നേതാജി രക്ഷപ്പെട്ടിരുന്നോ? യുപിയിലെ ഗുംനാമി ബാബ അദ്ദേഹം തന്നെയായിരുന്നോ?

HIGHLIGHTS
  • ഗുംനാമിയെന്ന പേരിനർഥം അജ്ഞാതനെന്നാണ്
was-gumnami-baba-really-subhash-chandra-bose-mystery
നേതാജി സുഭാഷ് ചന്ദ്രബോസ്, ഗുംനാമി ബാബ
SHARE

ഇന്ത്യയുടെ വീരപുത്രനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷിക ദിനമാണ് കടന്നുപോയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായങ്ങളിലൊന്നായിരുന്നു സമാനതകളില്ലാത്ത സാഹസികതകൾ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം. ഒടുവിൽ 1945 ഓഗസ്റ്റ് 18നു നിഗൂഢതകളും ചോദ്യങ്ങളും അവശേഷിപ്പിച്ച് അദ്ദേഹം വിമാനാപകടത്തിൽപെടുകയും തായ്‌വനിലെ തായ്പേയി നഗരത്തിലെ സൈനിക ആശുപത്രിയിൽ അദ്ദേഹം അന്തരിക്കുകയും ചെയ്തെന്നു ചരിത്രം പറയുന്നു. ജപ്പാനിലെ ടോക്കിയോയിലുള്ള റിങ്കോജി ബുദ്ധ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നു.

എന്നാൽ ഒരു വിഭാഗം ആളുകൾ നേതാജിയുടെ മരണത്തെ അംഗീകരിക്കാൻ തയാറായിരുന്നില്ല. ബ്രിട്ടിഷുകാരിൽ നിന്നു വിദഗ്ധമായി രക്ഷപ്പെട്ട് അദ്ദേഹം ജീവിച്ചെന്ന് അവർ വിശ്വസിച്ചു. നേതാജിയുടെ പിൽക്കാല ജീവിതത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളും കഥകളുമിറങ്ങി. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായിരുന്നു ഗുംനാമി ബാബയുടെ കഥ.

എഴുപതുകളിൽ യുപിയിൽ പ്രത്യക്ഷപ്പെട്ട ഒരു സന്യാസിയായിരുന്നു ഗുംനാമി ബാബ. സംസ്ഥാനത്തെ നൈമിഷാരണ്യം, ബസ്തി, അയോധ്യ, ഫൈസാബാദ് തുടങ്ങിയിടങ്ങളിൽ അദ്ദേഹം ജീവിച്ചു. തന്റെ വ്യക്തിത്വത്തെക്കുറിച്ച് അപാരമായ സ്വകാര്യത പുലർത്തിയിരുന്ന ഗുംനാമി ബാബ ഇടയ്ക്കിടെ തന്റെ താമസസ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഒട്ടേറെ ശിഷ്യൻമാരും അനുയായികളും അദ്ദേഹത്തിനുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും വളരെ ചുരുക്കം ആളുകളെ മാത്രം കാണാനേ അദ്ദേഹം തയാറായിരുന്നുള്ളൂ. ഇക്കൂട്ടത്തിൽ സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഐഎൻഎയുടെ മുൻ പ്രവർത്തകരുമുണ്ടായിരുന്നു.

1985 സെപ്റ്റംബർ 16ന് താൻ രണ്ടുവർഷമായി താമസിച്ച ഫൈസാബാദിലെ രാംഭവൻ എന്ന ഗൃഹത്തിൽവച്ച് ഗുംനാമി ബാബ സമാധിയായി. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ശിഷ്യരിൽ പലരും അറിഞ്ഞതു പോലും ഒരു മാസത്തിനു ശേഷമായിരുന്നു.

2020ൽ യുപി സർക്കാ‍ർ നിയോഗിച്ച കമ്മിഷൻ ഗുംനാമി ബാബ, സുഭാഷ് ചന്ദ്രബോസല്ലെന്നു വെളിപ്പെടുത്തി. മറ്റൊരു കമ്മിഷനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. നേതാജിയുടെ പിന്തുടർച്ചക്കാരായ കുടുംബാംഗങ്ങളിൽ പലരും ഇതേ അഭിപ്രായം പുലർത്തിയിരുന്നു.

ഗുംനാമി ബാബ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഒട്ടേറെ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇംഗ്ലിഷിലും ബംഗാളിയിലും ഹിന്ദിയിലുമുള്ള ഒട്ടേറെ പുസ്തകങ്ങൾ ഇക്കൂട്ടത്തിൽപ്പെടും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ അപൂർവ കുടുംബചിത്രങ്ങളും ഇവയിലുണ്ടായിരുന്നു. ഇത്തരം വസ്തുക്കളെല്ലാം ഗുംനാമി ബാബ സുഭാഷ് ചന്ദ്രബോസാണെന്ന അഭ്യൂഹത്തിന് ബലം നൽകിയവയാണ്. 

ശരിക്കും ആരായിരുന്നു ഗുംനാമി ബാബ? ഗുംനാമിയെന്ന പേരിനർഥം അജ്ഞാതനെന്നാണ്. പേരു പോലെ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം അജ്ഞാതമായി തുടരുന്നു.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA