ചിടുന്നു. അമിതമായ സ്പീഡിൽ വരുന്ന വാഹനങ്ങൾ അതിൽ തട്ടി അപകടമുണ്ടാകുന്നു. മിക്ക വാഹന യാത്രക്കാരും വഴിയിൽ നിർത്തി കോൺ റോഡരികിലേക്കു മാറ്റി വയ്ക്കേണ്ട അവസ്ഥയും. അരാണ് ഈ കോൺ തട്ടിയിടലിനു പിന്നിൽ? അധികൃതർ സിസിടിവി സ്ഥാപിച്ച് പ്രതിയെ പിടികൂടാൻ തീരുമാനിച്ചു. അപ്പോഴാണ് ആ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്.

 

bruce-a-parrot-with-broken-beak-and-invented-a-tool

ന്യൂസീലൻഡിൽ മാത്രം കാണപ്പെടുന്ന ഒരിനം തത്തയാണ് വില്ലൻ. അവയാണ് ട്രാഫിക് കോൺ കൊക്കുകൊണ്ടും കാലുകൊണ്ടുമെല്ലാം മറിച്ചിടുന്നതും വലിച്ചുകൊണ്ടു പോകുന്നതുമെല്ലാം. ലോകത്തെ ഏറ്റവും ബുദ്ധിയുള്ള പക്ഷികളിലൊന്നാണ് ആൽപൈൻ പാരറ്റ് വിഭാഗത്തിൽപ്പെട്ട കിയ. എന്നാൽ എന്തിനു വേണ്ടിയാണ് ഇവ ഇങ്ങനെ ചെയ്യുന്നതെന്ന് ആർക്കും പിടികിട്ടിയില്ല. അന്വേഷിച്ച് അധികൃതർ ഒരു നിഗമനത്തിലെത്തി. വാഹനങ്ങൾ പാതിവഴിയിൽ നിർത്തിക്കാനുള്ള തന്ത്രമായിരുന്നു അത്. കോൺ നീക്കിവയ്ക്കാൻ വാഹനങ്ങൾ നിർത്തുമ്പോൾ കിയ പക്ഷി വാഹനത്തിന്റെ ചില്ലിൽ വന്നു കൊത്തും. കൗതുകം തോന്നി, വാഹനത്തിലിരിക്കുന്നവർ അതിനു ഭക്ഷണവും നല്‍കും. ‘വാട്ട് ആൻ ഐഡിയ’ അല്ലേ? 

 

bruce-a-parrot-with-broken-beak-and-invented-a-tool1

എന്തായാലും വാഹനയാത്രക്കാർക്കു ദുരിതമായതോടെ കിയ പക്ഷികൾക്കായി പ്രത്യേക ‘ജിമ്മുകള്‍’ വരെ നിർമിക്കേണ്ടി വന്നു. ഭയങ്കര ആക്ടിവാണ് കിയകൾ. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. അതിനു വേണ്ടിയാണ് റോഡരികില്‍ പലയിടത്തായി ജിമ്മുകൾ സ്ഥാപിച്ചത്. ഊഞ്ഞാലും മരക്കഷ്ണങ്ങളുമൊക്കെയാണ് ജിമ്മിൽ. അവ ഇടയ്ക്കിടെ മാറ്റിക്കൊടുക്കുകയും ചെയ്യും. അതോടെ റോഡ് വിട്ട് ഫുൾ ടൈം ജിമ്മിലായി കിയക്കിളികൾ. കിയപ്പക്ഷികൾ ജിമ്മിലേക്കു മാറിയതോടെ കർഷകർക്കും സമാധാനം. ശക്തിയേറിയ കൊക്കുകൊണ്ട് ആടുകളെ കൊത്തുന്ന പരിപാടിയും കിയകൾക്കുണ്ട്. അത് നിന്നതാണ് കർഷകർക്ക് ആശ്വാസകരമായത്.

 

അടുത്തിടെ മറ്റൊരു കിയ വിശേഷവും ലോകം അറിഞ്ഞു. ബ്രൂസ് എന്ന തത്തയെപ്പറ്റിയായിരുന്നു അത്. ബ്രൂസിന്റെ കൊക്കിനു മുകൾ ഭാഗം ഇല്ല. ജന്മനാ പോയതോ അല്ലെങ്കിൽ പക്ഷികളെ പിടികൂടാനുള്ള കെണിയിൽ പെട്ടതോ ആകാം. എന്തായാലും വില്ലോബാങ്ക് വൈൽഡ്‌ലൈഫ് റിസർവ് അധികൃതർക്കു കിട്ടുന്ന സമയത്ത് ബ്രൂസ് തീരെ ക്ഷീണിതനായിരുന്നു. പതിയെപ്പതിയെ കക്ഷി തിരിച്ചു വന്നു തുടങ്ങി. കൊക്കിന്റെ മുകൾ ഭാഗമില്ലെങ്കിലും നാക്കും കീഴ്‌ക്കൊക്കും ചേർത്തായി പിന്നെ ഭക്ഷണം കഴിക്കലും കൊത്തിവലിക്കലുമെല്ലാം. അതും പോരാതെ ശരീരം വൃത്തിയാക്കാൻ പല വലുപ്പത്തിലുള്ള കല്ലുകളും ഇവ ഉപയോഗിക്കാൻ തുടങ്ങി. 

 

ഈ കല്ലുകൾ കൊത്തിയെടുത്ത് തൂവലിനുള്ളിലേക്കു കയറ്റി ചെളിയും പേനുകളെയുമെല്ലാം തട്ടിക്കളയുകയാണ് രീതി. കൂടാതെ തൂവൽ കോതാനും മറ്റുമായി മരക്കമ്പുകളും ഉപയോഗിച്ചു. ഇതെല്ലാം പക്ഷേ അത്ര നിസ്സാരമല്ല കേട്ടോ! ലോകത്തിലാദ്യമായാണ് ഒരു കിയ പക്ഷി കല്ലും മരക്കമ്പുകളുമെല്ലാം സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനായി ഉപയോഗിക്കുന്നതെന്നു തെളിഞ്ഞത് ബ്രൂസിലൂടെയാണ്. ബ്രൂസിന്റെ ഈ കഴിവിനെപ്പറ്റി ഓക്ക്‌ലൻഡ് സർവകലാശാലയിലെ ഗവേഷകർ വിശദമായി പഠിച്ചു. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ വിശദമായ പഠനവും പ്രസിദ്ധീകരിച്ചു. 

 

മറ്റു കിളികളെ കണ്ടു പഠിച്ചല്ല, കിയ എല്ലാം സ്വയം പരിശീലിച്ചതാണെന്നും ഗവേഷണത്തിനു നേതൃത്വം നൽകിയ വിദഗ്ധർ പറയുന്നു. 2013ലാണ് കിയയെ ന്യൂസീലൻഡിലെ ആർതേഴ്സ് പാസിൽനിന്ന് കണ്ടെടുക്കുന്നത്. കുഞ്ഞായിരിക്കെത്തന്നെ കൊക്കിന്റെ മുകൾ ഭാഗം പോയ അവസ്ഥയും. സൗത്ത് ഐലന്റ് വൈൽഡ്‌ലൈഫ് ഹോസ്പിറ്റലിലായിരുന്നു ആദ്യകാല ചികിത്സ. പിന്നീടാണ് വില്ലോബാങ്കിലേക്കു കൊണ്ടുവന്നത്. 2019ൽ കല്ലുകളുപയോഗിച്ച് കിയ തൂവൽ കോതുന്നതു കണ്ട കാവൽക്കാരാണ് ഇക്കാര്യം ഗവേഷകരെ അറിയിച്ചതും സംഗതി പഠനവിഷയമായതും. കിയപ്പക്ഷികളുടെ കാര്യത്തിൽ ന്യൂസീലൻഡ് സർക്കാരും ഏറെ ശ്രദ്ധയിലാണ്. രാജ്യത്താകെ നിലവിൽ 3000 മുതൽ 7000 പക്ഷികളേ ഉള്ളൂ. അതിനാൽത്തന്നെ വംശനാശഭീഷണിയുള്ള പക്ഷികളുടെ പട്ടികയിലുമാണ് കിയകൾ.

 

English summary: Bruce a parrot with a broken beak and he invented a tool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com