ADVERTISEMENT

അമേലിയ ഇയർഹാർട്ട്...ലോകത്തിൽ ഈ പേരു കേൾക്കാത്തവർ വളരെ ചുരുക്കമാകും. ലോകത്തെ ഏറ്റവും പ്രശസ്തയായ വൈമാനികകളിലൊരാളാണ് അമേലിയ. പുരുഷൻമാർ പോലും സ്വപ്നജോലിയായി അന്ന് പരിഗണിച്ചിരുന്ന വിമാനം പറത്തലിൽ തന്റെ ഇച്ഛാശക്തി കൊണ്ട് അടയാളപ്പെടുത്തൽ നടത്തിയ വനിത. എന്നാൽ 85 വർഷം മുൻപ് താൻ നടത്തിയ ഒരു വിമാനയാത്രയ്ക്കൊടുവിൽ അവർ മറയുകയാണുണ്ടായത്. ഒരുപിടി അഭ്യൂഹങ്ങളും ദുരൂഹതാ സിദ്ധാന്തങ്ങളും അവശേഷിപ്പിച്ചുകൊണ്ട്.

 

അവർ ഒരു അമേരിക്കൻ ചാരവനിതയായിരുന്നെന്നും തന്റെ വിമാനത്തിൽ ക്യാമറകളുറപ്പിച്ചിരുന്നെന്നും അതിനാൽ ജപ്പാൻ അവരെ കൊലപ്പെടുത്തിയെന്നും അതല്ല, അവർ ദ്വീപിൽ ഒറ്റപ്പെട്ട് അവിടെ മരിച്ചെന്നും തുടങ്ങി ഒട്ടേറെ കഥകൾ അമേലിയയുടെ മറയലുമായുണ്ട്. ലോകചരിത്രത്തിലെ വിചിത്രമായ വിമാന സംഭവങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് അമേലിയയുടെ കാണാതാകൽ. ഒറ്റയ്‌ക്കൊരു വിമാനത്തിൽ അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയ ആദ്യ വനിതയാണ് അമേലിയ. 1932 മേയ് 20നായിരുന്നു ആ സാഹസിക യാത്ര. 1935 ജനുവരി 12നു ഹവായിയിലെ ഹോണോലുലുവിൽ നിന്നു കലിഫോർണിയയിലെ ഓക്ക്‌ലൻഡിലേക്ക് അവർ പറന്നു. പസിഫിക് സമുദ്രം ഒറ്റയടിക്കു താണ്ടി ആരെങ്കിലുമൊരാൾ ഒറ്റയടിക്കു പറന്നത് അന്നാദ്യമായിരുന്നു. ഈ പറക്കലിന്റെ വാ‍ർഷികമാണ് ഇന്ന്.

 

യുഎസിലെ കൻസാസിലുള്ള ഹച്ചിൻസണിൽ 1897ലാണു അമെലിയ ജനിച്ചത്. ഇരുപത്തിനാലു വയസ്സുള്ളപ്പോൾ തന്നെ അവർ വൈമാനികവൃത്തി തന്റെ തൊഴിലായി തിരഞ്ഞെടുത്തു. അന്നത്തെകാലത്ത് തികച്ചും ധീരോദാത്തമായ ഒരു പ്രവൃത്തിയായിരുന്നു ഇത്. 1928ലായിരുന്നു പൈലറ്റായുള്ള അമേലിയയുടെ ആദ്യ പ്രശസ്തമായ പറക്കൽ. എന്നാൽ ഈ യാത്രയിൽ അവർ വിമാനം ഓടിച്ചിരുന്നില്ല. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്നു ബ്രിട്ടനിലെ വെയ്ൽസിലേക്കായിരുന്നു ഈ യാത്ര.

 

mystery-behind-disappearance-of-amelia-earhart
അമേലിയ ഇയർഹാർട്ട്.. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

∙അവസാന യാത്ര

 

ഭൂമിചുറ്റി പ്രദക്ഷിണം വയ്ക്കണമെന്ന തന്റെ സ്വപ്നം സഫലമാക്കാനായി 1937 ജൂലൈ രണ്ടിന് ഫ്രെഡ് നൂനാൻ എന്ന സഹപൈലറ്റിനൊപ്പം അമേലിയ യാത്ര തുടങ്ങി. ലോക്‌ഹീഡ് ഇലക്‌ട്ര എന്ന വിമാനമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. നയ് ഗിനിയിലെ ലേയിൽ നിന്നായിരുന്നു  ഇവർ യാത്ര തുടങ്ങിയത്. മധ്യ പസിഫിക് മഹാസമുദ്രത്തിലെ ഹോവ്‌ലാൻഡ് ദ്വീപിലെത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനായി ഇറ്റാസ്ക എന്ന യുഎസ് കോസ്റ്റ്‌ഗാർഡ് കപ്പലും അവിടെ കിടപ്പുണ്ടായിരുന്നു. 

 

എന്നാൽ അമേലിയയുടെ വിമാനം ഹോവ്‌ലാൻഡ് ദ്വീപിലെത്തിയില്ല. ഇറ്റാസ്കയ്ക്ക് അവരെ കണ്ടെത്താനുമായില്ല.തുടർന്ന് ഒരു വമ്പൻ തിരച്ചിൽ ഇവരെ കണ്ടെത്തുന്നതിനായി നടത്തി. യുഎസ് നാവിക സേനയും കോസ്റ്റ്ഗാർഡും രണ്ടരലക്ഷം ചതുരശ്രമൈലുകളോളം സമുദ്രമേഖല അരിച്ചുപെറുക്കി തിരഞ്ഞു.പക്ഷേ ഒന്നും കിട്ടിയില്ല.1939 ജനുവരി 18ന് ഒരു യുഎസ് കോടതി അമേലിയ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചു.

 

∙ അമേലിയയ്ക്ക് എന്തുപറ്റി?

 

ദുരൂഹതകളുടെ ഒരു സമുദ്രമാണ് പിന്നീട് ഉയർന്നുപൊങ്ങിയത് അമേലിയയ്ക്ക് എന്തുപറ്റിയെന്നതിനെക്കുറിച്ച് കഥകളും സിദ്ധാന്തങ്ങളും പ്രചരിച്ചു. ഹോവ്‌ലാൻഡ് ദ്വീപുകളിൽ എത്തിപ്പെടാൻ കഴിയാഞ്ഞപ്പോൾ അമേലിയ വിമാനം തെക്കോട്ട് തിരിച്ച് കിരിബാറ്റിയെന്ന രാജ്യത്തിന്റെ ഭാഗമായുള്ള നികുമാറോറോ എന്ന ദ്വീപിൽ എത്തിച്ചെന്നായിരുന്നു ഒരു സിദ്ധാന്തം. കുറേക്കാലം അവിടെ ജീവിച്ച് പട്ടിണയുടെ ഫലമായി അമേലിയയും സഹപൈലറ്റും മരിച്ചിരിക്കാമെന്നായിരുന്നു അഭ്യൂഹം. ഈ സിദ്ധാന്തം ശരിയാണോയെന്ന് അറിയാനായി യുഎസ് നേവി നികുമാറോറോ ദ്വീപിനു മുകളിലൂടെ വിമാനങ്ങൾ പറപ്പിച്ചു. എന്നാൽ അമേലിയയേയോ വിമാനത്തേയോ കണ്ടെത്താനായില്ല. ആൾപ്പാർപ്പില്ലാത്ത ദ്വീപിൽ അടുത്തിടെ ആരോ താമസിച്ചതിന്റെ ചില്ലറ തെളിവുകൾ കണ്ടെന്ന് നേവി റിപ്പോർട്ട് ചെയ്തിരുന്നു. 1940ൽ ബ്രിട്ടിഷ് നേവി ഇവിടെ നിന്നു ഒരു അസ്ഥികൂടം കണ്ടെത്തി. യൂറോപ്യൻ, അമേരിക്കൻ വംശപാരമ്പര്യമുള്ള ഒരു സ്ത്രീയുടേതായിരുന്നു ആ അസ്ഥികൂടമെന്നായിരുന്നു നിഗമനം. ഇത് ഇയർഹാർട്ടിന്റേതാണെന്ന് ശക്തമായ അഭ്യൂഹങ്ങൾ അക്കാലത്തുണ്ടായിരുന്നു.

 

മറ്റൊന്ന് അമേലിയയും സഹപൈലറ്റും മാർഷൽ ദ്വീപെന്ന ഒരു പസിഫിക് ദ്വീപിലെത്തിയെന്നുള്ള സിദ്ധാന്തമാണ്. മാർഷൽ ദ്വീപ് അന്ന് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്നു. ദ്വീപിലെത്തിയ ഇവരെ ജാപ്പനീസ് സേന കസ്റ്റഡിയിലെടുത്തെന്നും പിന്നീട് ഇവരെ കൊലപ്പെടുത്തിയെന്നുമാണ് സിദ്ധാന്തം പറയുന്നത്. മാർഷൽ ദ്വീപുനിവാസികൾക്കിടയിൽ, അമേരിക്കയിൽ നിന്ന് തങ്ങളുടെ ദ്വീപിലെത്തിയ ഒരു വനിതയപ്പറ്റി കഥ പ്രചരിച്ചിരുന്നെന്നും ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. ചിലർ അമേലിയ ഒരു ചാരവനിതയായിരുന്നെന്നും സിദ്ധാന്തമിറക്കി. തന്റെ ലോകം ചുറ്റി പറക്കലിലൂടെ ജപ്പാന്റെ സേനാവിന്യാസത്തിന്റെ വിവരങ്ങളെടുക്കുകയായിരുന്നു ഇവരുടെ യാഥാർഥ ലക്ഷ്യമെന്നും ഇതിൽ കുപിതരായതുകൊണ്ടാണ് ജാപ്പനീസ് സേന ഇവരെ കൊലപ്പെടുത്തിയതെന്നും പറയുന്നവരുണ്ട്. എന്നാൽ ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്. യാതൊരു തെളിവുകളും ഇതെക്കുറിച്ച് കിട്ടിയിട്ടില്ല. എന്നാൽ ജപ്പാൻകാർ അമേലിയയെ കൊന്നില്ലെന്നും അതിനു മുൻപ് യുഎസ് ഇവരെ രക്ഷിച്ച് പുതിയൊരു പേരും വ്യക്തിത്വവും നൽകി മാറ്റിപ്പാർപ്പിച്ചെന്നും മറ്റു ചിലർ പറയുന്നു. ന്യൂജഴ്സിയിലുണ്ടായിരുന്ന ഐറിൻ ബോലാം എന്ന വനിത അമേലിയയായിരുന്നെന്നാണ് ഇവരിൽ ചിലരുടെ വാദം.

യഥാർഥത്തിൽ അമേലിയയ്ക്ക് എന്തു പറ്റി? എട്ടര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അതൊരു ചുരുളഴിയാ രഹസ്യമായി നിലനിൽക്കുന്നു.

 

English Summary : Mystery behind disappearance of Amelia Earhart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com