ADVERTISEMENT

ലോകത്തിനാകെ പ്രത്യാശയേകുന്ന ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്. വെറും 5 മാസം അതായത് 147 ദിവസം മാത്രം ഗർഭപാത്രത്തിൽ കഴിയുകയും തുടർന്നു പ്രസവിക്കുകയും ചെയ്ത മാസം തികയാത്ത കുഞ്ഞ് ആരോഗ്യവാനായി ജീവിച്ചു വരുന്നു. വെറും ഒരു ശതമാനം മാത്രമായിരുന്നു ഈ കുട്ടി ജീവിക്കാനുള്ള സാധ്യതയെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആശങ്കയെ എല്ലാം അകറ്റിനിർത്തി കുട്ടി തന്റെ ജീവിതം കരുപ്പിടിക്കുകയാണ്.

യുഎസിലെ അലബാമയിൽ നിന്നുള്ള കർട്ടിസ് കീത്ത് മീൻസാണ് വിധിയോട് മല്ലിട്ട് വിജയം നേടിയത്. ഇപ്പോൾ ഒരു വർഷവും നാലു മാസവും പ്രായമുള്ള കർട്ടിസ് കഴിഞ്ഞ വർഷമാണു ജനിച്ചത്. ജനനസമയത്ത് വെറും 420 ഗ്രാം മാത്രമായിരുന്നു കർട്ടിസിന്റെ ഭാരം, കൈയിലൊതുങ്ങാവുന്ന വലുപ്പമേ അവനുണ്ടായിരുന്നുള്ളൂ. നിലവിൽ ലോകത്ത് ഏറ്റവും കുറച്ചുകാലം ഗർഭാവസ്ഥയിൽ കിടന്ന കുരുന്നെന്ന ഗിന്നസ് ലോക റെക്കോർഡ് കർട്ടിസിനാണ്. 280 ദിവസമാണ് ലോകത്തെ ശരാശരി ഗർഭധാരണ സമയം. ഇതിന്റെ പകുതി മാത്രമാണ് കർട്ടിസിന്റെ അമ്മ അനുഭവിച്ചത്.

കർട്ടിസ് ജനിച്ചപ്പോൾ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അവന്റെ നിലയിൽ ആശങ്കാകുലരായിരുന്നെന്ന് അവന്റെ അമ്മയായ മിഷേൽ ചെല്ലി ബട്‌ലർ പറയുന്നു. അവനൊപ്പം ജനിച്ച ഇരട്ട സഹോദരിയായ കാസ്യ എന്ന കുട്ടി ജനിച്ചതിനു പിറ്റേന്നു മരിച്ചതും ആശങ്കയ്ക്കു വക നൽകി. കർട്ടിസിനെ രക്ഷിക്കാമോ എന്ന കാര്യത്തിൽ അവർ സംശയം പ്രകടിപ്പിച്ചു. തനിക്ക് മാനസികമായി വളരെയേറെ സമ്മർദ്ദം ഇതുണ്ടാക്കിയെന്നും മിഷേൽ പറയുന്നു. എന്നാൽ ശുഭാപ്തി വിശ്വാസത്തോടെ അലബാമ ഹോസ്പിറ്റൽ ചികിത്സ തുടർന്നു. ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നല്ല പുരോഗതിയും മരുന്നുകളോടു പ്രതികരണവും കാഴ്ച വച്ചു.

കർട്ടിസിന് അക്കാലത്ത് ട്യൂബിലൂടെ ശ്വസനവായു നൽകി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തിനായി പ്രത്യേക ചികിത്സയും നൽകി. ഒടുവിൽ ആശുപത്രിയിൽ 275 ദിവസങ്ങൾ പൂർത്തിയാക്കി അപകടനില തരണം ചെയ്ത ശേഷം കർട്ടിസ് ആശുപത്രി വിട്ടു. എന്നാൽ ഇന്നും അവന് ഓക്‌സിജൻ സംവിധാനവും ഫീഡിങ് ട്യൂബും വേണം. ഇതു കുറച്ചുനാൾ കൂടി തുടരുമെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണഗതിയിൽ ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ മരിച്ചുപോകുമെന്ന് അലബാമ ഹോസ്പിറ്റലിലെ ഡോക്ടർബ്രയാൻ സിംസ് പറയുന്നു. എന്നാൽ കർട്ടിസിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. അവൻ കരുത്തനാണ്- സിംസ് കൂട്ടിച്ചേർക്കുന്നു

 

കർട്ടിസിനു മുൻപ് റിച്ചഡ് ഹച്ചിൻസൻ എന്ന കുട്ടിയായിരുന്നു മാസം തികയാത്ത ശിശുക്കളിലെ ഗിന്നസ് റെക്കോർഡ് ജേതാവ്.149 ദിവസങ്ങൾ മാത്രമാണു റിച്ചഡ് ഗർഭപാത്രത്തിൽ കഴിഞ്ഞത്. കർട്ടിസ് ജനിക്കുന്നതിന് ഒരു മാസം മുൻപായിരുന്നു റിച്ചഡിന്റെയും ജനനം. ഇപ്പോൾ റിച്ചഡും ആരോഗ്യവാനായി വളരുന്നു.

English Summary : New guinness world record– Most premature baby Curtis Zy-Keith Means

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com