ADVERTISEMENT

വിഭിന്ന ജീവി കുടുംബങ്ങളോ, ജനുസ്സുകളോ, സ്പീഷീസുകളോ തമ്മിലുള്ള സങ്കലനം വഴി ജനിക്കുന്ന ജീവികളാണ് സങ്കരജീവികൾ. സിംഹവും കടുവയും തമ്മിലുള്ള ക്രോസായ ലൈഗർ, കഴുതയും കുതിരയും തമ്മിലുള്ള ക്രോസായ കോവർ കഴുത എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

എന്നാൽ ഇത്തരം ഹൈബ്രിഡുകളിൽ ഏറ്റവും പഴക്കമേറിയവയുടെ അവശിഷ്ടങ്ങൾ സിറിയയിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ്.കുംഗകൾ എന്നാണ് ഈ ഹൈബ്രിഡ് ജീവികളുടെ പേര്. 4500 വർഷം പഴക്കമുള്ള അവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് സിറിയ ഭാഗമായിരുന്നു മെസപ്പൊട്ടേമിയൻ നാഗരികതയാണ് കുംഗകളെ ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അക്കാലത്ത് കുതിരകൾ മേഖലയിൽ പ്രചാരത്തിലായിരുന്നില്ല. നാട്ടുകഴുതകളുടെയും കാട്ടുകഴുതകളുടെയും സങ്കരമായിരുന്ന ഇവയെ കുതിരകൾക്കു പകരം രഥത്തിൽ പൂട്ടിയിരുന്നു. അത്ര ശക്തരായ മൃഗങ്ങളായിരുന്നു കുംഗ.

 

സിറിയയിലെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉം എൽമാറ എന്ന സ്ഥലത്തു നിന്നാണു ഇവയുടെ അസ്ഥികൂടങ്ങളടങ്ങിയ അവശേഷിപ്പുകൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പാരിസിലുള്ള ശാസ്ത്രജ്ഞരാണ് ഇവയിൽ പഠനങ്ങൾ നടത്തിയത്. സങ്കരയിനം ജീവികളെ ഉണ്ടാക്കാനുള്ള ആദ്യ മനുഷ്യശ്രമമായിരുന്നു കുംഗകളെന്ന് ഇവർ പറയുന്നു.

 

കഴുതകളെക്കാൾ ശക്തിയും വേഗവും കൂടിയ കുംഗകൾ രഥങ്ങളും വണ്ടികളും നന്നായി വലിച്ചിരുന്നു. യുദ്ധത്തിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത്രയും ഉപകാരങ്ങളുള്ളതിനാൽ ആദിമ മെസപ്പൊട്ടേമിയയിൽ ഇവയ്ക്കു വിലയും കൂടുതലായിരുന്നു. ഒരു കഴുതയെ വാങ്ങുന്നതിന്റെ ആറിരട്ടി പണം വേണമായിരുന്നു ഒരു കുംഗയെ വാങ്ങുവാൻ. രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും രഥങ്ങളിലായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

ഇന്നത്തെ കാലത്തെ ഇറാഖ്, സിറിയയുടെ ഭാഗങ്ങൾ, തുർക്കിയുടെ ഭാഗങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു ആദിമകാല മെസപ്പൊട്ടേമിയ.

 

English Summary : World’s first hybrid animal mystery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com