ADVERTISEMENT

കടലിന്റെ അടിത്തട്ടിൽ നടന്ന അഗ്നിപർവത സ്‌ഫോടനത്തിന്റെയും മറ്റു ഭൗമാന്തര പ്രവർത്തനങ്ങളുടെയും ഫലമായി ജപ്പാനിൽ രണ്ടാം ലോകയുദ്ധ സമയത്ത് മുങ്ങിപ്പോയ പടക്കപ്പലുകൾ ഉയർന്നു പൊങ്ങി സമുദ്രോപരിതലത്തിലെത്തി. ലോകം വിറച്ച നാളുകളുടെ ഒരു ഓർമപ്പെടുത്തലെന്ന വണ്ണം ഒരു ഡസനോളം കപ്പലുകൾ സമുദ്രതീരത്തിനടുത്ത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ജപ്പാനിലെ ഇയോ ജിമ ദ്വീപിനു സമീപമായിരുന്നു വിചിത്ര പ്രതിഭാസം. മേഖലയ്ക്കു സമീപം സമുദ്രത്തിലുള്ള ഫുകുടോകു ഒക്കനോബ എന്ന സമുദ്രാന്തര അഗ്നിപർവതം പൊട്ടിത്തെറിച്ചതാണ് ഇതിനെല്ലാം വഴിവച്ചത്.

 

സൾഫർ ദ്വീപെന്ന് അറിയപ്പെടുന്ന ഇയോ ജിമ മൗണ്ട് സൂരിബാചി എന്ന പ്രശസ്തമായ പർവതം സ്ഥിതി ചെയ്യുന്നിടമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസും ജപ്പാനുമായി ശ്രദ്ധേയമായ യുദ്ധവും ഇവിടെ നടന്നു. ഈ യുദ്ധത്തിൽ വിജയം നേടിയ യുഎസ് സൈനികർ മൗണ്ട് സൂരിബാച്ചിയുടെ മുകളിൽ യുഎസ് പതാക ഉയർത്തിയത് രണ്ടാം ലോകയുദ്ധ കാലത്തെ പ്രശസ്തമായ ചിത്രങ്ങളിലൊന്നായിരുന്നു.

 

ഇപ്പോളുയർന്നിരിക്കുന്ന കപ്പലുകളെക്കുറിച്ച് വിവിധ വാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇവ അക്കാലത്തെ ഇംപീരിയൽ ജാപ്പനീസ് നേവിയുടെ കപ്പലുകളായിരുന്നെന്നു ചിലർ പറയുന്നു. എന്നാൽ ജപ്പാനിലുള്ള യുഎസിന്റെ വ്യോമത്താവളമായ കദീന എയർബേസിലെ അധികൃതർ പറയുന്നത് അക്കാലത്ത് ഇയോ ജിമയിൽ ഒരു ഹാർബർ നിർമാണത്തിനു യുഎസ് പദ്ധതിയിട്ടെന്നും ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടി പോയ കുറേ ജാപ്പനീസ് കാർഗോ കപ്പലുകൾ മുക്കുകയും ചെയ്‌തെന്നുമാണ്. അന്നുമുങ്ങിയ ഇവയാണത്രേ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.

 

പേൾ ഹാർബർ ആക്രമണത്തിനു ശേഷം ജപ്പാനെ ആക്രമിക്കാനുള്ള യുഎസ് ശ്രമങ്ങളിലെ ശ്രദ്ധേയമായ ഏടായിരുന്നു ഇയോ ജിമ പോരാട്ടം. 1945ലായിരുന്നു ഇതു നടന്നത്. ജപ്പാന്റെ പ്രധാനകരയിൽ നിന്ന് ആയിരം കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഇയോ ജിമ ദ്വീപിൽ 3 എയർഫീൽഡുകളുണ്ടായിരുന്നു. ഇവ പിടിച്ചടക്കിയാൽ ജപ്പാനെ ആക്രമിക്കുന്നതിനു സഹായകരമാകുമെന്നായിരുന്നു യുഎസിന്റെ വിലയിരുത്തൽ. 1945 ഫെബ്രുവരി 19ന് യുഎസ് സൈന്യം ഇയോ ജിമ ആക്രമിച്ചു. തുടർന്ന് 5 ആഴ്ചകളോളം നീണ്ടു നിന്ന ഘോരയുദ്ധം ഇവിടെ നടന്നു.

 

ചെങ്കുത്തായ മലകളും താഴ്​വരകളും കാടുകളുമുള്ള ഇയോ ജിമയുടെ ഭൂപ്രകൃതി ഉപയോഗിച്ചുള്ള ഗറില്ലാ യുദ്ധതന്ത്രമാണു ജപ്പാൻ പ്രയോഗിച്ചത്. ദിവസങ്ങൾക്കുള്ളിൽ ദ്വീപ് പിടിച്ചെടുക്കാമെന്ന യുഎസിന്റെ കണക്കുകൂട്ടലിനെ ഇതു തകിടം മറിച്ചു. എഴുപതിനായിരത്തോളം യുഎസ് മറീനുകൾ ദ്വീപ് പിടിച്ചടക്കാനായി ഇയോ ജിമയിലെത്തി. ഇവരിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം ജാപ്പനീസ് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശത്രുക്കൾക്കു മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരണമായിരുന്നെന്നാണ് അക്കാലത്തെ ജപ്പാനിൽ സൈനികരുടെ ഇടയിലുണ്ടായിരുന്ന വിശ്വാസം. അതിനാൽ അവർ യുഎസ് സൈനികർക്ക് കീഴടങ്ങാൻ കൂട്ടാക്കിയില്ല, പലരും മരണം വരിച്ചു.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാന പാദത്തിൽ നടന്നതിനാലും ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷത്തിന്റെ മുന്നോടിയായുള്ള യുദ്ധമായതിനാലും ഇയോ ജിമ യുദ്ധത്തിനു ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.

English summary: World war 2 ghost ships raised from the ocean by volcanic tremor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com