ADVERTISEMENT

ഭൂമിയിൽ നിന്ന് 1800 പ്രകാശവർഷമകലെ ഹെർക്കുലീസ് എന്ന താരാപഥത്തിൽ ഉരുളക്കിഴങ്ങിന്റെ ആകൃതിയിൽ ഒരു ഗ്രഹം. വാസ്പ് 103 ബി എന്നു പേരിട്ടിരിക്കുന്ന ഗ്രഹം വാസ്പ് 103 എന്ന നക്ഷത്രത്തെ ചുറ്റി ഭ്രമണം ചെയ്യുന്നതാണ്, നമ്മുടെ ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുന്നതുപോലെ. വാസ്പ് 103 നക്ഷത്രം സൂര്യനേക്കാൾ വലുതും കൂടുതൽ പിണ്ഡമുള്ളതുമാണ്.നമ്മുടെ സൗരയൂഥത്തിലെ ഗ്രഹമായ വ്യാഴത്തെപ്പോലെ ഘടനയുള്ള ഈ ഗ്രഹത്തിനു കട്ടിയേറിയ കോർ എന്ന ഉൾക്കാമ്പും അതെച്ചുറ്റി വാതകരൂപത്തിൽ പുറംകാമ്പുമാണുള്ളത്. വ്യാഴത്തിന്റെ ഒന്നരയിരട്ടിയാണത്രേ ഈ പുതിയ പുറംഗ്രഹത്തിന്റെ വലുപ്പം.

സൂര്യനും ഭൂമിയും തമ്മിൽ അത്യാവശ്യം അകലമുണ്ടല്ലോ, എന്നാ‍ൽ വാസ്പ് 103 ബി അതിന്റെ നക്ഷത്രത്തോട് വളരെ അടുത്താണു സ്ഥിതി ചെയ്യുന്നത്. സാധാരണ ഗ്രഹങ്ങൾക്കുള്ള ആകൃതിയിൽ നിന്നു വിഭിന്നമായ ആകൃതിയാണ് ഈ ഗ്രഹത്തെ വളരെ ശ്രദ്ധേയമാക്കുന്നത്. ഈ ആകൃതിക്കു കാരണം അകലം കുറവായതിനാൽ നക്ഷത്രത്തിന്റെ ഗുരുത്വാകർഷണബലം ഗ്രഹത്തിൽ ഏർപ്പെടുത്തുന്ന സ്വാധീനമാണെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

അൾട്രാ ഷോർട്ട് പീരിയഡ് പ്ലാനറ്റ് എന്ന വിഭാഗത്തിൽ പെടുന്നതാണ് വാസ്പ് 103 ബി. ഭൂമി 365 ദിവസമെടുത്താണു സൂര്യനെ ചുറ്റുന്നതെങ്കിൽ വാസ്പ് 103 ബി വെറും 22 മണിക്കൂറുകൾ കൊണ്ടാണ് നക്ഷത്രത്തെ ചുറ്റിവരുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസി വിട്ട ചിയോപ്സ് ദൗത്യം, സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ് എന്നിവയുപയോഗിച്ചാണു വാസ്പ് ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതു പ്രദക്ഷിണം ചെയ്യുന്ന നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോൾ പ്രകാസത്തിനു സംഭവിക്കുന്ന മങ്ങൽ കണക്കാക്കിയാണ് നക്ഷത്രങ്ങളുടെ വലുപ്പം കണ്ടെത്തുന്നത്.

വാസ്പ് ഗ്രഹത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞന്മാർ. ഗ്രഹത്തിന്റെ ആന്തരിക ഘടന, അന്തരീക്ഷം എന്നിവയെപ്പറ്റി സമഗ്രമായി പഠിക്കും. ഇപ്പോൾ നാസ വിട്ടിരിക്കുന്ന ജയിംസ് വെബ് എന്ന ടെലിസ്കോപ്പും ഇക്കാര്യത്തിൽ സഹായകരമാകുമെന്നാണു ശാസ്ത്രജ്ഞരുടെ വിശ്വാസം. സൗരയൂഥത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റ് അഥവാ പുറംഗ്രഹങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. 1992ലാണ് ആദ്യമായി ഒരു പുറംഗ്രഹത്തെ കണ്ടെത്തിയത്. ഇതുവരെ 4905 എക്സോപ്ലാനറ്റുകളെ പ്രപഞ്ചത്തിൽ വിവിധയിടങ്ങളിലായി കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞിട്ടുണ്ട്. വരുംവർഷങ്ങളിൽ കൂടുതൽ ഗ്രഹങ്ങളെയും അവയുടെ സവിശേഷതകളെയും മനുഷ്യരാശി കണ്ടെത്തിയേക്കും.

 

English Summary :  Potato shaped planet discovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com