ഗോൾഡ്ഫിഷിനെക്കൊണ്ട് വാഹനമോടിപ്പിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ !

HIGHLIGHTS
  • കൈകാലുകളൊന്നുമില്ലാത്ത ഗോൾഡ് ഫിഷ് എങ്ങനെ വണ്ടിയോടിക്കും
scientists-taught-goldfish-to-drive-in-israel
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

വാഹനങ്ങൾ ഇന്നത്തെ സമൂഹത്തിൽ വളരെ അത്യന്താപേക്ഷിതമായ വസ്തുക്കളാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യം. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു പോകാൻ നമുക്ക് വാഹനങ്ങൾ വേണം. വാഹനമോടിക്കാൻ അറിയുക എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും ആവശ്യമുള്ള ഒരു നൈപുണ്യമാണ്. എന്നാൽ വളരെ ആശ്ചര്യമുളവാക്കുന്ന ഒരു വാഹനമോടിപ്പിക്കൽ നടന്നിരിക്കുകയാണ്. ഇവിടെയല്ല, അങ്ങ് ഇസ്രയേലിൽ. നമ്മുടെ അക്വേറിയങ്ങളിലും മറ്റും സ്ഥിരം കാഴ്ചയായ സ്വർണമത്സ്യം അഥവാ ഗോൾഡ്ഫിഷിനെ കൊണ്ടാണു ശാസ്ത്രജ്ഞർ വാഹനം ഓടിപ്പിച്ചിരിക്കുന്നത്. എന്നാലും അതെങ്ങനെ സാധിക്കും. കൈകാലുകളൊന്നുമില്ലാത്ത ഗോൾഡ് ഫിഷ് എങ്ങനെ വണ്ടിയോടിക്കും?

ഇസ്രയേലിലെ ബീർഷെബ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ സർവകലാശാലയാണു ബെൻ ഗുരിയോൻ യൂണിവേഴ്‌സിറ്റി. ശാസ്ത്ര- സാങ്കേതിക ഗവേഷണങ്ങൾ ധാരാളം നടക്കുന്ന ഈ സർവകലാശാലയിലെ ഗവേഷകരാണ് ഈ നടക്കാത്ത കാര്യം നടപ്പിലാക്കിയത്. ഫിഷ് ഓപ്പറേറ്റഡ് കാർ എന്നു പേരിട്ടിരിക്കുന്ന ഒരു റോബട്ടിക് കാർ ഇവർ വികസിപ്പിച്ചെടുത്തു. ഇതിൽ ലിഡാർ എന്നു പേരുള്ള ഒരു സാങ്കേതികവിദ്യയും ഘടിപ്പിച്ചു. സ്വയം ഓടിക്കുന്ന കാറിനെപ്പറ്റിയൊക്കെ അടുത്തകാലത്തു കേട്ടിട്ടുണ്ടാകുമല്ലോ. അതിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണു ലിഡാർ. ലേസർ സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ലിഡാർ മീനിന്റെ ചലനങ്ങൾക്കനുസരിച്ച് നീങ്ങാൻ കാറിനു കരുത്ത് നൽകും. ഇതോടൊപ്പം തന്നെ ക്യാമറകൾ, അത്യാധുനിക ഇലക്ട്രിക് മോട്ടറുകൾ, എളുപ്പം ചലിക്കുന്ന വീലുകൾ എന്നിവയും മീനിനു കാറിനെ നീക്കാനുള്ള നിയന്ത്രണമൊരുക്കും.

ഈ കാറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫിഷ്ടാങ്കിനുള്ളിലാണു മീനുകളെ ഇട്ടിരിക്കുന്നത്. മീൻ നീങ്ങുന്നതിനനുസരിച്ച് കാറും നീങ്ങും. ആദ്യം ഇട്ടപ്പോൾ ഗോൾഡ്ഫിഷ് കൺഫ്യൂഷനിലാകുകയും തോന്നിയതു പോലെ നീന്തുകയും ചെയ്തു. കാറും അതിനനുസരിച്ച് നീങ്ങി. എന്നാൽ പതിയ മീനിനു ടെക്‌നിക്കു പിടികിട്ടി. താൻ ചലിക്കുന്നതിനനുസരിച്ച് തന്നെയിട്ടിരിക്കുന്ന സംവിധാനവും ചലിക്കുന്നുണ്ടെന്ന് അതിനു മനസ്സിലാകുകയും അതിനനുസരിച്ചു നീങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതോടെ കാറിന്റെ നിയന്ത്രണം ഗോൾഡ് ഫിഷ് ഏറ്റെടുത്തെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശാസ്ത്രജ്ഞർ നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്കു ഇവ വണ്ടിയോടിച്ചെത്തി. വിജയിച്ചവയ്ക്കു പ്രത്യേകഭക്ഷണവും പ്രോത്സാഹനമായി ശാസ്ത്രജ്ഞർ നൽകി.

ആറു ഗോൾഡ് ഫിഷ് മത്സ്യങ്ങളെ ഇത്തരത്തിൽ ഡ്രൈവിങ് പരിശീലിപ്പിച്ചെടുത്തെന്നു ശാസ്ത്രജ്ഞർ പറയുന്നു. വളരെ ഗംഭീരമായി വണ്ടിയോടിക്കുന്നവരും, കുഴപ്പമില്ലാതെ ഓടിക്കുന്നവരും മോശം രീതിയിൽ ഓടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യരല്ലാത്ത ജീവജാലങ്ങൾക്കും ഡ്രൈവിങ് പോലുള്ള നിയന്ത്രിത സംവിധാനങ്ങൾ വഴങ്ങുമെന്നതിനു തെളിവായാണു ഗവേഷണത്തെ ശാസ്ത്രജ്ഞർ ഉയർത്തിക്കാട്ടുന്നത്.

English Summary : Scientists taught goldfish to drive in Isreal

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS