ADVERTISEMENT

ദക്ഷിണ കൊറിയൻ സിനിമയായ ദി അങ്കിൾ കണ്ടതിന് ഉത്തരകൊറിയയിൽ 14 വയസ്സുകാരനായ വിദ്യാർഥിക്ക് 14 വർഷം തടവുശിക്ഷയും നിർബന്ധിത ബാലവേലയും വിധിച്ച് കിം ജോങ് ഉൻ സർക്കാർ. അഞ്ച് മിനിറ്റ് മാത്രമാണ് ഈ വിദ്യാർഥി സിനിമ കണ്ടത്. ദക്ഷിണ കൊറിയൻ സംവിധായകനായ കിം ഹ്യോങ് ജിൻ സംവിധാനം ചെയ്ത ചിത്രമാണ് ദി അങ്കിൾ. കൊറിയയിലെ ഹ്യേസൻ സിറ്റി മിഡിൽ സ്‌കൂളിൽ നിന്നുള്ളതാണു വിദ്യാർഥി.

 

എന്നാൽ ശിക്ഷ ഇതിൽ ഒതുങ്ങില്ലെന്നും വളർത്തുദോഷം ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ശിക്ഷിക്കാൻ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നു. ശക്തവും വിചിത്രവുമായ സാംസ്‌കാരികനിയമങ്ങളുള്ള ഉത്തരകൊറിയയിൽ ദക്ഷിണ കൊറിയയിൽ നിന്നോ യുഎസിൽ നിന്നോ ഉള്ള സിനിമകൾ കാണുന്നത് അക്ഷന്തവ്യമായ കുറ്റമാണ്. ഇതിന്റെ പേരിൽ പലരെയും ശിക്ഷിച്ചിട്ടുണ്ട്.

 

നെറ്റ്ഫ്‌ലിക്‌സിലെ ഹിറ്റ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ കോപ്പി കൊണ്ടുവന്നതിനും അതു മറ്റുള്ളവർക്കു പകർത്തിക്കൊടുത്തതിനും ഒരു യുവാവിനെ വധശിക്ഷയ്ക്ക് ഉത്തരകൊറിയ വിധിച്ചത് കഴിഞ്ഞമാസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചൈനയിൽ പോയ വിദ്യാർഥിയായ യുവാവ് അവിടെ നിന്നു പെൻഡ്രൈവിൽ സ്‌ക്വിഡ് ഗെയിം കൊണ്ടുവരികയായിരുന്നു.

 

ഉത്തരകൊറിയയുടെ രഹസ്യപ്പൊലീസായ 109 സാങ്മുവാണ് ഈ യുവാവിനെ അറസ്റ്റ് ചെയ്തത്. വെടിവച്ചുകൊല്ലാനാണു വിധി. യുവാവിൽ നിന്നു സീരീസ് പകർത്തിവാങ്ങിയവർക്കും ജയിൽശിക്ഷ ലഭിച്ചു. പകർത്തിവാങ്ങിയവരിൽ പലരും സ്‌കൂൾ വിദ്യാർഥികളായിരുന്നു. ഇതാദ്യമായാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്രയും കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഇവർ പഠിക്കുന്ന സ്‌കൂളിലെ ഹെഡ് മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടു. ഇവരെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ഖനികളിൽ ജോലിക്കു നിയോഗിക്കുകയും ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്.

 

മുതലാളിത്ത രാജ്യങ്ങളായ ദക്ഷിണ കൊറിയയിൽ നിന്നും യുഎസിൽ നിന്നുമുള്ള സാംസ്‌കാരിക ഉത്പന്നങ്ങളായ സിനിമ, സംഗീതം, പുസ്തകങ്ങൾ തുടങ്ങിയവ യുവാക്കളിൽ വിഷവിത്ത് പാകുമെന്നും അവരെ വഴിതെറ്റിക്കുമെന്നും ഉത്തരകൊറിയൻ ഭരണകൂടം എക്കാലവും നിലപാടുകളെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ഭരണത്തിൽ ഇതിനെതിരെയുള്ള നിയമങ്ങൾ അതികർശനമാണ്.

 

English Summary : North Korea boy to jail watching five minutes of South Korean film The Uncle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com