പയൽ ദ്വീപിലേക്ക് രാജാവിനെ വേണം: തലയിൽ മദ്യമൊഴിച്ച് കിരീടധാരണം

HIGHLIGHTS
  • എട്ടുവീടുകളിലായി കേവലം പത്തുപേർ മാത്രമാണ് ഇവിടെ താമസം
piel-island-in-uk-is-looking-for-new-king
പയൽ ദ്വീപ്: ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
SHARE

ബ്രിട്ടൻ ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന രാജ്യമാണെങ്കിലും ഇന്നും ഔദ്യോഗികമായി ബ്രിട്ടന്റെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നത് രാജകുടുംബമാണ്. ഇപ്പോഴിതാ ബ്രിട്ടന്റെ അധീനതയിലുള്ള പയൽ എന്ന ദ്വീപിൽ ഒരു രാജാവിനെ വേണമെന്ന് അറിയിപ്പു വന്നിരിക്കുന്നു. ബ്രിട്ടിഷ് രാജാവിന്റെയോ റാണിയുടെയോ അധികാരമോ പ്രശസ്തിയോ ഒന്നുമില്ലെങ്കിലും രാജാവാകാൻ അവസരമുണ്ട്.

വടക്കുപടിഞ്ഞാറൻ ഇംഗ്ലിഷ് കൗണ്ടിയായ കുംബ്രിയയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന അൻപത് ഏക്കർ വരുന്ന ദ്വീപാണു പയൽ. ഒരു കോട്ടയും പ്രശസ്തമായ ഒരു മദ്യശാലയും ഇവിടെയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന രാജാവിനായിരിക്കും ഇതിന്റെയെല്ലാം നിയന്ത്രണാധികാരം. രാജാവിനെ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ കിരീടധാരണമാണ്. ഒരു പ്രാചീനമായ കസേരയിൽ രാജാവാകുന്നയാളെ ഇരുത്തും. ഒരു കിരീടവും തലയിൽ വയ്പിച്ചു വാൾ കൈയിലും പിടിപ്പിക്കും. പിന്നീട് തലയിലേക്ക് വീപ്പയിൽ നിന്നു ബീയറൊഴിച്ച് കുളിപ്പിക്കും. അതോടെ രാജാവായി.

piel-island-in-uk-is-looking-for-new-king
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

സ്റ്റീവ് ചാറ്റവേ എന്നൊരു വ്യക്തിയായിരുന്നു പയലിലെ ഇതുവരെയുള്ള രാജാവും റാണിയും. 13 വർഷത്തെ ഭരണത്തിനു ശേഷം സ്റ്റീവ് പോയതിനെത്തുടർന്നാണ് ഇപ്പോൾ വീണ്ടും രാജാവിനെ ആവശ്യമായി വന്നിരിക്കുന്നത്. രാജാവു മാത്രമല്ല പ്രാചീന കാലത്തെ പടയാളികളായ നൈറ്റുകളെയുമൊക്കെ ഇപ്പോഴും ഈ ദ്വീപ് നിയമിക്കാറുണ്ട്. അവരുടെ തലയിലും ബീയറൊഴിച്ചാണു നിയമനം. 

ഏതായാലും രാജാവായി കൂടുതൽ പേരെ ഭരിച്ച് സുഖമായി കഴിയാമെന്നൊന്നും കരുതേണ്ട. എട്ടുവീടുകളിലായി കേവലം പത്തുപേർ മാത്രമാണ് ഇവിടെ താമസം. ഈ ദ്വീപിലേക്ക് എത്താൻ ബോട്ടിൽ വരേണ്ടിവരും. പ്രധാനകരയിലേക്കു പാലമൊന്നും ഇവിടെ നിന്നില്ല. രാജാവാകുന്നയാൾക്ക് നല്ല ഒറ്റപ്പെടൽ നേരിടേണ്ടി വരുമെന്ന് അർഥം.

ദ്വീപ് നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായതിനാൽ ടൂറിസ്റ്റുകൾ ഇടയ്ക്കിടെ വരും. പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പയൽ കോട്ടയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇതുവഴിയുള്ള കപ്പൽ, ചരക്കുഗതാഗതം നിയന്ത്രിക്കാനും സ്കോട്‌ലൻഡിൽ നിന്നുള്ള ആക്രമണം ചെറുക്കാനും ഉദ്ദേശിച്ചാണ് ഇവിടെ ഈ കോട്ട പണിതത്.

എന്തുകൊണ്ടാണ് പയൽ ദ്വീപിനു മാത്രം ഒരു രാജാവ് എന്ന സങ്കൽപം? ഇതിനു പിന്നിലൊരു കഥയുണ്ട്. ഇംഗ്ലണ്ടിന്റെ പഴയകാലത്തെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ കഥ. അക്കാലത്ത് ഹെൻറി ഏഴാമൻ രാജാവ് അധികാരമേറ്റെടുത്തു. എന്നാൽ എഡ്വേഡ് നാലാമൻ രാജാവിന്റെ അനന്തരാവകാശി എന്ന നിലയിൽ ലാംബർട് സിനെൽ എന്ന പത്തുവയസ്സുകാരൻ കുട്ടിയെ അവതരിപ്പിച്ച് യോർക്കിസ്റ്റുകൾ (ഇംഗ്ലിഷ് രാജകുടുംബങ്ങളിലൊന്നായ ഹൗസ് ഓഫ് യോർക്കിനെ അനുകൂലിച്ചവർ) ആഭ്യന്തരയുദ്ധം നടത്തി. ഹെന്റിയുടെ ഭരണത്തിന്റെ ഭാവി ഇതോടെ അവതാളത്തിലാകുമെന്ന സ്ഥിതി വന്നു. അന്നു യോർക്കിസ്റ്റുകൾ തങ്ങളുടെ സൈനികകേന്ദ്രങ്ങളിലൊന്നായി ഈ കോട്ട ഉപയോഗിച്ചിരുന്നു. ഇതിന്റെ ഓർമയ്ക്കായാണ് ഇപ്പോഴും പയൽ ദ്വീപിൽ വ്യാജരാജാവിനെ വാഴിക്കുന്ന ചടങ്ങ് നിലനിൽക്കുന്നത്.

English Summary : Piel island in UK is looking for new king

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS