പുരാവസ്തുതട്ടിപ്പ് യുഎസിലെ പ്രമുഖ സർവകലാശാലയിലും: ഭൂപടം വ്യാജം

HIGHLIGHTS
  • മെലോൻ 1965ൽ ഇതു യേലിനു സംഭാവനയായി നൽകുകയായിരുന്നു
yale-university-finally-says-vinland-map-is-fake
Yale university gate . Photo credit: f11photo/ Shutterstock.com
SHARE

അര നൂറ്റാണ്ടിലേറെയായി മറഞ്ഞിരുന്ന പുരാവസ്തുത്തട്ടിപ്പ് മറനീക്കി പുറത്തുവന്നു. ഇവിടെയല്ല, യുഎസിൽ. അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രമുഖമായവ ഉൾപ്പെടുന്ന ഐവി ലീഗിലെ അംഗമായ യേൽ സർവകലാശാലയുടെ കൈവശമുള്ള വിൻലാൻഡ് ഭൂപടം വ്യാജമാണെന്നു തെളിഞ്ഞു. 15ാം നൂറ്റാണ്ടിലേതെന്ന് പ്രചരിപ്പിച്ചിരുന്ന ഈ ഭൂപടം യഥാർഥത്തിൽ 1920ൽ ആണത്രേ തയാറാക്കിയത്.

എന്താണ് വിൻലാൻഡ് ഭൂപടത്തിന്റെ പ്രസക്തി? യുഎസിന്റെ ചരിത്രത്തെ നേരിട്ടു സ്വാധീനിക്കുന്നതായിരുന്നു ഇതിന്റെ അവകാശവാദം. 15ാം നൂറ്റാണ്ടിൽ വടക്കൻ അമേരിക്കയിലെത്തിയ വൈക്കിങ്ങുകൾ തയാറാക്കിയ മാപ്പെന്നായിരുന്നു വിൻലാൻഡ് ഭൂപടം അറിയപ്പെട്ടിരുന്നത്. വടക്കൻ അമേരിക്കയുടെ നിരവധി പ്രദേശങ്ങൾ ഇതിൽ അടയാളപ്പെടുത്തിയിരുന്നു. അപ്രകാരം ആലോചിക്കുമ്പോൾ, യുഎസ് ഉൾപ്പെടുന്ന ‘ന്യൂ വേൾഡ്’ ആദ്യമായി കണ്ടെത്തി മനസ്സിലാക്കിയത് ക്രിസ്റ്റഫർ കൊളംബസല്ല, മറിച്ച് വൈക്കിങ്ങുകളാണെന്നു വരും.

yale-university-finally-says-vinland-map-is-fake
വിൻലാൻഡ് ഭൂപടം. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

യഥാർഥത്തിൽ ക്രിസ്റ്റഫർ കൊളംബസ് എത്തുന്നതിനു മുൻപ് തന്നെ അമേരിക്കൻ വൻകരയിൽ ഐസ്‌ലൻ‍‍ഡിൽ നിന്നുള്ള വൈക്കിങ്ങുകൾ എത്തിയിട്ടുണ്ടെന്നു തന്നെ ചരിത്രം പറയുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻ‍ഡിലും മറ്റും വൈക്കിങ്ങുകളുടെ താത്കാലിക താമസമേഖലകൾ കണ്ടെത്തിയിട്ടുമുണ്ട്. ഇതെക്കുറിച്ച് പ്രശസ്തമായ രണ്ട് നാടോടിക്കഥകളും ഐസ്‌ലൻഡിലുണ്ട്.

എന്നാൽ അതൊരു ചെറിയ കാര്യമായിരുന്നെന്നും വടക്കൻ അമേരിക്കയെക്കുറിച്ച് സമഗ്രമായി വൈക്കിങ്ങുകൾ മനസ്സിലാക്കിയിരുന്നില്ലെന്നും ചരിത്രകാരൻമാർ പറഞ്ഞിരുന്നു. വടക്കൻ അമേരിക്കയെ സമഗ്രമായി വൈക്കിങ്ങുകൾ മനസ്സിലാക്കിയിരുന്നെന്ന് വാദിച്ചവർ ഉയർത്തിക്കാട്ടിയിരുന്ന മാപ്പാണ് ഇപ്പോൾ വ്യാജമാണെന്നു തെളിഞ്ഞിരിക്കുന്നത്.

1965ലാണ് വലിയ പ്രശസ്തിയോടെ യേൽ സർവകലാശാല വിൻലാൻഡ് മാപ്പ് പുറത്തിറക്കിയത്. 1957ൽ ലോറൻസ് വിറ്റെൻ എന്ന പുരാവസ്തുസ്നേഹി യൂറോപ്പിൽ നിന്നെവിടെനിന്നോ സംഘടിപ്പിച്ചതായിരുന്നു ഈ മാപ്പ്. പിന്നീട് വിറ്റെൻ ഇതു പോൾ മെലോൻ എന്ന ധനികനു വിറ്റു. മെലോൻ 1965ൽ ഇതു യേലിനു സംഭാവനയായി നൽകുകയായിരുന്നു.

യേൽ ഈ മാപ്പ് പുറത്തിറക്കിയതു മുതൽ തന്നെ ഇതു വ്യാജമാണോയെന്ന സന്ദേഹം ശക്തമായിരുന്നു. മാപ്പിൽ ഗ്രീൻലൻഡിന്റെയും ഭൂപടം അടയാളപ്പെടുത്തിയിരുന്നു. ഇന്നത്തെ കാലത്തെ മാപ്പുകളിൽ ഉള്ളത് പോലെ തന്നെ വളരെ കൃത്യമായിട്ടായിരുന്നു ഈ വരച്ചുചേർക്കൽ. വൈക്കിങ്ങുകളുടെ കാലത്തെ ഒരു മാപ്പ് നിർമാതാവിന് ഒരിക്കലും ഇത്ര കൃത്യമായി ഗ്രീൻലൻഡിനെ അടയാളപ്പെടുത്താൻ കഴിയില്ലെന്ന് അന്നുമുതൽ തന്നെ ചരിത്രകാരൻമാർ വാദിച്ചിരുന്നു. അതുപോലെ തന്നെ മാപ്പ് വരയ്ക്കാനുപയോഗിച്ച മഷിയിൽ ടൈറ്റാനിയം ഡയോക്സൈഡ് കണ്ടെത്തിയിരുന്നു. മധ്യകാലത്തിലെ ഒരു മാപ്പിലെ മഷിയിൽ ഇതു സംഭവിക്കാൻ സാധ്യത കുറവാണ്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്താനായി യേൽ കാലങ്ങൾക്കു ശേഷം ഇതെക്കുറിച്ച് വലിയ ഒരു പഠനവും പരിശോധനയും നടത്തി. ഇതിലാണ് വിൻലാൻഡ് ഭൂപടം ശുദ്ധ തട്ടിപ്പാണെന്നു സർവകലാശാലയ്ക്കു മനസ്സിലായത്. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പുകളിലൊന്നിന്റെ ബാക്കിപത്രമെന്ന നിലയിൽ വിൻലാൻഡ് ഭൂപടം സൂക്ഷിക്കുമെന്ന് യേൽ അധികൃതർ പറഞ്ഞു.

English summary: Yale University finally says Vinland map is fake

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA