ADVERTISEMENT

ലോകത്തിന്റെ യുഎഫ്ഒ തലസ്ഥാനമെന്നാണു ചിലെ അറിയപ്പെടുന്നത്. ലോകത്ത് പലയിടത്തും സ്ഥിരീകരിക്കാനാകാത്ത വ്യോമവസ്തുക്കളെ കണ്ടെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്. ഇതിൽ പലതും അന്യഗ്രഹജീവികളാണെന്ന് അഭ്യൂഹങ്ങളും പരക്കാറുണ്ട്. ഇത്തരം കണ്ടെത്തലുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു തെക്കൻ അമേരിക്കൻ രാജ്യമായ ചിലെ. മാത്രമല്ല അവിടത്തെ ആറ്റക്കാമ മരുഭൂമിയിൽ ലോക പ്രശസ്തമായ സ്പേസ് ഒബ്സർവേറ്ററികൾ നിലനിൽക്കുന്നു. എല്ലാംകൊണ്ടും അന്യഗ്രഹജീവികളെക്കുറിച്ചുള്ള ദുരൂഹതാ സിദ്ധാന്തക്കാർക്ക് വളരെയേറെ ഇഷ്ടപ്പെട്ട രാജ്യമാണു ചിലെയെന്നു നിസ്സംശയം പറയാം.

 

ഇത്തരം അഭ്യൂഹങ്ങൾക്ക് അഗ്നി പടർത്തിയ സംഭവമായിരുന്നു 2003ൽ ചിലെയിൽ നടന്നത്. അന്ന് ആറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ലാ നോറിയ എന്ന ഒരു പട്ടണത്തിൽ നിന്നു വളരെ വിചിത്രരൂപമുള്ള ഒരു അസ്ഥികൂടം ഓസ്കർ മുനോസ് എന്ന വ്യക്തി കണ്ടെത്തി. ഒട്ടേറെ ഖനികളുള്ള ഒരു പട്ടണമാണു ലാ നോറിയ.

 

researchers-finally-solve-mystery-of-atacama-alien-skeleton
ചിത്രത്തിന് കടപ്പാട്: യുട്യൂബ്

വെറും ആറിഞ്ചു വലുപ്പമുള്ള അസ്ഥികൂടത്തിനു സിനിമയിലും മറ്റും കാണുന്ന ഏലിയൻ കഥാപാത്രങ്ങളോട് വളരെയേറെ സാമ്യമുണ്ടായിരുന്നു. കണ്ടെത്തിയത് ചിലെയിലും കൂടിയായതോടെ ഈ അസ്ഥികൂടത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സിദ്ധാന്തങ്ങളും ചൂടപ്പം പോലെ പ്രചരിച്ചു.

യുഎഫ്ഒ സിദ്ധാന്ത പ്രചാരകനായ സ്റ്റീവൻ ഗ്രീർ, കണ്ടെത്തിയ അസ്ഥികൂടം ഏലിയനാണെന്നു പ്രഖ്യാപിച്ചു. ആറ്റ എന്നു വിളിപ്പേരിട്ട ഈ അസ്ഥികൂടത്തെ പശ്ചാത്തലമാക്കി സിനിമകൾ പോലും വന്നു. 

 

ഈ കോലാഹലങ്ങളെല്ലാം സ്റ്റാൻഫഡ് സർവകലാശാലാ ജനിതകശാസ്ത്രജ്ഞനായ ഗാരി നോലൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആറ്റയിൽ പഠനങ്ങൾ നടത്തി. ജനിതകപ്രശ്നങ്ങളുമായി ജനിച്ച് ആറാം വയസ്സിൽ മരിച്ചുപോയ ഒരു മനുഷ്യക്കുട്ടിയുടെ അസ്ഥികൂടമാണ് ഇതെന്നായിരുന്നു ഗാരിയുടെ കണ്ടെത്തൽ.

ഒരുപാടുകാലം പഴക്കമുള്ളതാണ് അസ്ഥികൂടമെന്ന് ആദ്യം കരുതപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങളിൽ ഇതിന് അത്ര പഴക്കമില്ലയെന്നും എഴുപതുകളിൽ നിന്നുള്ളതാണ് ഇതെന്നും തെളിഞ്ഞു.റഷ്യയിലെ ചെല്യബിൻസ്ക് എന്ന പ്രവിശ്യയിൽ നിന്ന് അല്യോഷിങ്ക എന്ന പേരിലും ഇതുപോലുള്ള ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. 1996ൽ ആയിരുന്നു ഇത്.

 

English summary : Researchers finally solve mystery of Atacama alien skeleton 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com