ചിലെയിൽ അന്യഗ്രഹ വാഹനങ്ങൾ സ്ഥിരം സന്ദർശിക്കുന്നു: തീരാത്ത നിഗൂഢത

HIGHLIGHTS
  • കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വസ്തു ചിലെയിൽ കാണപ്പെട്ടത്
ചിത്രത്തിന് കടപ്പാട് :  സമൂഹമാധ്യമം
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

സിഗാറിന്റെ ആകൃതിയിൽ, വെളുത്ത പ്രകാശം പുറത്തുവിട്ട് ചിലെ തലസ്ഥാനം സാന്തിയാഗോയ്ക്കു മുകളിൽ 2 മണിക്കൂറോളം അന്യഗ്രഹ പേടകമെന്നു സംശയിക്കുന്ന വസ്തു പറന്നതിനെക്കുറിച്ച് ഉത്തരം തേടുകയാണ് വിദഗ്ധർ. ഹ്യൂഗോ ഫ്രാൻസാനി (81) എന്ന ഫൊട്ടോഗ്രഫർ പകർത്തിയ, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വസ്തു ചിലെയിൽ കാണപ്പെട്ടത്. ഈ അഭ്യൂഹങ്ങളെല്ലാം ചിലെ എന്ന രാജ്യവും അന്യഗ്രഹ പേടകങ്ങളും തമ്മിലുള്ള ബന്ധം കൂടിയാണ് ഒരിക്കൽ കൂടി ശ്രദ്ധേയമാക്കുന്നത്.

അന്യകഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന സ്ഥിരീകരിക്കാത്ത പറക്കൽ വസ്തുക്കൾ (യുഎഫ്ഒ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ചിലെ. ഇത്തരം യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. യുഎഫ്ഒ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാനും സാധ്യതകൾ വിലയിരുത്താനും 1997ൽ സിഇഎഫ്എഎ എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗത്തിനു തന്നെ ചിലിയൻ സർക്കാർ തുടക്കമിട്ടിരുന്നു.

experts-are-trying-to-figure-out-what-caused-the-mysterious-cigar-shaped-object-over-santiago
Representative image. Photo Credits; IgorZh/ Shutterstock.com

ചിലെയുടെ ആദിമ സംസ്കാരങ്ങളിൽ പലതും അന്യഗ്രഹജീവനെക്കുറിച്ചു വിശ്വസിച്ചിരുന്നു. രാജ്യത്തുള്ള എൻലാഡ്രില്ലാഡോ എന്ന അഗ്നിപർവത മേഖല അന്യഗ്രഹ വാഹനങ്ങൾ ലാൻഡ് ചെയ്യാനായി ഉപയോഗിച്ചിരുന്നതാണെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. കജോൺ ഡെൽ മയ്പോ എന്ന മേഖല, എൽക്വി വാലി എന്ന താഴ്‌വര, പൈഹുവാന എന്ന നഗരം തുടങ്ങിയവയൊക്കെ അന്യഗ്രഹജീവികൾ സന്ദർശിക്കുന്ന സ്ഥലങ്ങളാണെന്ന് ആളുകൾ വിശ്വസിക്കുന്നു.

അന്യഗ്രഹ പേടകങ്ങളെ സംബന്ധിച്ച ഏറ്റവും പ്രശസ്തമായ സംഭവം 1998 ലാണ് സംഭവിക്കുന്നത്. ചിലെയിലെ കോക്വിംബോ നഗരത്തിനു സമീപമുള്ള മൊലാക്കാസ് കുന്നുകൾക്ക് സമീപം ഒരു അന്യഗ്രഹജീവി പേടകം തകർന്നു വീണെന്നു കുറേ നാട്ടുകാർ സർക്കാരിനെ അറിയിച്ചു. ഇതെപ്പറ്റി അന്വേഷിക്കാൻ ചിലിയൻ സൈന്യം നേരിട്ടിറങ്ങിയെന്നും തെളിവുകൾ പുറത്തുവിട്ടില്ലെന്നുമൊക്കെ അക്കാലത്ത് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഒന്നിനെക്കുറിച്ചും ഇന്നു തെളിവില്ല. 

ലോകത്തെല്ലായിടത്തും യുഎഫ്ഒകൾ എത്താറുണ്ടെന്നും സാന്ദ്രത കുറഞ്ഞ അന്തരീക്ഷവും, മലിനീകരണം കുറഞ്ഞ ആകാശവുമുള്ളതുകൊണ്ടാണ് ചിലെയിൽ ഇവ കൂടുതലായി കാണപ്പെടുന്നതെന്നും മറ്റു ചില ഗൂഢാലോചനാസിദ്ധാന്തക്കാർ പറയുന്നു. ചിലെയിലെ സാൻ ക്ലമന്റെ എന്ന മറ്റൊരു മേഖല ലോകത്തിന്റെ യുഎഫ്ഒ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് യുഎഫ്ഒകളാണ് ഇവിടെ ദൃശ്യമായിട്ടുള്ളതെന്നാണു പറച്ചിൽ. 2017ൽ യുഎഫ്ഒ എന്നു സംശയിക്കുന്ന ഒരു വാഹനത്തിന്റെ വിഡിയോ ദൃശ്യം ചിലിയൻ നേവി പുറത്തുവിട്ടിരുന്നു.

ചിലെയിൽ സ്ഥിതി ചെയ്ത ചില ഘടനകളും വിചിത്രരൂപങ്ങളുമൊക്കെ അന്യഗ്രഹജീവി ബന്ധത്തിന്റെ ഭാഗമായി പറയാറുണ്ട്. അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന സാവ്യ എന്ന കൽഘടനകൾ സൂര്യപഥത്തെ കാണിക്കുന്നവയായിരുന്നു. ഇത്രയും ബുദ്ധിപരമായ ഘടനകൾ അക്കാലത്ത് ജീവിച്ചിരുന്നവർക്ക് സാധ്യമല്ലായിരുന്നെന്നും അതിന്റെ സാങ്കേതികവിദ്യ അന്യഗ്രഹജീവികളാണ് ഇവർക്കു നൽകിയതെന്നും വാദിക്കുന്നവരുണ്ട്. ചിലെയിലെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാര മേഖലയാണ് ഈസ്റ്റർ ദ്വീപ്. ഇവിടെ 30 അടി വരെ പൊക്കമുള്ള ഭീമാകാരമായ പാറയിൽ തീർത്ത ശിൽപരൂപങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. 80,000 കിലോ വരെ ഭാരമുള്ള ഈ ശിലാരൂപങ്ങൾ ഇവിടെ താമസിച്ചിരുന്ന ആദിമമനുഷ്യർക്ക് എങ്ങനെ തീരത്തിനടുത്ത് എത്തിക്കാനായെന്നത് ഇന്നും ചർച്ചകൾ നടക്കുന്ന ചോദ്യമാണ്. ഇതും അന്യഗ്രഹജീവികളുടെ വേലയാണെന്നു പറയുന്നവരുണ്ട്.

യഥാർഥത്തിൽ ചിലെയിൽ അന്യഗ്രഹജീവികൾ വരുന്നുണ്ടോ? ആർക്കും കൃത്യമായി അറിയില്ല. ഒരു ചുരുളഴിയാ രഹസ്യമായി ഇന്നും അതു നിലനിൽക്കുന്നു.

English Summary : Experts are trying to figure out what caused the mysterious cigar shaped object over Santiago

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA