ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്-വീരപ്പൻ കൊല്ലപ്പെട്ടിട്ട് 17 വർഷം, ഓപ്പറേഷൻ കൊക്കൂൺ

HIGHLIGHTS
  • ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയത് വീരപ്പന്റെ കാര്യത്തിലാണ്
life-story-of-veerappan
വീരപ്പൻ
SHARE

മെലിഞ്ഞ ശരീരം,തീക്ഷ്ണമായ കണ്ണുകൾ, നീണ്ടുവളർന്ന കപ്പടാ മീശ, കൈയിൽ സന്തതസഹചാരിയായ തോക്ക്...വനംകൊള്ളക്കാർ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ വീരപ്പൻ തന്നെയായിരുന്നു. ഒരുകാലത്ത് വനംകൊള്ള എന്നതിതിന്റെ പര്യായമായി വീരപ്പൻ മാറി. സത്യമംഗലം കാടുകളെ വിറപ്പിച്ച വീരപ്പൻ കർണാടക, തമിഴ്‌നാട് സർക്കാരുകൾക്ക് തീരാത്തലവേദന സൃഷ്ടിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയത് വീരപ്പന്റെ കാര്യത്തിലാണ്. 100 കോടിയിലധികം വരും ആ ചെലവെന്ന് അനൗദ്യോഗിക വൃത്തങ്ങൾ പറയുന്നു.

1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ തമിഴ്കുടുംബത്തിലാണു മുനിസാമി വീരപ്പൻ ജനിച്ചത്. വീരപ്പന്റെ അമ്മാവനായ സാൽവൈ ഗൗണ്ടർ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനുമായിരുന്നു. അമ്മാവന്റെ സഹായിയായിട്ടാണ് വീരപ്പനും വനംകൊള്ളയിലേക്കു തിരിയുന്നത്. ആദ്യകാലത്ത് ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു വീരപ്പൻ പ്രധാനമായും കൊള്ളയടിച്ചത്. പത്താം വയസ്സിൽ തന്നെ തന്റെ ജീവിതത്തിലെ ആദ്യ ആനവേട്ട വീരപ്പൻ നടത്തി. ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം.

പിന്നീട് അമ്മാവന്റെ സംഘത്തിൽ നിന്നു തെറ്റിപ്പിരിഞ്ഞ് സ്വയം കൊള്ളയടി തുടങ്ങി. പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം കൊണ്ട് 2000-3000 ആനകളെ വീരപ്പൻ കൊലപ്പെടുത്തിയെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. 65000 കിലോ ചന്ദനവും കടത്തി. 150 കോടിയോളം വരും ഇന്നതിന്റെ മൂല്യം.

life-story-of-veerappan1

തന്റെ പ്രവർത്തനങ്ങൾക്കു തടസ്സം നിന്നവരെയും എതിരായി നിന്നവരെയും ഒറ്റിയവരെയും കൊന്നൊടുക്കാൻ വീരപ്പനു മടിയുണ്ടായിരുന്നില്ല. 184 പേരെ ഈ കുപ്രസിദ്ധ വനംകൊള്ളക്കാരൻ കൊന്നു. ഇതിൽ പകുതിയിലേറെ കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. ധനികരെയും ഉന്നതരെും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതിലൂടെയും വീരപ്പൻ കുപ്രസിദ്ധി നേടി.

1987ൽ സത്യമംഗലം കാട്ടിലെ ഫോറസ്റ്റ് ഓഫിസറായ ചിദംബരത്തെ കിഡ്‌നാപ്പ് ചെയ്ത വീരപ്പൻ ഇദ്ദേഹത്തെ കൊലപ്പെടുത്തി. ഇതോടെയാണ് അധികൃതരുടെ ശ്രദ്ധ ഇയാളിൽ പതിഞ്ഞു തുടങ്ങിയത്. പിന്നീട് ഉന്നത ഐഎഫ്എസ് ഓഫിസറായ പാണ്ഡ്യപ്പള്ളി ശ്രീനിവാസിനെയും കൊലപ്പെടുത്തി വീരപ്പൻ സർക്കാരുകളെ വെല്ലുവിളിച്ചു. ഇതിനിടെ ഉന്നത ഐപിഎസ് ഓഫിസറായ ഹരികൃഷ്ണയ്ക്കും സംഘത്തിനുമെതിരെ ആക്രമണം നടത്തുക കൂടി ചെയ്തതോടെ വീരപ്പൻ എന്ന പേര് ഇന്ത്യ മുഴുവൻ കുപ്രസിദ്ധമായി. 1992ൽ കർണാടക, തമിഴ്‌നാട് സർക്കാരുകൾ വീരപ്പനെ പിടികൂടാനായി ഒരു സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.തമിഴ്‌നാട്ടിൽ സഞ്ജയ് അറോറ, കർണാടകയിൽ ശങ്കർ ബിദ്രി എന്നീ ഓഫിസർമാർ ദൗത്യസംഘത്തിന്റെ ചുമതലക്കാരായി. വാൾട്ടർ ദേവറാം എന്ന ഓഫിസർക്കായിരുന്നു സംയുക്ത ചുമതല.

1993ൽ മേട്ടൂരിലെ ഗോവിന്ദപടിയിൽ ഒരു വ്യക്തിയെ പൊലീസ് ചാരനെന്നു പറഞ്ഞു വീരപ്പൻ കൊന്നുകളഞ്ഞു. ഇതോടെ ഒരു 41 അംഗ പൊലീസ് - ഫോറസ്റ്റ് സംഘം വനമേഖലയിലേക്കു യാത്ര തിരിച്ചു.കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ പാലാറിൽ വച്ച് വീരപ്പന്റെ സംഘം സ്ഥാപിച്ച കുഴിബോംബ് സ്‌ഫോടനത്തിൽ ഇവരിൽ 22 പേർ മരിച്ചു. പാലാർ ബ്ലാസ്റ്റ് എന്ന പേരിൽ കുപ്രസിദ്ധമായ സംഭവം സർക്കാരുകൾക്കുമേൽ സമ്മർദ്ദമേറ്റി.

ഇതിനിടെ പൊലീസും വീരപ്പനും പരസ്പരം പലതവണ കോർത്തു. ഗുരുനാഥൻ എന്ന വീരപ്പന്റെ അനുയായിയെ എസ്‌ഐ ഷക്കീൽ അഹമ്മദിന്റെ നേതൃത്വത്തിലുള്ള കർണാടക പൊലീസ് സംഘം  വധിച്ചു. ഇതിനു മറുപടിയായി കർണാടക കൊലീഗലയിലെ രാമപുര പൊലീസ് സ്റ്റേഷൻ ആക്രമിച്ച വീരപ്പൻ നിരവധി പൊലീസുകാരെ കൊന്നു. കാര്യങ്ങൾ ഈവിധമായതോടെ ദൗത്യസംഘം വീരപ്പനായുള്ള തിരച്ചിൽ ഊർജിതമാക്കി.ഇതിനിടെ വീരപ്പന്റെ തലയ്ക്ക് 5 കോടി ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.

പുതിയ സഹസ്രാബ്ദം പിറന്നു മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ വീരപ്പൻ ദക്ഷിണേന്ത്യയെ മൊത്തത്തിൽ ഞെട്ടിച്ച് ഒരു കിഡ്‌നാപ്പിങ് നടത്തി. 2000 ജൂലൈ 30നു കന്നഡ സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിനെ തമിഴ്‌നാട്-കർണാടക അതിർത്തിയിലുള്ള ഗജനൂരിൽ നിന്നു തട്ടിക്കൊണ്ടുപോയതായിരുന്നു ഇത്. വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും സംഭവം വഴിയൊരുക്കുകയും കർണാടക തമിഴ്‌നാടിന്റെ അടിയന്തര സഹായം തേടുകയും ചെയ്തു. തുടർന്ന് വീരപ്പനുമായി മുൻപ് അഭിമുഖം നടത്തിയിട്ടുള്ള നക്കീരൻ ഗോപാൽ എന്ന പത്രപ്രവർത്തകൻ മധ്യസ്ഥ ചർച്ചകൾ നടത്തി. 108 ദിവസം രാജ്കുമാറിനെ തടവിൽ പാർപ്പിച്ച ശേഷം വീരപ്പൻ വിട്ടയച്ചു.

2002ൽ എച്ച്. നാഗപ്പ എന്ന കന്നഡ മുൻമന്ത്രിയെ വീരപ്പൻ തട്ടിക്കൊണ്ടുപോകുകയും അദ്ദേഹം പിന്നീട് വനത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു. ഇതോടെ കർണാടക സർക്കാർ വീരപ്പനെ പിടികൂടുന്നവർക്ക് 15 കോടി ഇനാം പ്രഖ്യാപിച്ചു. തുടർന്നാണ് വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷൻ കൊക്കൂൺ ദൗത്യം ശക്തി പ്രാപിച്ചത്. സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന്റെ മേധാവിയും മലയാളിയുമായ ഐപിഎസ് ഓഫിസർ കെ.വിജയ്കുമാർ ഉൾപ്പെടെ ദൗത്യത്തിനു നേതൃത്വം നൽകി.

2004 ഓക്ടോബർ 18.

വീരപ്പൻ അക്കാലത്ത് കാടുവിട്ടിറങ്ങി ആശുപത്രിയിൽ പോകാൻ ആഗ്രഹിച്ചിരുന്നു. ചില്ലറ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതായിരുന്നു കാരണം. ഈ അവസരം ഉപയോഗിക്കാൻ ദൗത്യസംഘം തീരുമാനിച്ചു. പൊലീസ് സംഘത്തിൽ നിന്നുള്ള ചിലർ വീരപ്പന്റെ സംഘത്തിൽ കടന്നുകയറിയിട്ടുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ധർമപുരിയിലുള്ള പാപിരപ്പട്ടി ഗ്രാമത്തിലുള്ള ആംബുലൻസിലേക്ക് ആശുപത്രിയിൽ പോകാനായി വീരപ്പൻ വന്നു കയറി. എന്നാൽ 35 അംഗപൊലീസ് സേനയും മറ്റ് സുരക്ഷാസൈനികരും ഗ്രാമത്തിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെ വീരപ്പനെയും സംഘത്തെയും ദൗത്യസംഘം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വീരപ്പനും കൂട്ടാളികളും അതിനൊരുക്കമായിരുന്നില്ല. പൊലീസിനു നേർക്ക് ഇവർ വെടിയുതിർത്തതോടെ തിരിച്ചും വെടിവയ്പുണ്ടായി. വീരപ്പനു ശരീരത്തിൽ മൂന്നിടത്തു വെടിയേറ്റു. താമസിയാതെ മരിക്കുകയും ചെയ്തു. ഇന്ത്യയെ വിറപ്പിച്ച കൊടും വനംകൊള്ളക്കാരന് മരണസമയത്ത് 52 വയസ്സായിരുന്നു. വീരപ്പന്റെ കൂട്ടാളികളായ സേതുക്കുലി ഗോവിന്ദൻ, ചന്ദ്ര ഗൗഡർ, സേതുമണി എന്നിവരെയും ദൗത്യസേന വധിച്ചു.

വീരപ്പനെ പിടികൂടുന്നതിൽ അങ്ങേയറ്റം ആത്മാർഥതയും സ്ഥിരോത്സാഹവും കാണിച്ച കെ.വിജയകുമാറിന് 2005ൽ ധീരതയ്ക്കുള്ള പ്രസിഡന്‌റിന്റെ പൊലീസ് മെഡൽ ലഭിച്ചു.

English summary : Life story of Veerappan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA