ADVERTISEMENT

നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററി, ഇടയ്ക്കിടെ പ്രപഞ്ചത്തിലെ വിവിധ ദൃശ്യങ്ങൾ പകർത്തി തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇടാറുണ്ട്. കഴിഞ്ഞ ദിവസം ചന്ദ്ര ഒബ്‌സർവേറ്ററി ഇട്ട ഒരു ദൃശ്യം ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ആകാശത്ത് സ്വർണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെയായിരുന്നു ആ ദൃശ്യം.

 

സൂപ്പർനോവ വിസ്‌ഫോടനം എന്നറിയപ്പെടുന്ന നക്ഷത്ര സ്‌ഫോടനത്തിലൂടെ ഉണ്ടായ പൾസറാണ് ഈ സ്വർണക്കൈപ്പത്തിക്ക് കാരണമായതെന്ന് ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററി പറയുന്നു. പിഎസ്ആർ ബി1509-58 എന്നു പേരിട്ടിരിക്കുന്ന പൾസർ 19 കിലോമീറ്ററോളം വ്യാസമുള്ളതും സെക്കൻഡിൽ ഏഴുതവണ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നതുമാണ്. ഇതു സൃഷ്ടിച്ച ഊർജ നെബുലയാണ് കൈപ്പത്തിരൂപത്തിൽ കാണപ്പെടുന്നത്.

 

ഭൂമിയിൽ നിന്നു 17000 പ്രകാശവർഷങ്ങൾ അകലെയാണ് ഈ നെബുല. അതായത്, അവിടെ നിന്നു പ്രകാശം പുറപ്പെട്ടാൽ 17000 വർഷങ്ങൾ എടുക്കും ഇങ്ങു ഭൂമിയിൽ എത്താൻ. സൂപ്പർനോവ വിസ്‌ഫോടനത്തിന്റെ പ്രകാശം ഭൂമിയിൽ എത്തിയത് മയൻ സംസ്‌കാരം തെക്കൻ അമേരിക്കയിൽ നിലനിന്ന കാലത്താണെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്.

 

നക്ഷത്രങ്ങൾ പ്രോട്ടോസ്റ്റാർ, റെഡ് ജയന്‌റ്, വൈറ്റ് ഡ്വാർഫ് തുടങ്ങി പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് അന്ത്യത്തിലെത്തുന്നതെന്ന് നമുക്ക് അറിയാം. മധ്യരീതിയിൽ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവസാനഘട്ടത്തിൽ സൂപ്പർനോവ വിസ്‌ഫോടനത്തിൽ പൊട്ടിത്തെറിക്കുകയും ന്യൂട്രോൺ സ്റ്റാർ എന്ന അവസ്ഥയിലേക്കു പോകുകയും ചെയ്യും. ഇത്തരത്തിലുള്ള ന്യൂട്രോൺ സ്റ്റാറുകളിൽ ചിലതു സ്വയം ഭ്രമണം ചെയ്യുന്നവയും കാന്തിക വികിരണങ്ങളെ പുറപ്പെടുവിക്കുന്നതുമായി മാറും. ഇവയാണു പൾസറുകൾ.

 

ഒട്ടേറെ കൗതുകരമായ ചിത്രങ്ങൾ ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററിയും നാസയുടെ മറ്റ് അക്കൗണ്ടുകളും പങ്ക് വയ്ക്കുന്നുണ്ട്. പ്രപഞ്ചത്തെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ അറിയാനും കാണാനും താൽപര്യമുള്ളവർക്ക് ഈ സമൂഹമാധ്യമ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത് ഗുണകരമാണ്. ഇതോടൊപ്പം ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററിയുടെ വെബ്‌സൈറ്റിൽ ഇതു സംബന്ധിച്ച പഠനങ്ങളും ഓഡിയോയുമൊക്കെ ലഭിക്കും. തമോഗർത്തത്തിന്റെ ഒരു ചിത്രം, സൂര്യനിൽ കഴിഞ്ഞ പത്തു വർഷങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ കോർത്തിയിണക്കിയുള്ള വിഡിയോ, അന്‌റാർട്ടിക്കയുടെ ഉപഗ്രഹചിത്രങ്ങൾ തുടങ്ങി ഒട്ടേറെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിരുന്നു. ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററി ഈ വർഷമാദ്യം പുറത്തുവിട്ട മാലയുടെ രൂപത്തിലുള്ള നെബുലയുടെ ചിത്രവും വളരെ ശ്രദ്ധേയമായിരുന്നു. നെക്ലേസ് നെബുല എന്ന പേരിലാണ് ഇതു പ്രശസ്തമായത്.

നൊബേൽ പുരസ്‌കാര ജേതാവായ ഇന്ത്യൻ ശാസ്ത്രജ്ഞൻ സുബ്രഹ്‌മണ്യൻ ചന്ദ്രശേഖറിന്റെ പേരിലുള്ള ഉപഗ്രഹ ടെലിസ്‌കോപ്പായ ചന്ദ്ര, ഹബ്ബിൾ സ്‌പേസ്, കോംപ്റ്റൺ ഗാമാറേ, സ്പിറ്റ്‌സർ എന്നിവയ്‌ക്കൊപ്പം, നാസയുടെ ഏറ്റവും ബൃഹത്തായ സ്‌പേസ് പദ്ധതിയായിട്ടാണു കണക്കാക്കപ്പെടുന്നത്. 1999ൽ കൊളംബിയ സ്‌പേസ് ഷട്ടിൽ ഉപയോഗിച്ചാണ് നാസ ഈ ടെലിസ്‌കോപ് ബഹിരാകാശത്തെത്തിച്ചത്.

 

English summary : Ghostly 'hand' stretches through space in new X-ray views

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com