ADVERTISEMENT

ബഹിരാകാശനിലയത്തിൽ നടന്ന ഒരു പാചകത്തിന്റെ കഥ തരംഗമാകുന്ന. ഭൂമിയിൽ നിന്ന് ശിതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേർത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികർ ഭക്ഷിച്ചു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ബഹിരാകാശ നിലയത്തിലുള്ള യാത്രികയായ മേഗൻ മക്ആർതർ പുറത്തുവിട്ടിട്ടുമുണ്ട്. ഇതിനൊരു പ്രത്യേകതയുള്ളത് എന്താണെന്നു വച്ചാൽ ടാക്കോസിൽ ഉപയോഗിച്ച പച്ചമുളക് പിടിച്ചത് ബഹിരാകാശത്ത് തന്നെയാണ്. ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ പച്ചമുളക് ചെടിയിൽ പിടിച്ച മുളകുകളാണു ടാക്കോസിനായി ഉപയോഗിച്ചത്. 

 

നാലുമാസം മുൻപാണ് ബഹിരാകാശനിലയത്തിൽ യാത്രികർ മുളകു ചെടി വളർത്താൻ തുടങ്ങിയത്. ഇതിനു വലിയ ശ്രദ്ധ കൈവന്നിരുന്നു. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്‌സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നൽകിയ പേര്. ഇതിലുണ്ടായ മുളകുകളിൽ കുറേയെണ്ണം ഭൂമിയിലേക്കു തിരികെയെത്തിക്കുകയും ചെയ്യും. ഇതിൽ കൂടുതൽ പരീക്ഷണങ്ങൾ സസ്യശാസ്ത്ര വിദഗ്ധർ നടത്തും. ബഹിരാകാശ സാഹചര്യങ്ങളിലുണ്ടാകുന്ന വിളകൾ എങ്ങനെയൊക്കെ വ്യത്യസ്തമാണെന്ന് അവർ പരീക്ഷണങ്ങളിലൂടെ അന്വേഷിക്കും. കഴിഞ്ഞ വർഷം നാസ ബഹിരാകാശത്ത് റാഡിഷുകൾ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചിരുന്നു.

 

ബഹിരാകാശ യാത്രികരുടെ ഭക്ഷണക്രമങ്ങൾ വ്യത്യസ്തമാണ്. നിലയങ്ങളിൽ റഫ്രിജറേറ്ററുകളില്ലാത്തതിനാൽ ഭക്ഷണം പ്രത്യേക രീതിയിൽ സംസ്‌കരിച്ചാണു സൂക്ഷിക്കുന്നത്. ഭക്ഷണം ചൂടാക്കാനും തിളപ്പിക്കാനുമൊക്കെയായി ബഹിരാകാശനിലയങ്ങളിൽ ഓവനുകളുണ്ട്. നൂഡിൽസ്, സ്പാഗെറ്റി, വിവിധ തരം പരിപ്പുകൾ, പഴങ്ങൾ, ബീഫ്, ചിക്കൻ, പോർക്ക്, മത്സ്യങ്ങൾ എന്നിവയെല്ലാം ബഹിരാകാശയാത്രികർ ഭക്ഷിക്കാറുണ്ട്. ദിവസം മൂന്നു തവണ എന്ന നിലയിലാണ് ഇവരുടെ ഭക്ഷണക്രമം. കെച്ചപ്പ്, മയണൈസ് തുടങ്ങിയ രുചിവർധക വസ്തുക്കളും ബഹിരാകാശനിലയത്തിൽ ലഭ്യമാണ്. ഉപ്പും കുരുമുളകും വേണ്ടവർക്ക് അതുമുണ്ട്. പക്ഷേ ദ്രാവകരൂപത്തിലാണ് ഇവ. കാരണമെന്തെന്നോ, ഗുരുത്വാകർഷണമില്ലാത്തതിനാൽ ഭൂമിയിലെ പോലെ ലാവിഷായി ഉപ്പും കുരുമുളകുമൊന്നും ഭക്ഷണത്തിലേക്ക് കുടഞ്ഞിടാൻ സ്‌പേസിൽ പറ്റില്ല. പാത്രങ്ങളിൽ നിന്നു ഉപ്പോ കുരുമുളകോ ഒക്കെ പുറത്തേക്കു പോയാൽ ഗുരുതരമായ സാങ്കേതികപ്രശ്‌നങ്ങൾ ഉടലെടുക്കാനും കാരണമാകും.

 

ഭാവിയിൽ സ്‌പേസ് ടൂറിസം പോലുള്ള കാര്യങ്ങൾ വ്യാപകമായി നടപ്പിൽ വരുമെന്നാണു കരുതപ്പെടുന്നത്. അപ്പോൾ യാത്രികർക്ക് ഭക്ഷണം ഫ്രഷായി ബഹിരാകാശത്തു തന്നെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണു ബഹിരാകാശ കൃഷിപരീക്ഷണങ്ങൾ നടത്തുന്നത്. കൃഷി ചെയ്യാനും വളരാനും കായ്ക്കാനും എളുപ്പമുള്ളതിനാലാണ് മുളക് കൃഷി ആദ്യ ഘട്ടത്തിൽ നടത്തിയത്. ലോകമെങ്ങും പ്രശസ്തമായ മെക്‌സിക്കൻ തട്ടുകട വിഭവമാണു ടാക്കോസ്. നമ്മുടെ ചപ്പാത്തി പോലുള്ള ടോർട്ടില എന്ന റൊട്ടിയിൽ മാംസവും വിവിധയിനം സാലഡുകളും സോസുകളുമൊക്കെ നിറച്ചാണ് ഇതു തയാർ ചെയ്യുന്നത്.

 

English Summary : NASA astronauts taste first chili-peppers grown in space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com