ആരുമറിഞ്ഞില്ല! ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോയി

HIGHLIGHTS
  • കുറച്ച് താഴ്ന്നിരുന്നെങ്കിൽ നടക്കുക കൂട്ടിയിടിയും വൻ ദുരന്തവും
asteroid-skimmed-by-earth-and-scientists-didnt-see-it-coming
Representative image. Photo Credits: Dotted Yeti/ Shutterstock.com
SHARE

32 നിലക്കെട്ടിടത്തിന്റെ അത്ര വലുപ്പം വരുന്ന ഒരു വമ്പൻ ഛിന്നഗ്രഹം കഴിഞ്ഞയാഴ്ച ഭൂമിക്കു തൊട്ടരികിലൂടെ കടന്നു പോയി. നാസ ഉൾപ്പെടെ ലോകത്തെ പ്രമുഖ ജ്യോതിശാസ്ത്ര, ബഹിരാകാശ, വാനനിരീക്ഷണ സ്ഥാപനങ്ങൾക്കൊന്നും ഇതു കണ്ടെത്താൻ പറ്റിയില്ല.2021 എസ് ജി എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സൂര്യനിൽ നിന്നു ഭൂമിയിലേക്കുള്ള ദിശയിലാണ് വന്നത്. കടുത്ത സൂര്യപ്രകാശത്താൽ ഇതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 

ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ പകുതി ദൂരം ഭൗമനിരപ്പിൽ നിന്നു പാലിച്ചാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. ഗ്രീൻലാൻഡിനും കാനഡയ്ക്കും മുകളിലൂടെയായിരുന്നു ഇതിന്റെ സഞ്ചാരപഥം. ഈ മാസം തന്നെ ഇതു രണ്ടാമത്തെ തവണയാണ് ഇത്തരമൊരു ഛിന്നഗ്രഹം കടന്നുപോകുന്നത്. സെപ്റ്റംബർ ഏഴിനു അരിസോണയിലുള്ള ജ്യോതിശ്ശാസ്ത്രജ്ഞർ 2021 ആർഎസ്2 എന്ന ഛിന്നഗ്രഹം ഇതേ ദിശയിൽ വന്നൊരു ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകുന്നതു ശ്രദ്ധിച്ചു. തൊട്ടടുത്തെത്തിയ ശേഷമാണ് അവർക്ക്  ഇതിനെ കാണാൻ കഴിഞ്ഞത്. ഇതൊരു ചെറിയ ഛിന്നഗ്രഹമായിരുന്നു, ഭൂമിയിലേക്കു പതിച്ചിരുന്നെങ്കിൽ പോലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകില്ലായിരുന്നു.

എന്നാൽ 2021 എസ്ജിയുടെ കാര്യത്തിൽ ഇതായിരിക്കില്ല സ്ഥിതി. വമ്പൻ വലുപ്പവും മണിക്കൂറിൽ 90000 കിലോമീറ്റർ വേഗവുമുള്ള ഈ ഛിന്നഗ്രഹമെങ്ങാനും ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ വൻ ദുരന്തമായിരുന്നു സംഭവിക്കുന്നത്.

2013ൽ റഷ്യയിൽ ഷെല്യബിൻസ്കിൽ ഒരു ഛിന്നഗ്രഹം (ഉൽക്കയാണെന്നും സംശയമുണ്ട്) ഇടിക്കുകയും ഇതു പുറപ്പെടുവിച്ച ഊർജതരംഗങ്ങൾ മൂലം നിരവധിപ്പേർ ആശുപത്രിയിലാകുകയും ചെയ്തു. എന്നാൽ ഇതൊക്കെ വെറും ചെറിയ അപകടങ്ങൾ. 

നമ്മൾ പല തരം പ്രകൃതിക്ഷോഭങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല. ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായതെന്നും നമുക്ക് അറിയാം. ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.

നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.

ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനും അടിയന്തമെങ്കിൽ ശക്തമായ നടപടികളെടുക്കാനും നാസയും മറ്റു ജ്യോതിശ്ശാസ്ത്ര സംഘടനകളും ടെലിസ്കോപിക് സംവിധാനങ്ങളും മറ്റും ലോകത്തെല്ലായിടത്തും ഒരുക്കിവച്ചിട്ടുണ്ട്. എങ്കിൽ പോലും ഇവയുടെ കണ്ണുവെട്ടിച്ച് പോലും ഛിന്നഗ്രഹങ്ങൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഇതിനു പരിഹാരമെന്ന നിലയിൽ നാസ ചില ശക്തമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. നിയർ എർത് ഒബ്ജക്റ്റ് സർവേയർ സ്പേസ് ടെലിസ്കോപ് എന്നതാണ് ഇതിലൊന്ന്. 2026ൽ വിക്ഷേപിക്കപ്പെടുന്ന ഇത് പെട്ടെന്നു വരുന്ന ഛിന്നഗ്രഹങ്ങളെയും പാറക്കഷണങ്ങളെയുമൊക്കെ നിരീക്ഷിക്കാൻ സഹായിക്കും. പിന്നീടുള്ളതാണ് ഡാർട്ട്. ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപഥത്തിൽ നിന്നു തെറിപ്പിച്ച് വഴി തിരിക്കാൻ ലക്ഷ്യമിട്ട് വിടുന്ന ബഹിരാകാശ പേടകമാണു ഡാർട്ട്. ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഇതിനെ മുന്നോട്ട് നയിക്കുന്നത് സീനോൺ ഊർജമാണ്.

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡിഡിമൂൺ എന്ന മറ്റൊരു ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ഡാർട്ട് യാത്ര തിരിക്കുന്നത്.സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ഡിഡിമൂൺ എന്ന ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുക്കും.ആദ്യമായി ഡിഡിമൂണിന്റെ കുറച്ചു ചിത്രങ്ങളെല്ലാമെടുത്ത് ഭൂമിയിലേക്ക് അയയ്ക്കും. പിന്നീട് പാഞ്ഞ് ചെന്ന് ഒരൊറ്റ ഇടിയായിരിക്കും. പിന്നീട് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും നാസ പറഞ്ഞിട്ടില്ല. ചിലപ്പോൾ ഡാർട്ട് നശിച്ചുപോകും, ഛിന്നഗ്രഹത്തിന് ഒന്നും പറ്റില്ല. ചിലപ്പോൾ ഛിന്നഗ്രഹം ഇടിയുടെ ആഘാതത്തിൽ ഭൂമിക്ക് കൂടുതൽ അകലേക്ക് പോകും. അങ്ങനെ സംഭവിച്ചാൽ അതൊരു പ്രതീക്ഷയാണ്.ഭാവിയിൽ ഏതെങ്കിലും ഭീകരൻ ഛിന്നഗ്രഹം നമ്മെ തേടിയെത്തിയാൽ, ഒന്നു തിരിച്ചു പൊരുതാനായി കൈയിലൊരു ആയുധമുണ്ടെന്ന പ്രതീക്ഷ.

English summary : Asteroid skimmed by earth and scientists didnt see it coming

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA