ADVERTISEMENT

ലോകത്ത് ശാസ്ത്ര, സമാധാന, സാഹിത്യ, സാമ്പത്തികശാസ്ത്ര മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകുന്നവർക്കാണു നൊബേൽ പുരസ്കാരങ്ങൾ നൽകുന്നത്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് 1939ൽ നോമിനേറ്റ് ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ പേരറിയാമോ? സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ. നാത്സി ജർമനിയുടെ ക്രൂരനായ ഏകാധിപതി. വംശഹത്യയുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും കരിനിഴൽ പേറുന്ന ലോകത്തെ ഏറ്റവും കൊടിയ വില്ലൻമാരിലൊരാൾ. എന്ത് അവിശ്വസനീയമായ വിരോധാഭാസം അല്ലേ? പക്ഷേ സംഭവം സത്യമാണ്. എന്നാൽ കഥയിൽ വൻ ട്വിസ്റ്റുണ്ട്.

1939 ജനുവരി 24ന് സ്വീഡിഷ് പാർലമെന്റിലെ 12 എംപിമാർ ചേർന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയായ നെവിൽ ചാംബർലെയിനെ സമാധാന നൊബേലിനായി നോമിനേറ്റ് ചെയ്തിടത്താണ് സംഭവങ്ങളുടെ തുടക്കം. 1938ൽ ഹിറ്റ്ലറുമായി മ്യൂനിച്ച് ഉടമ്പടിയുണ്ടാക്കാൻ മുന്നിട്ടു നിന്ന വ്യക്തിയായിരുന്നു ചാംബർലെയിൻ. ആ ഉടമ്പടി കാരണം ഹിറ്റ്ലർ മേഖലയിൽ ഒരു വൻയുദ്ധം നടത്തുന്നതിൽ നിന്നു പിന്തിരിഞ്ഞെന്നും അതു മൂലം അവിടെ സമാധാനം പുലർന്നെന്നും എംപിമാർ നിരീക്ഷിച്ചു. ഇതിനു ശേഷം മൂന്നു ദിവസം പിന്നിട്ടപ്പോൾ, സ്വീഡിഷ് എംപിയായ എറിക് ബ്രാൻഡ്, നൊബേൽ പുരസ്കാര സമിതിക്ക് ഒരു കത്തയച്ചു. അഡോൾഫ് ഹിറ്റ്‌ലറിനും നൊബേൽ നോമിനേഷൻ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഹിറ്റ്ലർ യൂറോപ്പിലെമ്പാടും സമാധാനത്തിനായി ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സ്വന്തം ആത്മകഥയായ മെയി‍ൻ കാംഫിൽ ശാന്തിയെപ്പറ്റിയും സമാധാനത്തെപ്പറ്റിയും വിവരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് എഴുതി. ഹിറ്റ്ലറുടെ മഹത്വം കണ്ടറിയാൻ യൂറോപ്പിലെ മറ്റുള്ളവർക്ക് കഴിയുന്നില്ല, ഒരു ലോകയുദ്ധം തുടങ്ങാനും വിജയിക്കാനും കരുത്തുണ്ടായിട്ടും ലോക സമാധാനം മാനിച്ച് ഹിറ്റ്ലർ അടങ്ങിയിരിക്കുകയാണെന്നുമൊക്കെ ബ്രാൻഡ് അടിച്ചുവിട്ടു.ചാംബർലെയിനു പുരസ്കാരം കൊടുക്കണമെന്ന് തന്റെ രാജ്യത്തെ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മ്യൂനിച്ച് ഉടമ്പടിക്ക് ചുക്കാൻ പിടിച്ച ചാംബർലെയിനല്ല, മറിച്ച് ഉടമ്പടിയിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറായ ഹിറ്റ്ലറിനാണു നൊബേൽ ലഭിക്കാൻ അർഹതയെന്നും ബ്രാൻഡ് അടിക്കുറിപ്പായി എഴുതി.

ബ്രാൻഡിന്റെ ‘ഹിറ്റ്ലർ’ നോമിനേഷൻ യൂറോപ്പിലെമ്പാടും, പ്രത്യേകിച്ച് ആൽഫ്രഡ് നൊബേലിന്റെ ജന്മനാടായ സ്വീഡനിൽ വൻ പ്രതിഷേധത്തിനു വഴിവച്ചു. കമ്യൂണിസ്റ്റുകളും സോഷ്യൽ ഡെമോക്രാറ്റുകളും ഫാസിസ്റ്റ് വിരുദ്ധരും നീക്കത്തിനെ ശക്തമായി അപലപിച്ചു. എറിക് ബ്രാൻഡ് ഉന്മത്തനാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടുതുടങ്ങി. ബ്രാൻഡിന്റെ അംഗത്വം പല പ്രമുഖ സംഘടനകളും ക്ലബുകളും നിർത്തലാക്കി.

എന്നാൽ ഇതെല്ലാം തെറ്റിദ്ധാരണയായിരുന്നു. യാതൊരു തരത്തിലും ഹിറ്റ്ലർ അനുകൂലിയായിരുന്നില്ല ബ്രാൻഡ്. 1938ൽ സ്വീഡനിൽ ഫാസിസ്റ്റ് വിരുദ്ധ സംഘടന തുടങ്ങിയ ബ്രാൻഡ്, ഹിറ്റ്ലറുടെ ക്രൂരതകളിൽ നിന്നു രക്ഷപ്പെട്ടു വരുന്ന അഭയാർഥികളെ കൂടുതലായി സ്വീകരിക്കാത്തതിന് സ്വീഡിഷ് സർക്കാരിനെ പോലും വിമർശിച്ചയാളാണ്. പിന്നെന്തുകൊണ്ടാണ് അദ്ദേഹം ഹിറ്റ്ലറിനായി നോമിനേഷൻ സമർപ്പിച്ചത്.

അക്കാലത്ത് ബ്രാൻഡ് തന്നെ അതിനുത്തരം നൽകിയിരുന്നു. ഹിറ്റ്ലറിനെതിരെയുള്ള ഒരു തമാശ സമരമായിരുന്നു സംഭവമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മ്യൂനിച്ച് ഉടമ്പടിയിലൂടെ യൂറോപ്യൻ ശക്തികൾ ഹിറ്റ്‌ലറിനു മുന്നിൽ മുട്ടുമടക്കിയെന്ന അഭിപ്രായക്കാരനായിരുന്നു ബ്രാൻഡ്. ഇക്കാര്യങ്ങൾ ജനശ്രദ്ധയിൽ വരുത്താനും ചാംബർലെയിൻ ചുക്കാൻ പിടിച്ച മ്യൂനിച്ച് ഉടമ്പടി വൃഥാശ്രമമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുമായിരുന്നു തന്റെ ശ്രമമെന്ന് പിന്നീട് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒന്നും കേൾക്കാൻ ആളുകൾ തയാറായിരുന്നില്ല. ഒടുവിൽ തന്റെ ശ്രമം പാളിയ വിഷമത്തോടെ ബ്രാൻഡ് നോമിനേഷൻ പിൻവലിച്ചു. ഏതായാലും അക്കൊല്ലം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ആർക്കും കൊടുത്തില്ല.

English Summary : Adolf Hitler, the German dictator behind the Holocaust that killed about six million Jews, was nominated for Nobel Peace Prize.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com