ADVERTISEMENT

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രേതചിത്രം കണ്ടെത്തി. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള കളിമൺഫലകത്തിൽ നിന്നാണ് ദൃശ്യം കണ്ടെത്തിയത്. പുരാതന ബാബിലോണിൽ നിന്നുള്ള ഫലകം 3500 വർഷം പഴക്കമുള്ളതാണ്. മ്യൂസിയത്തിലെ ഇരുട്ടറകളിൽ 19ാം നൂറ്റാണ്ടുമുതൽ ആരും ശ്രദ്ധിക്കാത്ത നിലയിൽ കിടക്കുകയായിരുന്നു ചിത്രം. ബ്രിട്ടിഷ് മ്യൂസിയത്തിലെ മിഡിൽ ഈസ്റ്റേൺ ഡിപ്പാർട്മെന്റിന്റെ ക്യുറേറ്ററായ ഡോ. ഇർവിങ് ഫിൻകെലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയത്.

 

താടിയുള്ള ഒരു പ്രേതത്തെ ഒരു സ്ത്രീ കെട്ടിയിട്ട നിലയിൽ നയിച്ചുകൊണ്ടു പോകുന്നതായാണ് ചിത്രം നൽകുന്ന ദൃശ്യം. മരിച്ചുകഴിഞ്ഞ ആത്മാവിനെ ഭൂമിയിൽ നിന്നു മൃതലോകത്തേക്കു മാറ്റുന്ന ഉച്ചാടനക്രിയയാണ് ചിത്രത്തിലുള്ളതെന്ന് ഗവേഷകർ പറയുന്നു. ആളുകളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നതെന്നു വിശ്വസിപ്പിക്കപ്പെട്ട പ്രേതമാകാം ഇതെന്നും അഭിപ്രായമുണ്ട്. നേരത്തെ ഈ കളിമൺഫലകം പരിശോധിച്ചവർക്കൊന്നും ഈ രീതിയിൽ വിലയിരുത്തൽ നടത്താൻ സാധിച്ചിരുന്നില്ല. പ്രത്യേക ആംഗിളിൽ നിന്നു മെച്ചപ്പെട്ട പ്രകാശസംവിധാനങ്ങളുടെ അകമ്പടിയോടെ നടത്തിയ പരിശോധനയിലാണു ‘പ്രേതവിവരങ്ങൾ’ വെളിപ്പെട്ടത്.

 

കൈയിലൊതുങ്ങുന്ന വലിപ്പത്തിലുള്ളതാണ് കളിമൺഫലകം. ഇതിൽ ക്യൂനിഫോം ലിപിയിൽ എഴുതിയ കുറേ വിവരണങ്ങളുമുണ്ട്. പ്രേതത്തെ ഉച്ചാടനം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളാകാം ഇവയെന്നാണു ഗവേഷകർ വിചാരിക്കുന്നത്. ‘തിരിഞ്ഞു നോക്കരുത്’ എന്ന താക്കീതോടെയാണു പ്രേതത്തിനെ ഉച്ചാടനം ചെയ്യുന്നതിനുള്ള വിവരണം അവസാനിക്കുന്നത്.

 

ഇന്നത്തെ കാലത്തെ ഇറാഖിൽ, തലസ്ഥാനം ബഗ്ദാദിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത നഗരമാണ് ബാബിലോൺ, ചിരപുരാതനമായ മെസപൊട്ടേമിയൻ സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്നു ഈ പൗരാണികനഗരം. ഗണിതം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ആദ്യ സംഭാവനകൾ നൽകിയ സമൂഹം കൂടിയായിരുന്നു ബാബിലോൺ. ഈ നഗരത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള അറിവുകൾ വളരെ ശുഷ്കമാണ്. മെസപൊട്ടേമിയൻ സംസ്കാരത്തിന്റെ ആദ്യ പ്രബലകേന്ദ്രം ഉർ നഗരമായിരുന്നു. അക്കാലത്ത് ഒരു പ്രവിശ്യാതലസ്ഥാനമായിരുന്നു ബാബിലോണെന്നാണു കരുതപ്പെടുന്നത്. 

 

1894ൽ സാമു അബും എന്ന അമോറൈറ്റ് ഭരണാധികാരിയാണ് ബാബിലോണിനെ തലസ്ഥാനമാക്കി മാറ്റിയെടുത്തത്. പിന്നീട് എട്ടു തലമുറകൾക്കു ശേഷം വന്ന ഹമ്മുറാബി എന്ന മഹാരാജാവ് ബാബിലോണിനെ ലോകപ്രസിദ്ധമായ വൻനഗരമാക്കി മാറ്റി. സുമർ, ബാബിലോൺ, അസീറിയ എന്ന മെസപോട്ടേമിയൻ സംസ്കാരത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം മരണവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ടായിരുന്നു. മരണശേഷം പരേതാത്മാവ് ഗിഡിം എന്നരൂപത്തിലാകുമെന്നും ഇർകല എന്ന മൃതലോകത്തിലേക്കു യാത്രയാകുമെന്നും അവർ വിശ്വസിച്ചു. മരണശേഷം ആത്മാവിനായി ബന്ധുക്കൾ വിവിധ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പരേതാത്മാവ് ബന്ധുക്കളെ ശല്യപ്പെടുത്താനെത്തുമെന്നും അക്കാലത്തെ സമൂഹം കരുതിയിരുന്നു.

 

English summary : Worlds oldest picture of a ghost discovered in the UK Babylon tablet British museum

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com