ADVERTISEMENT

സ്‌പെയിനിൽ കടലിനടിയിൽ നിന്നു റോമൻ സ്വർണനാണയങ്ങൾ കണ്ടെത്തി നീന്തൽക്കാർ. 1500 വർഷം പഴക്കമുള്ള മഹാനിധിയാണ് ഇതോടെ വെളിച്ചത്തു വന്നതെന്നു പുരാവസ്തു ഗവേഷകർ അറിയിച്ചു.

ലൂയിസ് ലെൻസ് പാർഡോയും സീസർ ഗിമെനോ ആൽക്കാലോയും നീന്തൽക്കാരും ബന്ധുക്കളുമാണ്. സ്‌പെയിനിൽ മെഡിറ്ററേനിയൻ തീരത്തു സ്ഥിതി ചെയ്യുന്ന സാബിയ എന്ന വിനോദസഞ്ചാരപട്ടണത്തിൽ കഴിഞ്ഞ ആഴ്ച ഇവർ കുടുംബാംഗങ്ങളുമായി ഉല്ലാസ യാത്രയ്‌ക്കെത്തിയതോടെയാണ് എല്ലാത്തിനും തുടക്കമായത്. താമസിയാതെ സീസറും ലൂയിസും മെഡിറ്ററേനിയൻ കടലിലെ പോർടിസോൾ ബേയിൽ ആഴനീന്തൽ നടത്താനായി പോയി.

കടലിനടിയിൽ എത്തിയ ലൂയിസ് ലെൻസ് പാർഡോ താമസിയാതെ അവിടെ എന്തോ ഒരു തിളക്കം കണ്ട് അദ്ഭുതപ്പെട്ടു. അതൊരു സ്വർണനാണയമായിരുന്നു. ഒരു ദ്വാരത്തിൽ നിന്നും നാണയം പുറത്തെടുത്ത നീന്തൽക്കാർ അതു വൃത്തിയാക്കിയപ്പോൾ പ്രാചീന റോമൻ ദേവതയുടെ ചിത്രം അതിൽ ആലേഖനം ചെയ്തിരിക്കുന്നതായി കണ്ടു. ഈവിധത്തിൽ ഇതൊരു പുരാതനനാണയമാണെന്നു മനസ്സിലാക്കിയ ഇരുവരും അന്നത്തെ ദിവസത്തെ തിരച്ചിൽ മതിയാക്കി, സ്ഥലം കൃത്യമായി അടയാളപ്പെടുത്തി അവിടെ നിന്നും പോയി.കൂടുതൽ നാണയങ്ങൾ അവിടെ ഉണ്ടാകാമെന്ന് അവർ ചിന്തിച്ചു. അതു ശരിയുമായിരുന്നു.

പിറ്റേ ദിവസം ഉപകരണങ്ങളുമായി വീണ്ടും കടലിന്റെ അടിത്തട്ടിലെത്തിയ ലൂയിസും സീസറും തങ്ങൾക്ക് നേരത്തെ സ്വർണനാണയം കിട്ടിയ ദ്വാരം കുഴിച്ചു. ഇതോടെ അവർക്ക് എട്ട് നാണയങ്ങൾ കൂടി കിട്ടി. അതിനു ശേഷം ഇതെല്ലാം ഒരു ഭരണിയിലെത്തി അവർ മടങ്ങി. സ്വർണനാണയങ്ങൾ കൈവശം വയ്ക്കാൻ നീന്തൽക്കാർക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. അവർ സംഭവം അധികാരികളെ അറിയിച്ചു. നാണയങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് സ്‌പെയിനിലെ അലിസാന്റ സർവകലാശാല, സോലെർ ബ്ലാസ്‌കോ മ്യൂസിയം, സ്പാനിഷ് സിവിൽ ഗാർഡ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ കടലിനടിയിലെത്തി തിരച്ചിൽ നടത്തി. 53 സ്വർണനാണയങ്ങളാണ് തിരച്ചിലിൽ അവർ കണ്ടെത്തിയത്. എഡി 368നും 408നും ഇടയിലുള്ള കാലഘട്ടത്തിലേതായിരുന്നു ഈ നാണയങ്ങൾ. റോമൻ ചക്രവർത്തിമാരായ വാലന്റീനിയൻ 1, വാലന്റീനിയൻ 1, തിയോഡോസിയോസ് 1, അർകേഡിയസ്, ഹോണോറിയസ് എന്നിവരുടെ പേരുകൾ വിവിധ നാണയങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിനു ഡോളർ പുരാവസ്തു മൂല്യമുള്ളവയാണ് കണ്ടെടുത്ത നാണയങ്ങൾ.വിശ്വപ്രസിദ്ധമായ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ അവസാനകാലഘട്ടത്തിൽ നിന്നുള്ളവയായതിനാൽ വളരെ വിലപിടിപ്പുള്ള വിവരങ്ങൾ ഇവ നൽകിയേക്കുമെന്നു വിദഗ്ധർക്കു പ്രതീക്ഷയുണ്ട്.

 

കുറച്ചു ചെമ്പുതകിടുകളും ആണികളും കൂടി കിട്ടിയിട്ടുണ്ട്. കടലിൽ ഇവ നിക്ഷേപിച്ച സമയത്ത്, നിധിയുടെ ഉടമസ്ഥൻ ഒരു പെട്ടിയിലാകാം നിക്ഷേപിച്ചതെന്നും അതിന്റെ അവശിഷ്ടങ്ങളാകാം ചെമ്പുതകിടും ആണികളുമെന്നും വിദഗ്ധർ പറയുന്നു.

ആരാകാം ഈ നദി കടലിൽ നിക്ഷേപിച്ചത്. കപ്പൽചേതത്തിന്റെ ഭാഗമായി സാധാരണ ഇത്തരം അമൂല്യവസ്തുക്കൾ കണ്ടുകിട്ടാറുണ്ടെങ്കിലും ഇവിടെ അതാകില്ല കാരണം. അടുത്തെങ്ങും കപ്പലുകൾ തകർന്നതിന്റെ യാതൊരു ലക്ഷണവുമില്ല. പ്രാചീന കാലഘട്ടത്തിൽ നാടോടി ഗോത്രങ്ങളുടെ ആക്രമണത്തിനു റോം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്കാലത്ത് ഐബീരിയൻ പ്രവിശ്യയിൽ നിന്നു പോയ ഏതെങ്കിലും ധനികൻ നാടോടി ഗോത്രങ്ങളിൽ നിന്നു സംരക്ഷിക്കാനായി നിധി കടലിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ ആദ്യ അനുമാനം.

 

English summary : Amateur freedivers discover 53 Roman gold coins coast Aalicante

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com