കത്തയയ്ക്കണോ, ഒഴുകി അരികിലെത്തും; ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫിസും ഇന്ത്യയിൽ

HIGHLIGHTS
  • ഒന്നര ലക്ഷത്തിലേറെ പോസ്റ്റ് ഓഫിസുകളാണു രാജ്യത്തുള്ളത്.
royal-history-of-indian-post-and-unique-post-offices-of-india
Photo Credits; pnkjj/ Shutterstock.com
SHARE

ഒക്ടോബർ 9 മുതൽ 15 വരെ തപാൽവാരം ആഘോഷിക്കുകയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയെന്ന പെരുമയോടെയാണ് ഇന്ത്യ പോസ്റ്റ് ആഘോഷങ്ങളിൽ മുഴുകുന്നത്. ഒന്നര ലക്ഷത്തിലേറെ പോസ്റ്റ് ഓഫിസുകളാണു രാജ്യത്തുള്ളത്. ഇന്ത്യയിൽ തപാൽ സേവനങ്ങളുടെ ചരിത്രം ആരംഭിക്കുന്നതു പതിനെട്ടാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന വാറൻ ഹേസ്റ്റിങ്സാണ് 1774 മാർച്ചിൽ കൊൽക്കത്തയിൽ ആദ്യത്തെ തപാൽ സേവനം ആരംഭിച്ചത്. 

ഏഷ്യയിൽ ആദ്യമായി തപാൽ സ്റ്റാംപ് പുറത്തിറക്കിയ രാജ്യം ഇന്ത്യയാണ്. 1854ൽ സിന്ധിലെ (ഇപ്പോൾ പാക്കിസ്ഥാനിൽ) പോസ്റ്റ് ഓഫിസിലായിരുന്നു ഇത്. അര അണയുടെ സ്റ്റാംപ് ഇറക്കിയതും, ഇന്ത്യൻ പോസ്റ്റ് ഓഫിസ് നിയമം പ്രാബല്യത്തിലായതും, റെയിൽ – കപ്പൽ മാർഗമുള്ള തപാൽനീക്കം തുടങ്ങിയതുമൊക്കെ ആ വർഷമായിരുന്നു. സമ്പന്നമായ പൈതൃകം കൊണ്ടു ശ്രദ്ധേയമായ ഒട്ടേറെ പോസ്റ്റ് ഓഫിസുകൾ രാജ്യത്തുണ്ട്. അവയിൽ ചിലതു പരിചയപ്പെടാം.

∙ ദാലിൽ ഒഴുകിയൊഴുകി

കശ്മീരിലെ ശ്രീനഗറിലുള്ള ദാൽ തടാകത്തിലെത്തുന്നവരെ അമ്പരപ്പിക്കുന്നൊരു കാഴ്ചയുണ്ട്; ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫിസ്! മഞ്ഞുമൂടിയ പീർ പഞ്ചാൽ പർവതങ്ങളുടെ മനോഹരദൃശ്യങ്ങളിലേക്കു മിഴിതുറക്കുന്ന പോസ്റ്റ് ഓഫിസ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. ഹൗസ് ബോട്ടിൽ നിർമിച്ച ഈ പോസ്റ്റ് ഓഫിസ് പ്രദേശവാസികളായ അൻപതിനായിരത്തോളം പേർക്കു സേവനങ്ങൾ നൽകുന്നു. ദാൽ തടാകത്തിൽ ശിക്കാര തുഴയുന്ന മനുഷ്യന്റെ ചിത്രം രേഖപ്പെടുത്തിയ മുദ്ര ഈ പോസ്റ്റ് ഓഫിസിൽനിന്ന് അയയ്ക്കുന്ന ഓരോ തപാലിലും പതിക്കാറുണ്ട്.

∙ ഹിക്കിമിലെ തലയെടുപ്പ്

ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് ഇന്ത്യയിലാണ്. ഹിമാചൽപ്രദേശിലെ ലഹോൾ–സ്പിതി ജില്ലയിലെ ഹിക്കിം ഗ്രാമത്തിൽ 1983ൽ സ്ഥാപിച്ച ഈ പോസ്റ്റ് ഓഫിസിനു സമുദ്രനിരപ്പിൽനിന്നുള്ള ഉയരമെത്രയെന്നോ; 14,567 അടി. മൊബൈൽ ഫോൺ നെറ്റ്‌വർക്കോ ഇന്റർനെറ്റ് കണക്‌ഷനോ ഇല്ലാത്ത ഇവിടത്തെ ഗ്രാമീണരുടെ ഏക വാർത്താവിനിമയ മാർഗമാണു ചുവന്ന പോസ്റ്റ്‌ ബോക്‌സ് മാത്രമുള്ള ഈ പോസ്റ്റ് ഓഫിസ്. ടൂറിസം കേന്ദ്രങ്ങളായ കാസയ്ക്കും സ്പിതിക്കും സമീപം സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസിൽനിന്നു കത്തുകൾ അയയ്ക്കുന്നതിൽ സഞ്ചാരികൾ അഭിമാനിക്കുന്നു.

∙ ഒന്നാമന്റെ അനുഭവക്കരുത്ത്

രാജ്യത്തെ പ്രഥമ പോസ്റ്റ് ഓഫിസ് എന്ന പ്രൗഢിയോടെയാണു കൊൽക്കത്തയിലെ ജനറൽ പോസ്റ്റ് ഓഫിസ് ഉയർന്നുനിൽക്കുന്നത്. 1774ൽ വാറൻ ഹേസ്റ്റിങ്സാണ് ഇതിനു തുടക്കമിട്ടത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തിനു വേണ്ടിയായിരുന്നു ഇത്. പോസ്റ്റൽ സർവീസിന്റെ സേവനം പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ തീരുമാനിച്ച ഹേസ്റ്റിങ്സ് 1868 ഒക്ടോബർ 2ന് അതു യാഥാർഥ്യമാക്കി. വാൾട്ടർ ബി. ഗ്രാൻവിൽ എന്ന ആർക്കിടെക്ടാണു കെട്ടിടത്തിന്റെ രൂപകൽപന നിർവഹിച്ചത്. 4 വർഷം കൊണ്ടു പണി പൂർത്തിയായി. വെളുത്ത നിറം പൂശിയ താഴികക്കുടവും 220 അടി ഉയരമുള്ള തൂണുകളുമാണിതിനു പൗരാണികതയുടെ കയ്യൊപ്പു ചാർത്തുന്നത്. പഴയ കലാരൂപങ്ങളുടെയും സ്റ്റാംപുകളുടെയും സമ്പന്നമായ ശേഖരമുള്ള മ്യൂസിയവും ഇവിടെയുണ്ട്.

∙ വിക്ടോറിയൻ സ്റ്റൈൽ

മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള ജനറൽ പോസ്റ്റ് ഓഫിസ് നിർമിച്ചിരിക്കുന്നത് വിക്ടോറിയൻ ശൈലിയിലാണ്. നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ രണ്ടുനില കെട്ടിടം തലയുയർത്തി നിൽക്കുന്നത്. ചുവപ്പൻ ഇഷ്ടികഭിത്തിയും വിശാലമായ വരാന്തയും ക്ലോക്ക് ടവറുമൊക്കെയുള്ള കെട്ടിടം കണ്ടാൽ പഴയൊരു കൊട്ടാരത്തിന്റെ പ്രതീതിയാണ്. 1994ൽ ദേശീയ പൈതൃകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ പോസ്റ്റ് ഓഫിസ് നാഗ്‌പുരിലെത്തുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ ഇഷ്ടയിടമാണ്.

∙ അമ്പമ്പോ മുംബൈ

രാജ്യത്തെ ഏറ്റവും വലിയ നഗരമെന്നതാണു മുംബൈയുടെ പെരുമ. രാജ്യത്തെ ഏറ്റവും വലിയ പോസ്റ്റ് ഓഫിസ് എന്ന പെരുമയും മുംബൈയ്ക്കുതന്നെ. 1794ൽ അന്നത്തെ പോസ്റ്റ് മാസ്റ്റർ ജനറൽ ചാൾസ് എൽഫിൻസ്റ്റൻ സ്ഥാപിച്ച മുംബൈ ജനറൽ പോസ്റ്റ് ഓഫിസിന് 1,20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണുള്ളത്.

∙ അത്ര പഴയ നമ്പറല്ല!

കേരളത്തിനുമുണ്ട് ഒരു തപാൽ പെരുമ. മൂന്നാറിലെ ഒരു ചെറിയ മെറ്റൽ പോസ്റ്റ് ബോക്സ് കഴിഞ്ഞ വർഷം 100 വയസ്സു പൂർത്തിയാക്കി. പിബി നമ്പർ 9 എന്നറിയപ്പെടുന്ന ഇത് 1920ലാണു സ്ഥാപിതമായത്. തേയിലത്തോട്ടങ്ങൾ നിറഞ്ഞ ഹിൽസ്റ്റേഷനിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ആദ്യകാലം മുതൽ ഈ പോസ്റ്റ് ഓഫിസിന്റെ ഉപയോക്താക്കളിലേറെയും.

English Summary: Royal History of Indian Post and Unique Post Offices of India

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA