ADVERTISEMENT

തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നു ശരീരം മുഴുവൻ കയർകൊണ്ടു കൂട്ടിക്കെട്ടി മുഖം മറച്ച നിലയിൽ കണ്ടെത്തിയ ദുരൂഹമമ്മി രാജ്യാന്തര മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ വാർത്തയായി. പെറുവിന്റെ തലസ്ഥാന നഗരമായ ലിമയിൽ നിന്ന് 32 കിലോമീറ്റർ അകലെ കാജമാർഖ്വില എന്ന പൗരാണിക സ്ഥലത്താണു മമ്മിയെ കണ്ടെത്തിയത്. സാധാരണ മമ്മി എന്നു പറഞ്ഞാൽ നമ്മുടെ മനസ്സിൽ ആദ്യമെത്തുന്നത് ഈജിപ്താണ്. എന്നാൽ ഈജിപ്ത് മാത്രമല്ല ലോകത്ത് പലയിടങ്ങളിലും മമ്മിവത്കരിക്കപ്പെട്ട മൃതശരീരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും കാലാവസ്ഥയുടെ പ്രവർത്തനങ്ങളാൽ സംരക്ഷിക്കപ്പെട്ട് സ്വാഭാവികമായി മമ്മിയാക്കപ്പെടുന്നവയാണ്. നമ്മുടെ അയൽരാജ്യമായ ചൈനയിലെ തക്‌ലമാക്കൻ മരുഭൂമിയിലൊക്കെ ഇത്തരം മമ്മികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈജിപ്തിലേത് പോലെ തന്നെ പ്രാചീന സാങ്കേതികവിദ്യകളാൽ കൃത്രിമമായി മമ്മിയാക്കപ്പെടുന്ന മൃതശരീരങ്ങൾ കണ്ടെത്തിയിട്ടുള്ള നാടാണ് ലാറ്റിൻ അമേരിക്ക. ലോകപ്രശസ്തങ്ങളായ മായൻ, ആസ്ടെക്, ഇൻക തുടങ്ങിയ സംസ്കാരങ്ങൾ നടമാടിയ സ്ഥലം.

capacocha-the-ritual-sacrifice-of-children-in-inca-society
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

 

തെക്കൻ അമേരിക്കയിൽ ചിലെയിലും പെറുവിൽ നിന്നുമാണ് മമ്മികളെ കൂടുതൽ ലഭിച്ചിട്ടുള്ളത്. ഇതിൽ തന്നെ ചിലെയിൽ നിന്നാണ് ഇത്തരം മമ്മികൾ ധാരാളമായി കണ്ടെത്തിയിരിക്കുന്നത്.ചിലെയിൽ സ്ഥിതി ചെയ്തിരുന്ന ചിൻചോറോ സമൂഹമായിരുന്നു ഇക്കാര്യത്തിൽ പ്രധാനികൾ. ഈ രീതി പിൽക്കാലത്തു വന്ന ഇൻകാ സാമ്രാജ്യവും തുടർന്നു.ഇന്നത്തെ കാലത്തെ പെറു, ചിലെ, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സാമ്രാജ്യമായിരുന്നു ആൻഡീസ് മലനിരകൾ ആസ്ഥാനമാക്കിയുള്ള ഇൻകാ വംശം.പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ എഡി 1533 വരെ നിലനിന്ന ഈ സംസ്കാരത്തിലെ ഏറ്റവും വിവാദവും ദുരൂഹവുമായ ഒരു അനാചാരമായിരുന്നു കാപ്പക്കോച്ച. കുട്ടികളെ കുരുതി കൊടുത്ത് മമ്മിയാക്കുന്ന രീതിയാണ് ഇത്. ഇൻകാ വംശത്തിന്റെ അവസാനദശയിൽ ഇവിടെയെത്തിയ സ്പാനിഷ് അധിനിവേശ സംഘങ്ങളാണ് ഈ ആചാരത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തറിയിച്ചത്.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഇപ്രകാരം ഇൻകാകൾ കുരുതി കൊടുത്തിരുന്നു. രാജ്യം ഭരിക്കുന്ന രാജാവിന്റെ കിരീടധാരണം, അദ്ദേഹത്തിനു കുട്ടികൾ ഉണ്ടാകുമ്പോൾ, തുടങ്ങിയ വിശേഷഘട്ടങ്ങളിലോ അല്ലെങ്കിൽ പകർച്ചവ്യാധികളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോഴോ ആണ് കാപ്പക്കോച്ച നടത്തുന്നത്.

 

ഇൻകാ വംശത്തിന്റെ പൗരാണിക തലസ്ഥാനമായ കസ്കോ നഗരത്തിൽ വകാകുന്ന എന്നറിയപ്പെടുന്ന കേന്ദ്രങ്ങളിൽ വച്ചായിരുന്നു ഇത് അരങ്ങേറിയിരുന്നത്. കുട്ടികളെ അവർ ആരാധിച്ചിരുന്ന ദൈവങ്ങളുടെ അടുത്തേക്ക് ഒരു നേർച്ച പോലെ അയയ്ക്കുന്നു എന്നായിരുന്നു കാപ്പക്കോച്ചയുടെ സങ്കൽപം. മരിച്ചയാളുകൾ തങ്ങൾക്കും ദൈവങ്ങൾക്കും ഇടയ്ക്കുള്ള ദൂതരാണെന്ന് ഇൻകാകൾ കരുതിയിരുന്നു. ഇൻകാസാമ്രാജ്യത്തിൽ എവിടെയുള്ള കുട്ടികളെയും ഇതിനായി തിരഞ്ഞെടുത്തിരുന്നു. തുടർന്ന് ഇവരെ വളർത്താനായി വിശ്വസ്തരായ ആളുകളെ രാജാവ് ഏൽപിക്കും. ഏറ്റവും മികച്ച ഭക്ഷണം ഇവർക്കു കൊടുക്കുന്നുണ്ടെന്നും രാജാവ് ഉറപ്പുവരുത്തും. കുട്ടികൾ ദൈവത്തിനടുത്തെത്തുമ്പോൾ സന്തോഷമായി പോകണം എന്നു പറഞ്ഞായിരുന്നു ഇത്.

 

കാപ്പക്കോച്ച നടത്തുന്ന ദിവസം കുട്ടികളെ രാജകീയമായ രീതിയിൽ വേഷങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് നഗരം ചുറ്റിച്ച് ഇതു നടത്തുന്ന വകാകുനകളിലേക്കു കൊണ്ടുപോകും,.ആൻഡീസ് നിരകളിലുള്ള വലിയ ഉയരമുള്ള ഗിരിശൃംഗങ്ങളിലായിരുന്നു ഇവ പ്രധാനമായും നടത്തിയിരുന്നത്. ഇവിടെവച്ച് കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകി ബോധം കെടുത്തും. എന്നിട്ടാണു കൊല. കൊലയ്ക്കു ശേഷം മൃതശരീരം ആചാരപ്രകാരം മമ്മിയാക്കി സ്വർണം, വെള്ളി തുടങ്ങിയ അമൂല്യവസ്തുക്കളോടൊപ്പം അടക്കും. ഇത്തരത്തിൽ കാപ്പക്കോച്ചയ്ക്കു വിധേയരായ കുട്ടികളുടെ മമ്മി പലയിടങ്ങളിൽ നിന്നു കിട്ടിയിട്ടുണ്ട്. 1999ൽ ആൻഡീസിലെ ലുലൈലാക്കോ പർവതത്തിൽ നിന്നു കിട്ടിയ 3 കുട്ടികളുടെ മമ്മികളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം.

 

English Summary : Capacocha, the ritual sacrifice of children in Inca society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com